പൂളക്കുന്നില്‍ വീണ്ടും കാട്ടാനയിറങ്ങി
മേപ്പാടി: എരുമക്കൊല്ലി പൂളക്കുന്ന് കാട്ടുനായ്ക്ക കോളനിയില്‍ വീണ്ടും കാട്ടാനയിറങ്ങി. വന്‍ കൃഷിനാശമാണ് ആനകള്‍ ഉണ്ടാക്കിയത്. കോളനിയിലെ കുഞ്ഞി, രാമന്, അമ്മിണി, സരസ്വതി എന്നിവരുടെ കൃഷിയിടത്തിലാണ് ആന നാശം വിതച്ചത്.
തെങ്ങ്, വാഴ, കവുങ്ങ്, കാപ്പി തുടങ്ങിയ കാര്‍ഷിക വിളകളാണ് ഒറ്റയാന്റെ പരാക്രമത്തില്‍ നശിച്ചത്. നേരമിരുട്ടുമ്പോള്‍ കാടിറങ്ങുന്ന ആന നേരം വെളുത്താലും തിരിച്ചുപോകാത്ത അവസ്ഥയാണ്. എളമ്പിലേരി വനത്തില്‍ നിന്നാണ് ആനകള്‍ കൂട്ടമായും ഒറ്റയായും കോളനിയിലേക്കും പരിസര പ്രദേശങ്ങളിലും ഇറങ്ങുന്നത്. ആനശല്ല്യം കാരണം പ്രദേശത്തുകാര്‍ക്ക് ജീവിതം ദുസഹമായിരിക്കുകയാണ്. കോളനിക്ക് ചുറ്റും ഇലക്ട്രിക് ഫെന്‍സിങ് സ്ഥാപിക്കണമെന്ന കോളനിക്കാരുടെ ആവശ്യം വനംവകുപ്പ് ഇതുവരെയും പരിഗണിച്ചിട്ടില്ല. കൈവശരേഖ മാത്രമുള്ള ഭൂമിയായതിനാല്‍ കൃഷിക്ക് നഷ്ടപരിഹാരം കിട്ടാറില്ല. വന്യമൃഗശല്ല്യം കാരണം കോളനിക്കാര്‍ കൃഷി ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."