കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സംസ്ഥാന വൈദ്യതി ഉപഭോഗം കുതിക്കുന്നു, 100 ദശലക്ഷം യൂണിറ്റ് കടന്നു, സര്‍വ്വകാല റെക്കോര്‍ഡ്
തൊടുപുഴ: കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് വൈദ്യുതി ഉപഭോഗം കുതിക്കുമ്പോള്‍ കെ.എസ്.ഇബി ആശങ്കയില്‍. റെക്കോഡുകള്‍ വീണ്ടും തകര്‍ത്ത് ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്. വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയര്‍ന്നു. ഇതും സര്‍വകാല റെക്കോര്‍ഡാണ്. പീക്ക് ലോഡ് ഡിമാന്റ് വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 4,867 മെഗാവാട്ടായിരുന്നു ബുധനാഴ്ച വൈകിട്ടത്തെ പീക്ക് ലോഡ് ഡിമാന്റ്.
അപ്രതീക്ഷിത സാഹചര്യമാണ് ഇപ്പോള്‍ നേരിടുന്നതെന്നും പീക്ക് സമയത്ത് 4,800 മെഗാവാട്ട് വരെ പ്രതീക്ഷിച്ചിരുന്നതായും കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു. വൈദ്യുതി ഉപഭോഗം ഇനിയും കൂടുതല്‍ ഉയര്‍ന്നാല്‍ അതു വലിയ ബാധ്യതയുണ്ടാക്കും. പുറമെനിന്ന് യൂനിറ്റിന് 12 രൂപ എന്ന ശരാശരി നിരക്കിലാണ് ഇപ്പോള്‍ പീക്ക് സമയത്ത് അധികവൈദ്യുതി വാങ്ങുന്നത്.ഇതിനിടെ ഇന്നലെ ആഭ്യന്തര ഉല്‍പാദനം 2.7 കോടി യൂനിറ്റായി ഉയര്‍ത്തി. 7.13 കോടി യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു. 1,714 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് എല്ലാ സംഭരണികളിലുമായി അവശേഷിക്കുന്നത്, 41 ശതമാനം.
ഇടുക്കിയിലെ ജലനിരപ്പ് 37 ശതമാനത്തിലേക്ക് താഴ്ന്നു. മുന്‍വര്‍ഷത്തേക്കാള്‍ 12 അടിയുടെ കുറവാണിത്. ഒരുദിവസം അര ശതമാനം എന്ന തോതിലാണ് ഇപ്പോള്‍ വെള്ളം കുറയുന്നത്. കഴിഞ്ഞ മാസം പുറം വൈദ്യുതി കൂട്ടി ആഭ്യന്തര ഉല്‍പാദം കുറച്ചതാണ് ജലനിരപ്പ് ഇത്രയെങ്കിലും പിടിച്ചുനിര്‍ത്താന്‍ കാരണം. ജൂണില്‍ മഴ കുറഞ്ഞാല്‍ അത് ഊര്‍ജമേഖലയെ സാരമായി ബാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം സംബന്ധിച്ച ആലോചനകള്‍ കെ.എസ്.ഇ.ബി ശക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ ഇന്നലെ താപനില 45 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം പാലക്കാട് എരിമയൂരില്‍ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 45.5 ഡിഗ്രി സെല്‍ഷ്യസാണ്. തൃശ്ശൂര്‍ പീച്ചിയില്‍ 42.4 ഡിഗ്രി സെല്‍ഷ്യസും പാലക്കാട് മലമ്പുഴ ഡാമില്‍ 43.3 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ചൂട്. പാലക്കാട് മിക്ക സ്റ്റേഷനുകളിലും 40 ഡിഗ്രിക്ക് മുകളിലേക്ക് താപനില രേഖപ്പെടുത്തി. 14 ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷനുകളിലാണ് നാല്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലവിലുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഇങ്ങനെ ഉയരാന്‍ കാരണം. ഒപ്പം, വേനല്‍ മഴ കുറഞ്ഞതും കാരണമാണ്. തീരദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച്, ഇടനാടുകളിലാണ് താപനില ഉയരാന്‍ സാധ്യതയുള്ളത്. ഒറ്റപ്പെട്ട മഴ കിട്ടിയാലും, ചൂടിന് ശമനമുണ്ടാവില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."