വിദ്വേഷം തോറ്റു ഉയരെ മതേതരത്വം
സ്വന്തം ലേഖിക
കൊച്ചി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തോറ്റത് വിദ്വേഷ ശക്തികളുടെ പ്രചാരണം. കേരള രാഷ്ട്രീയം അടുത്ത കാലത്തൊന്നും കാണാത്ത വിദ്വേഷ പ്രചാരണമായിരുന്നു ഉപതെരഞ്ഞെടുപ്പിൽ കണ്ടത്. സാമൂഹിക മാധ്യമങ്ങളിലും പുറത്തും അതിരൂക്ഷമായ പ്രചാരണമാണ് നടന്നത്. ജാതി തിരിച്ചും മതം തിരിച്ചുമൊക്കെ വോട്ടുറപ്പിക്കാനുള്ള ശ്രമവും വ്യാപകമായിരുന്നു. ഇതെല്ലാം അപ്രസക്തമാക്കി മതേതര നിലപാടിനുള്ള മേലൊപ്പാണ് തൃക്കാക്കരക്കാർ ജനാധിപത്യത്തിന് നൽകിയത്.
ഇടതുമുന്നണി സ്ഥാനാർഥി നിർണയം മുതൽ മണ്ഡലത്തിൽ സമുദായം തിരിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഇതിനുപിന്നാലെ, എൻ.ഡി.എ സ്ഥാനാർഥി കൂടി സജീവമായതോടെ ന്യൂനപക്ഷങ്ങളിൽ ഒരുവിഭാഗത്തെ പ്രതിസ്ഥാനത്ത് നിർത്തി പ്രചാരണവും കൊടുമ്പിരികൊണ്ടു.
തൃക്കാരയിൽ 42 ശതമാനം ക്രൈസ്തവ വോട്ടുകളാണ് ഉള്ളത്. ഇതിൽ ഒരു പങ്ക് സ്വന്തമാക്കുന്നതിനുള്ള നീക്കങ്ങളാണ് ആദ്യഘട്ടത്തിലുണ്ടായത്. ക്രിസ്ത്യൻ വിഭാഗത്തിൽ അടുത്തിടെയായി രൂപപ്പെട്ട ചില പ്രവണതകളെ കൂട്ടുപിടിച്ചാണ് ഈ 'വോട്ടുറപ്പിക്കൽ' നടന്നത്. അടുത്തകാലത്ത് രൂപംകൊണ്ട ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയായിരുന്നു വിദ്വേഷ പ്രചാരണം.
വിവാദമായ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമെല്ലാം സജീവ ചർച്ചയാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് പി.സി ജോർജ് വെണ്ണല ക്ഷേത്രത്തിലെത്തി വീണ്ടും തന്റെ വിവാദ പ്രസ്താവനകൾ ആവർത്തിച്ചത്.
എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പേരിലിറങ്ങിയ അശ്ലീല വിഡിയോ വിവാദവും വിദ്വേഷത്തിന് കാരണമായി. ഇതുസംബന്ധിച്ച് നേതാക്കൾ തമ്മിലുള്ള വാദപ്രതിവാദം തെരഞ്ഞെടുപ്പ് ദിവസംവരെ നീണ്ടുനിന്നു.
ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമായാണ് കാണുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഉമ പി.ടിയ്ക്ക് ഭക്ഷണം എടുത്തുവച്ചതുമൊക്കെ വിവാദങ്ങൾക്ക് വഴിതുറന്നു.
ചില തീവ്ര ക്രൈസ്തവ സംഘടനകളും ഇക്കുറി പ്രചാരണവുമായി ഇറങ്ങി. അവരുടെ വിദ്വേഷ പ്രചാരണങ്ങളെയും മണ്ഡലത്തിലെ മതേതര വോട്ടർമാർ തള്ളി. അതുവഴി തൃക്കാക്കരയുടെ ചരിത്രത്തിൽതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ഉമ തോമസിന് ലഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."