അനര്‍ഹനേട്ടം ചേരുന്നതാര്‍ക്ക്?
എണ്‍പത് : ഇരുപത് എന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയിലെ അനുപാതക്കണക്ക് എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും മാത്രമല്ല, ഒരേ വേലിക്കപ്പുറത്തുമിപ്പുറത്തുമായി ഒരേ വായുവും വെള്ളവും നുകര്‍ന്നു ജീവിക്കുന്ന കേരളത്തിലെ വ്യത്യസ്ത ജാതി, മതസമുദായക്കാരെ മുഴുവനും വലിയ പ്രതിസന്ധിയിലാക്കാനാണ് സകല സാധ്യതയും എന്ന് തോന്നുന്നു. ഭരണകക്ഷിയും പ്രതിപക്ഷവും ഈ പ്രശ്‌നത്തെ എങ്ങനെ അഭിമുഖീകരിച്ചാലും ശരി അത് വിനാശകരമായ സാമുദായിക ധ്രുവീകരണത്തിലേക്കാണ് വാതില്‍ തുറന്നിട്ടത്. മുസ്‌ലിം സമുദായത്തിന് അനര്‍ഹമായ എന്തൊക്കെയോ വാരിക്കോരി കൊടുക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ക്രിസ്തീയ സമുദായത്തിന് അവകാശപ്പെട്ടതാണ് കൊടുക്കുന്നത് എന്നും. ഇങ്ങനെയൊരു പൊതുബോധം സൃഷ്ടിക്കപ്പെടുമ്പോള്‍ പൊതുമണ്ഡലത്തില്‍ ഇതു സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ അകല്‍ച്ച വര്‍ധിപ്പിക്കുകയേയുള്ളൂ. വിശേഷിച്ചും ന്യൂനപക്ഷ സമുദായങ്ങളായ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാന്‍ സംഘ്പരിവാര്‍ കാത്തിരിക്കുമ്പോള്‍. ഇതര ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതെടുത്ത് മുസ്‌ലിം ന്യൂനപക്ഷത്തിന് കൊടുക്കുകയാണോ എന്ന ഉത്കണ്ഠയും മനസിലെ കയ്പും പൊതുജീവിതത്തില്‍ പല പ്രയാസങ്ങളുമുളവാക്കും. പ്രശ്‌നങ്ങളെ ഇരുമുന്നണികളും രാഷ്ട്രീയ നേട്ടങ്ങളില്‍ നിന്നും നഷ്ടങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി സമീപിക്കണം. സമുദായങ്ങള്‍ തമ്മിലുണ്ടായേക്കാവുന്ന അകല്‍ച്ച അപ്പോള്‍ മാത്രമേ ദൂരീകരിക്കാനാവുകയുള്ളൂ.
പൊതുമണ്ഡലത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി എങ്ങനെയാണ് രൂപപ്പെട്ടത് എന്ന കാര്യമൊന്നും പരിഗണിക്കപ്പെടുന്നേയില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹ്യാവസ്ഥയെ പഠിക്കാന്‍ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി ശുപാര്‍ശയനുസരിച്ചാണ് ഈ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. 2006 നവംബര്‍ 30നു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹ്യവും സാമ്പത്തികവുമായ അവസ്ഥ പട്ടികജാതിക്കാരുടേതിനേക്കാളും ദയനീയമാണെന്നായിരുന്നു സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. അതെങ്ങനെ പരിഹരിക്കുമെന്ന് പാലോളി കമ്മിറ്റി ആലോചിച്ചു. അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി അധ്യക്ഷന്‍, എം.പിമാരായ ടി.കെ ഹംസ, കെ.ഇ ഇസ്മാഈല്‍, എം.എല്‍ .എമാരായ എ.എ അസീസ്, കെ.ടി ജലീല്‍ എന്നിവര്‍ക്ക് പുറമെ ഹുസൈന്‍ രണ്ടത്താണി, ഡോ. ഫസല്‍ ഗഫൂര്‍, ഒ. അബ്ദുറഹിമാന്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അഹമ്മദ് കുഞ്ഞി (കാസര്‍ക്കോട്) ടി.കെ വില്‍സന്‍(റിട്ട. ജഡ്ജി ) എന്നിവരായിരുന്നു അംഗങ്ങള്‍. ഇവരില്‍ ടി.കെ വില്‍സന്‍ ഒഴിച്ച് പത്തുപേരും മുസ്‌ലിംകളായിരുന്നു. 2007 ഒക്ടോബര്‍ 10നു രൂപീകരിച്ച കമ്മിറ്റി കേരളത്തിലെ എല്ലാ ജില്ലകളിലും സിറ്റിങ് നടത്തുകയും തങ്ങള്‍ക്ക് ലഭിച്ച നൂറോളം നിവേദനങ്ങള്‍ പരിഗണിക്കുകയും ചെയ്ത ശേഷം 2008 ഫെബ്രുവരി 21നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് കോഴ്‌സുകളുടെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 3000, 4000, 5000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. 5000 സ്‌കോളര്‍ഷിപ്പുകളാണ് പാസാക്കിയത്. മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ഈ സ്‌കോളര്‍ഷിപ്പുകളില്‍ 20 ശതമാനം പരിവര്‍ത്തിത ക്രിസ്ത്യന്‍, ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് കൂടി കൊടുക്കാമെന്ന ഉത്തരവിറങ്ങിയത് 2008 ഓഗസ്റ്റ് 16ന് ആയിരുന്നു. രണ്ടും എല്‍.ഡി.എഫ് കാലത്തായിരുന്നു. രണ്ടു ഉത്തരവുകള്‍ പ്രകാരവും മുന്നോക്ക ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ആനുകൂല്യത്തിന്റെ പരിധിയില്‍ പെട്ടിരുന്നില്ല.
മുസ്‌ലിംകള്‍ക്ക് മാത്രം
മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥയും അത് പരിഹരിക്കാന്‍ കൈക്കൊള്ളേണ്ട നടപടികളും മാത്രമായിരുന്നു പാലോളി കമ്മിറ്റിയുടെ പരിഗണനാവിഷയങ്ങള്‍. അതനുസരിച്ച് മുസ്‌ലിംകളുടെ ഉന്നമനത്തിനാവശ്യമായ മറ്റു നിരവധി പദ്ധതികളും കമ്മിറ്റി മുന്നോട്ടുവച്ചു. ഉയര്‍ന്ന സര്‍ക്കാര്‍, ബാങ്ക് തസ്തികകളില്‍ മുസ്‌ലിം പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍, മദ്‌റസാധ്യാപകര്‍ക്ക് പെന്‍ഷന്‍, അവര്‍ക്കു വേണ്ടി ക്ഷേമനിധി, ബാങ്കുകളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുമുള്ള ഇന്റര്‍വ്യൂ ബോര്‍ഡുകളില്‍ മുസ്‌ലിം പ്രാതിനിധ്യം, വഖ്ഫ് സ്വത്തു സംരക്ഷണം തുടങ്ങിയ മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യങ്ങളിലായിരുന്നു ശുപാര്‍ശകള്‍. അതോടൊപ്പം തീരപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്നു പരിഹാരം, അലീഗഡ് മുസ്‌ലിം സര്‍വകലാശാലാ കേന്ദ്രം കേരളത്തില്‍ സ്ഥാപിക്കല്‍, അനാഥാലയങ്ങളുടെ ഗ്രാന്റ് വര്‍ധന തുടങ്ങിയ പൊതുവായ മറ്റു ചില ശുപാര്‍ശകളൂം മുന്നോട്ടുവച്ചിരുന്നു. മുസ്‌ലിം പുരോഗതിക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികളായി തങ്ങള്‍ കൈക്കൊണ്ട നടപടികള്‍ എന്ന നിലയിലാണ് എല്‍.ഡി.എഫ് ഇക്കാര്യങ്ങള്‍ ജനസമക്ഷം അവതരിപ്പിച്ചത്. ക്രിസ്ത്യാനികളുടേതടക്കം ഇതര സമുദായ സംഘടനകളില്‍ നിന്നോ പ്രതിപക്ഷ കക്ഷികളില്‍ നിന്നോ മുസ്‌ലിംകള്‍ക്ക് വേണ്ടിയുള്ള ഈ നടപടികള്‍ക്കെതിരായി യാതൊരു ശബ്ദവുമുയര്‍ത്തിയിട്ടില്ല. പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും ലത്തീന്‍ കത്തോലിക്കര്‍ക്കും മാത്രമാണ് ഇരുപത് ശതമാനം എന്നതില്‍ മുന്നോക്ക ക്രിസ്ത്യാനികള്‍ക്കും തങ്ങളുടെ നൂറില്‍ നിന്ന് ഇരുപതെടുത്ത് മാറ്റിയതില്‍ മുസ്‌ലിംകള്‍ക്കോ എതിര്‍പ്പുള്ളതായി അനുഭവപ്പെട്ടിട്ടേയില്ല.
2011 മെയ് 18നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റു. ഈ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ സി.എ,എം.ബി.എ തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെക്കൂടി ഉള്‍പ്പെടുത്തി. ഈ മൂന്നു ഉത്തരവുകളുമാണ് കോടതി റദ്ദാക്കിയത്. വസ്തുത ഇതായിരിക്കെ എവിടെയാണ് ഇതര ന്യൂനപക്ഷങ്ങള്‍ക്ക് അവകാശ നിഷേധം? എവിടെയാണ് തുല്യനീതിയുടെ നിരാസം! നിര്‍ഭാഗ്യവശാല്‍ ചര്‍ച്ചകള്‍ ഈ വഴിക്കു നീങ്ങിയിട്ടേയില്ല.
ഏറെക്കുറെ കേരളത്തിലെ എല്ലാ ക്രിസ്തീയ സഭകളും അല്‍മായരുടെ സംഘടനകളും കോടതി വിധിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. ലത്തീന്‍സഭ ചില ആശങ്കകള്‍ പ്രകടിപ്പിച്ചത് മാത്രമാണ് ഇതിന് അപവാദം, എല്‍.ഡി.എഫിലെ ജോസ് കെ. മാണി വിഭാഗവും യു.ഡി.എഫിലെ പി.ജെ ജോസഫ് വിഭാഗവും കേരള കോണ്‍ഗ്രസുകള്‍ വിധി നടപ്പാക്കിക്കിട്ടണമെന്ന് പറയുന്നു. നടപ്പാക്കുമ്പോള്‍ തോമാശ്ലീഹ വന്നപ്പോള്‍ മാര്‍ഗം കൂടിയ നമ്പൂതിരിമാരുടെ പിന്മുറക്കാര്‍ എന്നവകാശപ്പെടുന്ന സിറിയന്‍ ക്രിസ്ത്യാനികള്‍ക്കും മാര്‍ത്തോമ വിശ്വാസികള്‍ക്കും ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭക്കാര്‍ക്കുമൊക്കെ സ്‌കോളര്‍ഷിപ്പിന് അര്‍ഹത കൈവരും. ഫലത്തില്‍ അത് പിന്നോക്ക വിഭാഗത്തില്‍ പെടുന്ന പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും ലത്തീന്‍ കത്തോലിക്കര്‍ക്കുമുള്ള ആനുകൂല്യങ്ങളില്‍ കുറവു വരുത്തുകയാണ് ചെയ്യുക. നിലവില്‍ അവര്‍ക്കുള്ള ഇരുപത് ശതമാനം അവരുടെ ജനസംഖ്യക്ക് ആനുപാതികമായിരിക്കാനാണ് സാധ്യത. ജനസംഖ്യാനുപാതികമായി അത് നിജപ്പെടുത്തുമ്പോള്‍ പിന്നോക്കക്കാരോട് മത്സരിക്കാന്‍ മുന്നോക്ക ക്രിസ്ത്യാനികളും കൂടി കയറി വരികയാണുണ്ടാവുക. ഒരു നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്. പുതിയ സാഹചര്യത്തില്‍ സംഭവിക്കുന്നത് അതിനുവേണ്ടി മുന്നോക്കക്കാരും പിന്നോക്കക്കാരും തമ്മില്‍ മത്സരിക്കുകയായിരിക്കും. ഈ മത്സരം സ്വാഭാവികമായും അസമന്മാര്‍ തമ്മിലുള്ള മത്സരമായിരിക്കുമല്ലോ. പിന്നോക്ക ക്രിസ്ത്യാനികള്‍ക്ക് അവകാശപ്പെട്ടത് മുന്നോക്ക ക്രിസ്ത്യാനികള്‍ക്ക് കൂടി പങ്കുവയ്‌ക്കേണ്ടി വരുമെന്ന് തീര്‍ച്ച, അതിലുള്ള ആശങ്കയാണ് ലത്തീന്‍ സഭ പ്രകടിപ്പിച്ചത്.
മറ്റൊരു കാര്യം കൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. മുന്നോക്ക വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ക്ക് അവര്‍ സാമ്പത്തികമായി പിന്നോക്കമാണെങ്കില്‍ മുന്നോക്ക വിഭാഗ കോര്‍പറേഷനു കീഴിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ തന്നെ അര്‍ഹതയുണ്ട്. ഈ സ്‌കോളര്‍ഷിപ്പ് ഇപ്പോഴത്തെ വിവാദ സ്‌കോളര്‍ഷിപ്പുകളേക്കാള്‍ കൂടുതല്‍ തുകയുള്ളതാണ്. അതിന് അര്‍ഹത ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഉദാരമാണ്. കേരളീയ സാഹചര്യത്തില്‍ സാമാന്യം സാമ്പത്തിക സുസ്ഥിതിയുള്ളവര്‍ പോലും അതിനര്‍ഹരായിരിക്കും. അതായത് വിധി നടപ്പില്‍ വരുത്തുമ്പോള്‍ മുന്നോക്ക വിഭാഗം ക്രിസ്ത്യാനികളുടെ പെണ്‍കുട്ടികള്‍ രണ്ടു തരം സ്‌കോളര്‍ഷിപ്പിനും അര്‍ഹതയുള്ളവരാകുമോ? ഒന്ന്, സാമ്പത്തികാടിസ്ഥാനത്തില്‍ മുന്നോക്കാവസ്ഥയിലുള്ളവരുടേത്. മറ്റത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് നല്‍കുന്നത്. ഈ കൂട്ടിക്കുഴച്ചില്‍ പണ്ടോരയുടെ പേടകം തുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ആരാണ് പിന്നോക്കം?
തങ്ങള്‍ക്ക് നൂറ് ശതമാനവും അര്‍ഹതയുള്ള ഒരു ആനുകൂല്യത്തിലെ ഇരുപത് ശതമാനം മറ്റൊരു സമുദായത്തിന് വിട്ടുകൊടുക്കാന്‍ എന്തുകൊണ്ട് മുസ്‌ലിം ലീഗ് സമ്മതിച്ചു? എന്തുകൊണ്ട് ഈ ഹിമാലയന്‍ വങ്കത്തത്തെ മുസ്‌ലിം സംഘടനകള്‍ എതിര്‍ത്തില്ല? കേരളത്തിലെ സാമുദായിക സൗഹാര്‍ദം മുന്‍നിര്‍ത്തി തങ്ങള്‍ പ്രകടിപ്പിച്ച സൗമനസ്യമായിരുന്നു എന്നാണ് ലീഗിന്റെ വിശദീകരണം. അതല്ലെങ്കില്‍ ഈ നടപടിക്ക് എതിര്‍പ്പുമായി രംഗത്ത് വന്നാല്‍ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് യു.ഡി.എഫ് ഭയന്നതുകൊണ്ടുമാവാം. അതുമല്ലെങ്കില്‍ പ്രശ്‌നത്തെ മതിയായ ഗൗരവത്തോടെ സമീപിച്ചില്ല എന്നതാവാം. ഏതായാലും 2011 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചു. തുടര്‍ന്നുള്ള അഞ്ചു കൊല്ലവും മുസ്‌ലിം ലീഗും മുസ്‌ലിം സംഘടനകളും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയും നിലവിലെ സ്ഥിതി തുടരാന്‍ അനുവദിക്കുകയും ചെയ്തത് ദുരൂഹമാണ്. ഒരു വ്യക്തി നല്‍കിയ പരാതിയാണ് പിന്നീട് മുസ്‌ലിംകള്‍ക്ക് സര്‍ക്കാര്‍ നികുതിപ്പണം വാരിക്കോരിക്കൊടുക്കുന്നു എന്ന തലത്തിലുള്ള പ്രചാരണത്തിലേക്കെത്തിയത്. മുസ്‌ലിം പ്രീണനമെന്ന കാര്‍ഡ് ഇറക്കിക്കളിക്കാന്‍ ബി.ജെ.പിക്ക് എളുപ്പമായി. സംഘ്പരിവാര്‍ അജന്‍ഡകള്‍ക്കൊത്ത് സഞ്ചരിക്കുന്നതിലേക്ക് ഏറെക്കുറെ ക്രിസ്തീയ സഭകള്‍ നയിക്കപ്പെടുകയും ചെയ്തു.
മുസ്‌ലിം ന്യൂനപക്ഷത്തിന് അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്ന ആരോപണം എന്തടിസ്ഥാനത്തിലാണ് ഉന്നയിക്കപ്പെടുന്നത്? അവര്‍ പിന്നോക്കമല്ല എന്ന് പറയാന്‍ എന്താണ് ന്യായം? ഗള്‍ഫ് പണം സൃഷ്ടിച്ച നവസമ്പന്നതയും വിദ്യാഭ്യാസ വളര്‍ച്ചയിലൂടെ കൈവശപ്പെടുത്തിയ തൊഴിലുകളും അവരെ സാമൂഹ്യശ്രേണിയില്‍ രണ്ടോ മൂന്നോ പടി ഉയര്‍ത്തായിരിക്കാം. സമ്പന്നരെ ഉയര്‍ത്തിക്കാട്ടി മുസ്‌ലിംകള്‍ പിന്നോക്കമാണോ എന്ന് ചോദിക്കുന്നവര്‍ ഉണ്ട്. ഇത്തരം ആളുകളല്ലല്ലോ ഒരു സമൂഹത്തിന്റെ സാമ്പത്തിക നിലയുടെ പ്രതിനിധാനം. ഏത് സമൂഹത്തിന്റേയും മുന്നോക്കാവസ്ഥ, പിന്നോക്കാവസ്ഥ നിര്‍ണയിക്കപ്പെടുന്നത് ചില പൊതുമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. കേരളം പോലെയുള്ള ഒരു കാര്‍ഷിക സമൂഹത്തില്‍ ഭൂമിയുടെ ഉടമസ്ഥതയാണ് സാമ്പത്തിക, സാമൂഹ്യനിലയുടെ ഒരു പ്രധാന അളവുകോല്‍. പഴയ കാലത്ത് ഭൂസ്വത്ത് ബ്രാഹ്മണര്‍ക്കായിരുന്നു. പിന്നീടത് നായന്മാര്‍, സുറിയാനി ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കിടയില്‍ കൂടി വിഭജിക്കപ്പെട്ടു. മുസ്‌ലിംകള്‍ക്ക് ഭൂമിയുടെ മേലുള്ള ഉടമാവകാശം പരിമിതമാണ്. മലബാര്‍ കലാപത്തിന്റെ കാരണങ്ങളിലൊന്ന് പാട്ടക്കുടിയാന്മാരായ മാപ്പിളമാര്‍ക്ക് ഭൂവുടമകളായ സവര്‍ണ മേലാളന്മാരോടുള്ള അമര്‍ഷമായിരുന്നുവല്ലോ. 1968 ലെ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോയുടെ സര്‍വേയില്‍ പറയുന്നത് കേരളത്തിലെ മൂന്നിലൊന്ന് മുസ്‌ലിംകള്‍ ഭൂമിയില്ലാത്തവരാണെന്നാണ്. ഉള്ളവര്‍ക്കു തന്നെ കുറഞ്ഞ ഭൂമിയേ ഉള്ളൂ എന്നാണ്. ഈ അവസ്ഥക്ക് ഇന്നും മാറ്റമുണ്ടായിട്ടില്ല.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."