കിണറ്റില്‍ വീണ് കാട്ടാന ചരിഞ്ഞു; പ്രതിഷേധവുമായി നാട്ടുകാര്‍
കൊച്ചി: പെരുമ്പാവൂര്‍ കോടനാട് ജനവാസമേഖലയിലെ പൊട്ടക്കിണറ്റില്‍ വീണ് കാട്ടാന ചരിഞ്ഞു. നെടുംപാറ ദേവീ ക്ഷേത്രത്തിനു സമീപം മുല്ലശ്ശേരി തങ്കന്റെ പറമ്പിലെ കിണറ്റിലാണ് ആന വീണത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പിടിയാന കിണറ്റില്‍ വീണത്. കിണറിന്റെ അരികിടിച്ച് ആനയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ കുറച്ചുദിവസമായി കോടനാട് മേഖലയില്‍ കാട്ടാനക്കൂട്ടം സ്ഥിരമായി എത്താറുണ്ട്. സാധാരണ പകല്‍സമയങ്ങളില്‍ ആനക്കൂട്ടം ജനവാസമേഖലയില്‍ തുടരാറില്ല.
എന്നാല്‍, വേനല്‍ കടുത്തതോടെ പച്ചപ്പ് തേടി ആനകള്‍ ഇവിടെ തന്നെ തുടരുന്നതായി ജനങ്ങള്‍ പറയുന്നു. ആനക്കൂട്ടത്തിനൊപ്പം സഞ്ചരിക്കവേ കൂട്ടംതെറ്റിയ പിടിയാന ഉപയോഗശൂന്യമായിക്കിടന്ന കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം. അതേസമയം, ആനക്കൂട്ടം ജനവാസമേഖലയില്‍ എത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി. നിലവില്‍ വനവും ജനവാസമേഖലയും വേര്‍തിരിക്കാന്‍ ഒരു സംവിധാനവുമില്ല. അത് മുമ്പേ ചെയ്തിരുന്നെങ്കില്‍ ആന ഇവിടെയെത്തുന്ന സാഹചര്യമുണ്ടാവുമായിരുന്നില്ലെന്നും വനംവകുപ്പിന്റെ അനാസ്ഥയാണ് ഇതിനുകാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."