കാവലാള്‍ സേനയുടെ ഉദ്ഘാടനവും ബോധവല്‍ക്കരണവും ഇന്ന്
തൃക്കരിപ്പൂര്‍: ഉദിനൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കാവലാള്‍ സേനയുടെ പ്രവര്‍ത്തനോദ്ഘാടനവും മദ്യം, മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണവും ഇന്ന് നടക്കും.
വൈകുന്നേരം 3.30ന് സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ സൗഹൃദ, എസ്.പി.സി, സ്‌കൗട് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് എന്നിവയുടെ സഹകരണത്തോടെയാണ് കാവലാള്‍ സേനയുടെ പ്രവര്‍ത്തനം. രക്ഷിതാക്കളുടെ പ്രതീക്ഷകളെ ഇല്ലാതാക്കി ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായി മാറുന്നത് തടയുകയാണ് കാവലാള്‍ സേന കൊണ്ട് ഉദ്ദേശിക്കുന്നത്.
നൂറ് അംഗങ്ങളുള്ള എന്‍.എസ്.എസിന്റെ യൂണിറ്റ് വിദ്യാര്‍ഥികളുടെ ആശങ്ക അകറ്റാന്‍ കൂടെയുണ്ടാകും. ചടങ്ങുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ എത്തുന്ന എക്‌സൈസ് കമ്മീഷണര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഷീല കുഞ്ഞിപ്പുരയില്‍, പ്രോഗ്രാം ഓഫിസര്‍ പി.വി. പ്രകാശ്കുമാര്‍, വി.വി.സുരേഷ്, സി.വി.രാജു, പി. വി.അജിത കുമാരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."