തെങ്ങില്‍ നിന്നും വീണ് കിടപ്പിലായ യുവാവ് സഹായം തേടുന്നു
കുണിയ: തെങ്ങില്‍ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റു കിടപ്പിലായ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. ആയംപാറ ഇരുളം കോടിയിലെ മുളിയാറുവിന്റെ മകന്‍ കുഞ്ഞിക്കണ്ണനാണ് കാരുണ്യ കൈനീട്ടം പ്രതീക്ഷിക്കുന്നത്. കൂലിവേല ചെയ്തു ഭാര്യയേയും പറക്കമുറ്റാത്ത രണ്ടു കുട്ടികളേയും പോറ്റിയിരുന്ന 33 കാരനായ കുഞ്ഞിക്കണ്ണന്‍ 9 മാസം മുന്‍പാണ് തേങ്ങ പറിക്കാന്‍ കയറിയ തെങ്ങില്‍ നിന്നും താഴേക്ക് വീണത്. വീഴ്ചയില്‍ ജീവന്‍ രക്ഷപ്പെട്ടെങ്കിലും ഇതിന്റെ ആഘാതത്തില്‍ അരക്ക് കീഴ്‌പോട്ട് പാടെ നിശ്ചലമായതോടെ ഈ യുവാവിന്റെ ജീവിതം ദുരിതപൂര്‍ണ്ണമാവുകയായിരുന്നു.
കഴിഞ്ഞ 10 മാസത്തിനിടയില്‍ പരിയാരം മെഡിക്കല്‍ കോളജ്,കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ചികിത്സ നടത്തിയെങ്കിലും ഇയാള്‍ക്ക് തളര്‍ന്നു പോയ കാലുകള്‍ ഒന്നനക്കാന്‍ പോലും സാധിക്കുന്നില്ല. മറ്റൊരാള്‍ തൊട്ടാല്‍ പോലും സ്പര്‍ശനം അറിയുന്നുമില്ല. തൊഴിലുറപ്പു പദ്ധതിയില്‍ ജോലിക്ക് പോയിരുന്ന ഭാര്യ ബിന്ദുവിന് കുഞ്ഞിക്കണ്ണന്റെ അപകടത്തോടെ ഇതും മുടക്കേണ്ടി വന്നു.
കുണിയ ഗവ. സ്‌കൂളില്‍ പഠനം നടത്തുന്ന അഞ്ചാം ക്ലാസുകാരി ഹരിനന്ദനക്കും,രണ്ടാം ക്ലാസുകാരന്‍ നന്ദകിഷോറിനും,ഭാര്യ ബിന്ദുവിനും ദിനേനയുള്ള അന്നത്തിനുള്ള വകപോലും കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഈ യുവാവ്.
പത്തുമാസത്തെ ചികിത്സക്കിടയില്‍ ഒട്ടനവധി തവണ പരിയാരത്തേക്കും കാഞ്ഞങ്ങാട്ടേക്കുമുള്ള യാത്രക്ക് സഹായമായത് മുസ്‌ലിം യൂത്ത് ലീഗ് കുണിയ ശാഖാ കമ്മിറ്റിയുടെ കീഴിലുള്ള പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സാണ്.
ഇതിന് പുറമേ ചെറിയ സഹായങ്ങളുമാണ് കുഞ്ഞിക്കണ്ണന് തുണയായത്. ശക്തമായ കാറ്റൊന്ന് വന്നാല്‍ പാറിപോകുന്ന ഓലക്കുടിലിലാണ് ഈ കുടുംബം താമസിക്കുന്നത്.ഇതില്‍ തന്നെ മണ്ണെണ്ണ വെളിച്ചത്തിലാണ് ഈ കുടുംബം കഴിഞ്ഞു പോകുന്നത്. തന്റെ ദുരിതാവസ്ഥ മനസ്സിലാക്കുന്ന സുമനസുകള്‍ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇയാള്‍.
കുഞ്ഞിക്കണ്ണനെ സഹായിക്കുന്നതിന് വേണ്ടി വാര്‍ഡ് മെമ്പര്‍ ശഹീദ റാഷിദ്,വാര്‍ഡ് കണ്‍വീനര്‍ ശറഫുദ്ധീന്‍ എന്നിവരുടെ നേതൃത്വത്തില്‍ 11 അംഗ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
കനറാ ബാങ്ക് പെരിയ ശാഖയില്‍ 11111011003539 നമ്പറായി ഈ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഉദാര മതികള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കുഞ്ഞിക്കണ്ണനും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."