ആരോപണങ്ങള്‍ നിഷേധിച്ച് സുരേന്ദ്രന്‍
കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസിലും സി.കെ ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തിലും വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്‍.ഡി.എയില്‍ എത്താന്‍ സി.കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം തെറ്റാണ്. അവര്‍ തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഒരുരൂപ പോലും നല്‍കിയിട്ടില്ല. സി.കെ ജാനുവിനോട് സംസാരിക്കാന്‍ തനിക്ക് ഇടനിലക്കാരുടെ ആവശ്യമില്ലെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീതയുമായി നടന്ന ഫോണ്‍ സംഭാഷണം സുരേന്ദ്രന്‍ നിഷേധിച്ചില്ല. ശബ്ദം തന്റേതാണ്. പ്രസീതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. എന്താണ് അവരോട് സംസാരിച്ചത് എന്ന് കൃത്യമായി ഓര്‍മയില്ല. പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയില്‍ എഡിറ്റിങ് നടന്നിട്ടുണ്ട്. പൂര്‍ണമായ ഓഡിയോ പുറത്തുവിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കൊടകര സംഭവത്തില്‍ സി.പി.എമ്മും ഒരുവിഭാഗം മാധ്യമങ്ങളും ബി.ജെ.പിക്കെതിരേ പുകമറ സൃഷ്ടിക്കുകയാണെന്നാണ് സുരേന്ദ്രന്റെ വാദം.
കൊടകര സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. അത് ബി.ജെ.പിയുടെ പണമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."