'ഇന്ന് ബല്‍ക്കീസ്, നാളെ ആരുമാകാം' ബലാത്സംഗ പ്രതികളുടെ മോചനത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ബല്‍ക്കീസ് ബാനു കേസിലെ 11 കുറ്റവാളികളെ ശിക്ഷയിളവ് നല്‍കി മോചിപ്പിച്ചതിന് ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ശിക്ഷയിളവ് അപേക്ഷ പരിഗണിക്കുമ്പോള്‍ കുറ്റത്തിന്റെ ഗൗരവം നോക്കേണ്ടിയിരുന്നുവെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് മോചിപ്പിക്കാനുള്ള കാരണമെന്തെന്ന് അറിയിക്കാനും ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി തീരുമാനമെടുത്ത ഫയല്‍ ഹാജരാക്കണം. ബല്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കേസിലെ പ്രതികളെയാണ് മോചിപ്പിച്ചത്. ഇത്തരം ഹീനമായ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് ശിക്ഷയിളവ് നല്‍കുന്നത് സമൂഹത്തെയൊന്നാകെ ബാധിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
വിശാലതാല്‍പര്യം പരിഗണിച്ചായിരിക്കണം ഹീനമായ കുറ്റം ചെയ്ത കേസുകളില്‍പ്പെട്ടവര്‍ക്ക് ശിക്ഷയിളവ് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ എല്ലാവശങ്ങളും പരിശോധിച്ചാണോ ശിക്ഷയിളവ് നല്‍കിയതെന്നതാണ് പ്രധാന ചോദ്യം. ഏതുരേഖകള്‍ അടിസ്ഥാനമാക്കിയാണ് ശിക്ഷയിളവ് നല്‍കിയത്. ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷയിളവിനുള്ള കാരണം വ്യക്തമാക്കണം. 11 പേരും ജീവിതകാലം മുഴുവന്‍ ജയിലില്‍ക്കഴിയണമെന്നാണ് കോടതി വിധിച്ചത്. സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഇവരെ വിട്ടയച്ചു. ഇന്ന് ബല്‍ക്കീസിന് സംഭവിച്ചത് നാളെ എനിക്കോ നിങ്ങള്‍ക്കോ സംഭവിക്കാം. വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കം ശിക്ഷയിളവ് നല്‍കേണ്ടത്. അതെന്താണെന്ന് നിങ്ങള്‍ വ്യക്കമാക്കുന്നില്ലെങ്കില്‍ കോടതിക്ക് സ്വന്തം നിഗമനത്തിലെത്തേണ്ടിവരുമെന്നും ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു.
ശിക്ഷയിളവ് നല്‍കുന്നതിന് വെങ്കട്ടറെഡ്ഡി കേസില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതുപ്രകാരം, സര്‍ക്കാരിന് ശിക്ഷയിളവ് നല്‍കാന്‍ അധികാരമുണ്ടെങ്കിലും കാരണം വ്യക്തമാക്കിയിരിക്കണം. സര്‍ക്കാര്‍ തീരുമാനമെടുത്ത ഫയല്‍ തങ്ങള്‍ക്ക് കാണണം. രേഖകള്‍ മെയ് ഒന്നിനുള്ളില്‍ ഹാജരാക്കണമെന്നും കേസ് രണ്ടിന് പരിഗണിക്കുമെന്നും ബെഞ്ച് അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് ഗുജറാത്ത് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ബെഞ്ചിനെ അറിയിച്ചു.
കേസ് നീട്ടിക്കൊണ്ടുപോകല്‍ നടക്കില്ല
ന്യൂഡല്‍ഹി: ബല്‍ക്കീസ് കേസ് നീട്ടിക്കൊണ്ടുപോകല്‍ നടക്കില്ലെന്ന് കുറ്റവാളികളോട് സുപ്രിംകോടതി. കേസ് നീട്ടിവയ്ക്കണമെന്ന് ശിക്ഷയിളവ് ലഭിച്ച കുറ്റവാളികളുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. കേസ് ആദ്യം പരിഗണിക്കാനായി എടുക്കുമ്പോള്‍ പ്രതികളിലൊരാളുടെ അഭിഭാഷകന്‍ നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് കേസ് കോടതി നീട്ടും. നാലാഴ്ചയ്ക്കുശേഷം രണ്ടാമതെടുക്കുമ്പോള്‍ മറ്റൊരു പ്രതിയുടെ അഭിഭാഷകന്‍ വന്ന് നീട്ടാന്‍ ആവശ്യപ്പെടും. ഇതങ്ങനെ ഡിസംബര്‍ വരെ നീളും. നിങ്ങളുടെ ഈ തന്ത്രത്തെക്കുറിച്ച് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. നീട്ടണമെന്ന ആവശ്യത്തെ ബല്‍ക്കീസിന്റെ അഭിഭാഷകരായ അഭിഷേക് സിങ് വിയും ശോഭാ ഗുപ്തയും എതിര്‍ത്തു. പ്രതികള്‍ക്ക് പുതുതായൊന്നും ബോധിപ്പിക്കാനില്ലെന്നും വെറുതെ നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയാണെന്നും ഇരുവരും ബോധിപ്പിച്ചു. വിചാരണയ്ക്കായി തീയതി നിശ്ചയിക്കണമെന്നായിരുന്നു അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന്റെ ആവശ്യം.
15 വർഷത്തിനിടെ ലഭിച്ചത് മൂന്നുവർഷ പരോൾ; ആശ്ചര്യപ്പെട്ട് കോടതി
ന്യൂഡൽഹി: 15 വർഷത്തെ ശിക്ഷാകാലയളവിനിടയിൽ ബൽക്കീസ് കേസിലെ കുറ്റവാളികൾക്ക് മൂന്നുവർഷം പരോൾ അനുവദിച്ചത് ഏതു നയത്തിന്റെ അടിസ്ഥാനത്തിലെന്ന് ആശ്ചര്യപ്പെട്ട് സുപ്രിംകോടതി. ഗുജറാത്ത് സർക്കാർ സമർപ്പിച്ച രേഖകൾ പരിശോധിച്ചാണ് ജസ്റ്റിസ് കെ.എം ജോസഫ് ഈ ചോദ്യമുന്നയിച്ചത്. കുറ്റവാളികൾക്കെല്ലാം 1,000 ദിവസത്തിലധികം പരോൾ ലഭിച്ചിട്ടുണ്ട്. ഒരാൾക്ക് 1,500 ദിവസവും പരോൾ ലഭിച്ചു. കൂട്ടബലാത്സംഗവും കൂട്ടക്കൊലയും നടത്തിയ കേസിലെ കുറ്റവാളികൾക്ക് സാധാരണ കൊലക്കേസിലെ കുറ്റവാളികളെപ്പോലെ പരോൾ നൽകാനാവില്ലെന്നും ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."