ശ്രേഷ്ഠയാണവള്‍, ഫാളിലയായി തന്നെ വളരട്ടെ...
സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണത്തിനു വേണ്ടി ഒരുക്കിയ ഒരു സംവിധാനമാണ് ഫാളില. സാധാരണയില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ് രണ്ടു വര്‍ഷം പ്ലസ്ടുവും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഡിഗ്രിയും നേടാന്‍ നമുക്ക് സാധിക്കും. അത് കേവലം ഭൗതിക സമ്പാദനത്തിനു വേണ്ടിയുള്ള ഉറവിടം മാത്രമായി മാറുമ്പോള്‍ അതേ സംവിധാനം ദീനീപരമായ വിജ്ഞാനങ്ങള്‍ കൂടി കോര്‍ത്തിണക്കുമ്പോള്‍ ഇസ്‌ലാമികമായ ബോധം ലഭിക്കുന്ന ഒന്നായ് മാറും. അത്തരം ആശയത്തിന്റെ സൃഷ്ടിയാണ് ഫാളില.
സ്ത്രീ എന്നു പറഞ്ഞാല്‍ പുരുഷന്റെ നേര്‍ പാതി എന്നാണ്. 'ഇസ്‌ലാമിലെ അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം' ആണ് സ്ത്രീ എന്ന് കൊട്ടിഘോഷിക്കുന്ന കാലത്തിലും സ്ത്രീ ഏറ്റവും സമുന്നതമായ പദവിയിലുള്ളവളാണ് എന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്ന രൂപത്തിലാണ് ഫാളില. ഫാളില എന്നു പറഞ്ഞാല്‍ തന്ന ശ്രേഷ്ഠയായവള്‍ എന്നാണ് അര്‍ഥം. ആ അര്‍ഥതലങ്ങളെ അന്വര്‍ഥമാക്കുന്ന രൂപത്തില്‍ ആധുനിക കാലഘട്ടം ആഗ്രഹിച്ച എല്ലാം കോര്‍ത്തിണക്കിയ നൂതന വിദ്യാഭ്യാസ രീതിയാണിത്.
ഒരു മനുഷ്യന്‍ നേടുന്ന നിധികളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായ നിധി സച്ചരിതരായ പെണ്ണാണ്. ഒരു സ്ത്രീക്ക് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും കരസ്ഥമാക്കാന്‍ കഴിയുന്ന ഒരു നല്ല സംവിധാനം. മകളാകുമ്പോള്‍, സഹോദരിയാകുമ്പോള്‍, ഭാര്യയാകുമ്പോള്‍, മരുമകളാവുമ്പോള്‍, മാതാവാകുമ്പോള്‍ എന്ന് വേണ്ട ഒരു സ്തീയുടെ നിഖില മേഖലകളേയും ധാര്‍മിക മൂല്യങ്ങള്‍ കൊണ്ടും വിദ്യാസമ്പന്നത കൊണ്ടും ജീവസ്സുറ്റതാക്കുന്ന കരിക്കുലമാണ് പഠിപ്പിക്കപ്പെടുന്നത്.
ഏറ്റവും നല്ല സംസ്‌കാരം ഏറ്റവും നല്ല അദബ് കരസ്ഥമാക്കുമ്പോഴാണ്. നാളെത്തെ തലമുറയെ നന്മയുടെ വഴിത്താരകളിലൂടെ സഞ്ചരിപ്പിക്കാന്‍, സ്വന്തത്തെ, കുടുംബത്തെ, സമൂഹത്തെ സമുന്നത പദവിയിലേക്ക് എത്തിക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന ഒരു കൂട്ടം സദ്‌വൃത്തരായ പെണ്‍കുട്ടികളെ വാര്‍ത്തെടുക്കാന്‍ തയ്യാറാക്കിയതാണ് ഫാളില.
മതപഠനത്തോടൊപ്പം ഭൗതിക പഠനവും സമന്വയിപ്പിച്ചു കൊണ്ട് സമസ്ത ഒരുക്കിയ ഫാളില കോഴ്‌സ്, ഭൗതിക പഠനത്തില്‍ മാത്രം നിറഞ്ഞുനില്‍ക്കുന്ന പുതുതലമുറയിലെ പെണ്‍മക്കളെ ആത്മീയ മൂല്യങ്ങളിലൂന്നി ധാര്‍മിക ബോധം നല്‍കി ഉത്തമ കുടുംബിനിയാക്കുന്ന, കാലം ആഗ്രഹിച്ച പുതിയ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നല്‍കുന്നത്.
നല്ല ജീവിതചിട്ടകളും കൃത്യനിഷ്ഠയും, ഖുര്‍ആനിന്റെ വചനങ്ങള്‍ ഹൃദയത്തിലേറ്റാനും കുടുംബത്തിനും സമൂഹത്തിനും നന്മയുടെ വക്താക്കളാക്കാന്‍ പറ്റുന്ന ഉത്തമ പെണ്‍മക്കളെ വാര്‍ത്തെടുക്കുന്ന ഫാളില സംവിധാനം കാലംകാത്തിരുന്ന, സമന്വയ വിദ്യാഭ്യാസത്തിന്റെ സമുന്നതമായ സ്ഥാനം ആണ്. നമ്മുടെ പെണ്‍മക്കളെ സുരക്ഷിതമായ സംവിധാനത്തോടെയുള്ള വളര്‍ത്താന്‍ ആഗ്രഹിക്കുന്ന, മകള്‍ കണ്‍കുളിര്‍മയാകാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് ഫാളില കോളജുകള്‍ അവസരം നല്‍കുന്നു.
കേരളത്തിനകത്തും പുറത്തുമായി വളരെ വേഗത്തില്‍ പടര്‍ന്നുപന്തലിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ സ്ത്രീ വിദ്യാഭ്യാസത്തില്‍ പുതുചരിതം തീര്‍ത്തത് സമസ്തയുടെ മാത്രം പ്രത്യേകയാണ്. 6 റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 126 കോളജുകളിലായി 3200 വിദ്യാര്‍ഥിനികള്‍ പഠനം നടത്തുന്നു.
ഭൗതിക വിഷയങ്ങള്‍ക്കു പുറമെ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, താരീഖ്, അറബി ഭാഷ പഠനങ്ങളുമായി കാലികമായി പരിഷ്‌കരിച്ച സിലബസ് ഈ കോഴ്‌സിന്റെ ഹൈലേറ്റാണ്. കൂടാതെ ഒരു കുടുംബിനി അറിഞ്ഞിരിക്കേണ്ട ഹോം സയന്‍സും, വിവാഹിതയാകുന്നതിനു മുന്‍പേ നേടേണ്ട പ്രീമാരിറ്റല്‍ കൗണ്‍സിലിങ്, പാലിയേറ്റീവ് കെയര്‍ പോലെയുള്ള സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും സിലബസില്‍ ഉള്‍പ്പെടുന്നു. വിശുദ്ധ ഖുര്‍ആന്‍ അവസാന ഭാഗങ്ങള്‍ മന:പാഠമാക്കുക എന്നതും സിലബസിന്റെ പ്രധാന ഘടകമാണ്.
പഠനത്തിനു പുറമെ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാനും കലാ കായിക കഴിവുകള്‍ പ്രോത്സാഹിക്കാനും സാഹിത്യ സമാജങ്ങളും സാഹിത്യ ക്ലബ്ബുകളും യൂണിയന്‍ പ്രവര്‍ത്തനങ്ങളും മറ്റും കോ കരിക്കുലര്‍ വിഭാഗത്തിലെ അഭിവാജ്യ ഘടകങ്ങളാണ്.
ദിനേനയുള്ള അസംബ്ലികള്‍ വ്യത്യസ്ത ഭാഷകളില്‍ അവതരിപ്പിക്കുന്നത് ഭാഷാ പഠനത്തിന്റെ പ്രോത്സാഹനമാണ്. പത്രം, വ്യത്യസ്ത മാഗസിനുകള്‍ തുടങ്ങിയവയുടെ നിര്‍ബന്ധിത വായന ശീലിപ്പിക്കുന്നതിലൂടെ ജനറല്‍ നോളജും വായനാ ശീലവും പൊതുബോധവും കുട്ടികളില്‍ ഉണ്ടാക്കുന്നു.
മതഗ്രന്ഥങ്ങളും ഭൗതിക വിജ്ഞാനഗ്രന്ഥങ്ങളും വ്യത്യസ്ത സാഹിത്യരചനകളും അടങ്ങുന്ന ലൈബ്രറിയും ഇതിന്റെ ഭാഗമാണ്. ഹൈടെക് യുഗത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കാനുള്ള സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍ തുടങ്ങിയവ പഠനത്തെ കാര്യക്ഷമമാക്കുന്നു. മത കര്‍മങ്ങളുടെ പ്രായോഗിക പരിശീലനത്തിനും കൃത്യനിഷ്ഠയോടെ നബി ചര്യകള്‍ പിന്‍പറ്റാനുള്ള പരിശീലനങ്ങള്‍ക്കും ബൈത്തുകള്‍, മൗലിദുകള്‍, ഹദ്ദാദ് റാത്തീബ് പോലെയുള്ള ആത്മീയ വേദികള്‍ക്കും അവസരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."