HOME
DETAILS
MAL
സുന്ദരയ്ക്ക് പണം നല്‍കിയത് കുഴല്‍പ്പണക്കേസില്‍ ചോദ്യംചെയ്ത ബി.ജെ.പി നേതാവ്
backup
June 07 2021 | 04:06 AM
കാസര്‍കോട്: കൊടക്കര കുഴല്‍പ്പണക്കവര്‍ച്ചാക്കേസില്‍ അന്വേഷണസംഘം ചോദ്യംചെയ്ത സുനില്‍ നായ്ക്കാണ് തന്റെ വീട്ടിലെത്തി രണ്ടര ലക്ഷം രൂപ നല്‍കിയതെന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സുരേന്ദ്രനായി പത്രിക പിന്‍വലിച്ച എം.സുന്ദരയുടെ മൊഴി.
ബദിയഡുക്ക പൊലിസിന് മുന്നിലാണ് സുന്ദര ഇന്നലെ മൊഴി നല്‍കിയത്. ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദര പത്രിക പിന്‍വലിക്കുന്നതിന് തലേദിവസം, സുനില്‍ നായ്ക് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ സുന്ദരയ്‌ക്കൊപ്പം വീട്ടില്‍ നില്‍ക്കുന്ന ഫോട്ടോ ബി.ജെ.പി ഗ്രൂപ്പുകളില്‍ തന്നെ പ്രചരിച്ചിരുന്നു.
സുനില്‍ നായ്ക്കും ഇത് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. സുരേന്ദ്രന്‍ യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ ട്രഷററായിരുന്നു സുനില്‍ നായ്ക്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നടത്തിയ വെളിപ്പെടുത്തലും സുന്ദര മൊഴിയില്‍ ആവര്‍ത്തിച്ചു. പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായെന്നും അദ്ദേഹം മൊഴിനല്‍കി. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി പണം നല്‍കിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന്‍ നല്‍കിയ പരാതിയിലാണ് പൊലിസ് മൊഴിയെടുത്തത്. വി.വി രമേശന്റെയും മൊഴിയെടുത്തു.
പത്രിക പിന്‍വലിക്കന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കൈക്കൂലി നല്‍കിയതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കെ.സുരേന്ദ്രന്‍, ഏജന്റുമാരായ സുരേഷ് നായ്ക്, അശോക് ഷെട്ടി എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലിസ് മേധാവിക്കാണ് പരാതി നല്‍കിയിരുന്നത്.
പരാതി ബദിയടുക്ക പൊലിസിന് കൈമാറുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കെ.സുരേന്ദ്രനെതിരേ അടക്കം പൊലിസ് കേസെടുക്കും. എന്നാല്‍ കോടതിയുടെ അനുമതി ആവശ്യമുള്ളതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരാതിക്കാരന്‍ ഇന്ന് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെ അപേക്ഷ നല്‍കും. സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുനില്‍ നായ്ക്കിനെതിരേയും പൊലിസ് കേസെടുക്കും. ഭീഷണിയുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സുന്ദരയ്ക്ക് പൊലിസ് സുരക്ഷ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."