സർക്കാർ എങ്ങനെയകറ്റും ആശങ്ക
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ പിരിസ്ഥിതിലോല മേഖല(ഇ.എസ്.സെഡ്)യായി നിലനിർത്തണമെന്ന സുപ്രിംകോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ റിവ്യൂ ഹരജി/ഭേദഗതി ഹരജി നൽകാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്. പരിസ്ഥിതിലോല മേഖലയിൽ സ്ഥിരം കെട്ടിടങ്ങളോ വന്യജീവിസങ്കേതം, ദേശീയ പാർക്കുകൾ എന്നിവിടങ്ങളിൽ ഖനനമോ പാടില്ലെന്നും കഴിഞ്ഞ വെള്ളിയാഴ്ച സുപ്രിം കോടതി വിധിച്ചിരുന്നു. നിലവിൽ ഇ.എസ്.സെഡ് മേഖലയിൽ നിലനിൽക്കുന്ന കെട്ടിടങ്ങളെയും നിർമിതികളെയും കുറിച്ച് സർവേ നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാൻ വനംവകുപ്പിനോട് ആവശ്യപ്പെടുന്ന നിർദേശവും കോടതി വിധിയിൽ ഉണ്ടായിരുന്നു.
കേരളത്തെ സംബന്ധിച്ചേടത്തോളം മലയോര മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് സുപ്രിംകോടതി വിധി. ഇ.എസ്.സെഡ് പരിധി സംബന്ധിച്ച കാര്യത്തിൽ പൊതുതാൽപര്യം കണക്കിലെടുത്ത് ഇളവ് അനുവദിക്കുമെന്ന് കോടതിവിധിയിൽ ഉണ്ടായിരുന്നു. ഇളവ് ആവശ്യമാണെങ്കിൽ കേന്ദ്ര ഉന്നതാധികാര സമിതി(സി.ഇ.സി)യേയും വനം-പരിസ്ഥിതി മന്ത്രാലയത്തെയുമാണ് സമീപിക്കേണ്ടത്. അവർ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ സുപ്രിംകോടതി തീരുമാനമെടുക്കുമെന്നാണ് വിധിയിൽ പറയുന്നത്. എന്നാൽ കേന്ദ്ര ഉന്നാതാധികാര സമിതിയും വനം-പരിസ്ഥിതി മന്ത്രാലയവും കേരളത്തിന്റെ ശുപാർശ പരിഗണിക്കണമെന്നില്ല. പ്രളയഭീഷണിക്ക് തുടർച്ചയായി വിധേയമാകുന്നതിന്റെ അടിസ്ഥാനത്തിൽ ഇളവുകൾക്കുള്ള കേരളത്തിന്റെ ശുപാർശ മേൽപറഞ്ഞ സമിതികൾ അംഗീകരിക്കുമോ? ഈയൊരു പശ്ചാത്തലത്തിലും കൂടിയായിരിക്കാം ഭേദഗതി ഹരജിയുമായി സുപ്രിംകോടതിയെ സമീപിക്കുവാൻ സംസ്ഥാന സർക്കാരിന് പ്രേരണയായിട്ടുണ്ടാവുക. ബഫർസോണിൽ നിന്നു ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ വനം-പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ തന്നെ നൽകിയത് സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. സുപ്രിം കോടതിയിൽ റിവ്യൂഹരജി നൽകാൻ അതും ഒരു കാരണമായിരിക്കണം.
സംസ്ഥാനത്തിന്റെ സാമ്പത്തികനേട്ടം ഉണ്ടാക്കാനായി മാത്രം സംസ്ഥാനങ്ങളുടെ ഇടപെടൽ ചുരുക്കരുതെന്നും പൊതുജനത്തിന് മെച്ചമുണ്ടാകും വിധം പ്രകൃതി-വനം വിഭവങ്ങളുമായി ബന്ധപ്പെട്ട് ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിര വികസനം സാധ്യമാക്കണമെന്നതും സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്ന ഓർമപ്പെടുത്തലും വിധിന്യായത്തിൽ ഉണ്ടായിരുന്നു.
ജനവാസ മേഖലയിൽ പൂജ്യവും മറ്റു പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ വരെ മാത്രവുമായി ഇ.എസ്.സെഡ് നിശ്ചയിക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിൽ ഇരിക്കെയാണ് സുപ്രിംകോടതി വിധി വന്നത്. സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങൾക്ക് പുറത്ത് മാത്രമല്ല അകത്തും ജനവാസമുണ്ട്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഇവരെയെല്ലാം ഒഴിപ്പിക്കേണ്ടിവരും. ഇവരുടെ പുനരധിവാസം സർക്കാരിന് വലിയ തലവേദനയുമാകും. കെട്ടിടങ്ങളെക്കുറിച്ചുള്ള പൂർണ വിവരം മൂന്ന് മാസത്തിനകം നൽകണമെന്ന് വനംവകുപ്പിനോടു കോടതി നിർദേശിച്ചതും സർക്കാരിന് വെല്ലുവിളിയാണ്. സംസ്ഥാനത്ത് കരട് വിജ്ഞാപനത്തിലൂടെ ഇ.എസ്.സെഡിന് നിർദേശിച്ചിട്ടുള്ള വീതി വയനാട് വന്യജീവി സങ്കേതത്തിനു 3.4 കി.മീറ്റർ, പീച്ചി-വാഴാനി 6.2 കി.മീറ്റർ, ചിമ്മിനി 7 കി.മീ, ചൂലന്നൂർ മയിൽസങ്കേതം 3 കി.മീ എന്നിങ്ങനെയാണ്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇതിൽ മാറ്റം ഉണ്ടാവില്ല. പരിസ്ഥിതിലോല മേഖലയിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിച്ചിട്ടുള്ള പ്രവൃത്തികൾക്ക് വീണ്ടും അനുമതി വാങ്ങണമെന്ന കോടതി പരാമർശവും ഉടമകൾക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണ്. അനുമതി തേടിയാലും കോടതിവിധിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അനുകൂല തീരുമാനമെടുക്കണമെന്നില്ല.
ചുരുക്കത്തിൽ മലയോരമേഖലകളിൽ കൃഷിയിറക്കാനും നിർമാണപ്രവൃത്തികൾക്കും എന്നുവേണ്ട എല്ലാറ്റിനും ഒരിക്കൽകൂടി അനുമതി തേടേണ്ട അവസ്ഥയാണ് കോടതി വിധിയെത്തുടർന്നുണ്ടായത്. മലയോരമേഖലകളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും ഹോട്ടലുകൾക്കും വിലക്കുവരും. നേരത്തെ കിട്ടിയ അനുമതി പുതുക്കാൻ വീണ്ടും അപേക്ഷിക്കേണ്ടിവരും. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വീണ്ടും അനുമതി കിട്ടിക്കൊള്ളണമെന്നില്ല. ഇതെല്ലാം പരിഹരിക്കാനും കൂടിയാണ് സർക്കാർ റിവ്യൂ ഹരജി നൽകാൻ ഒരുങ്ങുന്നത്.
സംസ്ഥാനത്ത് 23 വന്യജീവി സങ്കേതങ്ങളാണുള്ളത്. ഇവയ്ക്കുചുറ്റുമുള്ള ഒരു കിലോമീറ്റർ വീതിയിൽ ജനവാസമേഖലകളെ ഒഴിവാക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയിരുന്നു. ശുപാർശയിൽ കേന്ദ്ര സർക്കാർ നടപടിയെടുത്തില്ല. സമ്മർദങ്ങൾക്കൊടുവിലാണ് 21 എണ്ണത്തിന് കേന്ദ്ര സർക്കാർ കരട് വിജ്ഞാപനമിറക്കിയത്. കേന്ദ്രം നിയോഗിച്ച വിവിധ സമിതികൾ കേരളത്തിന്റെ ശുപാർശ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സുപ്രിം കോടതി ഉത്തരവ് വന്നതും.
എല്ലാതരത്തിലും ജനങ്ങളോടൊപ്പമായിരിക്കുമെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നുണ്ടെങ്കിലും മലയോര മേഖലകളിലെ ജനവാസകേന്ദ്രങ്ങളിൽ ആശങ്ക തന്നെയാണുള്ളത്. സുപ്രിം കോടതി വിധിക്ക് മുമ്പെ, ഇളവുകൾ ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ നൽകിയ ശുപാർശകളിലൊന്നും കേന്ദ്ര-പരിസ്ഥിതി മന്ത്രാലയം അനുകൂല തീരുമാനങ്ങൾ എടുത്തിരുന്നില്ല. പശ്ചിമഘട്ടത്തിലെ പ്രകൃതിചൂഷണവും വനമേഖലകളിൽ ഉണ്ടാകുന്ന ഉരുൾപൊട്ടലുകളും കാലാവസ്ഥയിൽ തുടച്ചയായുണ്ടാകുന്ന വ്യതിയാനവും പ്രകൃതിദുരന്തങ്ങളും കണക്കിലെടുത്താണ് ദേശീയ ഹരിത ട്രൈബ്യൂണലും വനം-പരിസ്ഥിതി മന്ത്രാലയങ്ങളും നടപടിയെടുത്തിരുന്നത്. സുപ്രിംകോടതി വിധിയും ഈ നടപടികളെ സാധൂകരിക്കുന്നതാണ്. സുപ്രിംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവിനെതിരേ നിയമവഴി തേടുന്ന സർക്കാർ സംരക്ഷിതമേഖലയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് 2019 ഒക്ടോബർ 23ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നുവെന്നത് അത്ഭുതകരംതന്നെ. ആ തീരുമാനത്തിന് ബലം നൽകുന്ന കോടതി വിധിയിൽ ഇളവുവേണമെന്നാണ് ഇപ്പോൾ സർക്കാരിന്റെ ആവശ്യം. പരസ്പരവിരുദ്ധമാണ് സർക്കാർ നിലപാട്. പരിസ്ഥിതിലോല മേഖല തീരുമാനിക്കുന്ന കാര്യത്തിൽ സർക്കാരിന് ഒരു ശുഷ്കാന്തിയുമുണ്ടായിരുന്നില്ലെന്നാണ് ഇതിൽ നിന്നെല്ലാം മനസിലാകുന്നത്.
പരിസ്ഥിതിലോല മേഖല ഉത്തരവിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റേയും ഉന്നതാധികാര സമിതിയുടേയും അനുമതി തേടിയ ശേഷം മുന്നോട്ടുപോകാൻ ശ്രമിക്കുമെന്ന സർക്കാർ വാദത്തിന് തടസം നിൽക്കുന്നത് മന്ത്രിസഭാ യോഗമെടുത്ത തീരുമാനം തന്നെയാണ്. എന്നിരിക്കെ എങ്ങനെയാണ് സർക്കാർ ജനങ്ങളുടെ ആശങ്കയകറ്റുക. വനസംരക്ഷണം ഉറപ്പാക്കിയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയും മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും എങ്ങനെയെന്ന ചോദ്യം ബാക്കിനിൽക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."