അടുത്തവര്‍ഷം ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്നാക്കും: മുഖ്യമന്ത്രി
നെടുമ്പാശ്ശേരി: അടുത്തവര്‍ഷം മുതല്‍ ഹജ്ജ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാകുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഹജ്ജ് ക്യാംപ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലമെടുപ്പ് വേഗത്തില്‍ സൗഹാര്‍ദപരമായി തീര്‍ക്കുന്നതിനുള്ള ശ്രമം എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം. സ്വാഗതപ്രസംഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ കരിപ്പൂരിലെ അസൗകര്യം മൂലമാണ് ഇക്കുറിയും നെടുമ്പാശ്ശേരിയില്‍ താല്‍ക്കാലിക ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യത്തില്‍ യാതൊരുവിധ ആശങ്കകളും വേണ്ട. സ്ഥലം ഏറ്റെടുക്കുമ്പോള്‍ ചെറിയ വിഷമതകള്‍ ഉണ്ടാകും. ആവശ്യമായ നഷ്ടപരിഹാരവും പുനരധിവാസവും സര്‍ക്കാര്‍ ഉറപ്പാക്കികൊണ്ടായിരിക്കും സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുക. സ്ഥലമുടമകള്‍ സ്ഥലംവിട്ടുനല്‍കുന്നതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്കായി തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ വിമാത്താവളവികസനം വേഗത്തിലാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. സ്ഥലത്തിന്റെ ഏറ്റെടുക്കല്‍ പ്രക്രിയ തുടങ്ങിവയ്ക്കാന്‍ കഴിഞ്ഞാല്‍തന്നെ കേന്ദ്രസര്‍ക്കാര്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് അനുമതി നല്‍കുമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തുനിന്ന് ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും സംസ്ഥാന സര്‍ക്കാരും നിതാന്തജാഗ്രതയാണ് പുലര്‍ത്തുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനമാതൃക ഏറെ ശ്രദ്ധ ആകര്‍ഷിച്ചതാണ്.
കേരള മോഡലിലുള്ള പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്നാണ് സഊദി കോണ്‍സുലേറ്റും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും മറ്റ് സംസ്ഥാന ഹജ്ജ് കമ്മിറ്റികളോട് നിര്‍ദേശിച്ചിരിക്കുന്നത്.
കേരളചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും അധികം ആളുകളെ സംസ്ഥാന ഹജ്ജ് കമ്മിറ്റിമുഖേന യാത്രയാക്കാന്‍ കഴിയുന്നത്. ഇത് കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെയും സര്‍ക്കാരിന്റെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സംഗമമായി സംസ്ഥാന ഹജ്ജ് ക്യംപിന്റെ ഉദ്ഘാടനചടങ്ങ് മാറിയിരിക്കുകയാണെന്നും ഹജ്ജ് കര്‍മത്തിന്റെ സാമൂഹ്യമായ പ്രധാന്യം വര്‍ധിച്ചിരിക്കുകയാണെന്നും ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
കൂടുതല്‍ തീര്‍ഥാടകരെ അയക്കാന്‍ ഇക്കുറി കഴിഞ്ഞത് സംസ്ഥാനസര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണകൊണ്ടാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. ഹജ്ജ് ക്യാംപിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിന് കൂട്ടായ പ്രവര്‍ത്തനമാണ് സിയാലിന്റെയും കേന്ദ്ര- സംസ്ഥാന ഹജ്ജ് കമ്മറ്റികളുടെയും ഭാഗത്തു നിന്നുണ്ടായത്.
അനുവദിക്കപ്പെട്ട ക്വാട്ടയേക്കാള്‍ ഇരട്ടിയിലധികം പേരെ ഹജ്ജിന് അയക്കാന്‍ കഴിഞ്ഞതില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും സമുദായസംഘടനാ നേതാക്കളും സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."