രാഷ്ട്രപതി മൂന്നു ദയാഹരജികള്‍ കൂടി തള്ളി
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പേരുടെ ദയാഹരജികള്‍ കൂടി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശികളായ ജസ്‌വീര്‍ സിങ്, വിക്രം സിങ്, ഉത്തര്‍പ്രദേശിലെ മുറാദാബാദ് സ്വദേശി ശബ്‌നം എന്നിവരുടെ ദയാഹരജികളാണ് രാഷ്ട്രപതി തള്ളിയത്. ഈ മാസം ഏഴിന് രാഷ്ട്രപതി ഇവരുടെ ദയാഹരജികള്‍ തള്ളിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്തുവിട്ടത്. കൊലപാതക കേസുകളില്‍ സുപ്രിംകോടതി ഇവര്‍ക്കെതിരേയുള്ള വധശിക്ഷ ശരിവച്ചിരുന്നു. പഞ്ചാബ് സ്വദേശികളുടെ ഹരജി ജൂണ്‍ 23നും ശബ്‌നത്തിന്റെത് മാര്‍ച്ച് 31നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനക്കായി സമര്‍പ്പിച്ചത്. 2005ല്‍ അഭിവര്‍മ എന്ന 16കാരനായ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ പാട്യാല സെന്‍ട്രല്‍ ജയിലിലാണ് ജസ്‌വീര്‍ സിങ്ങും സിക്രം സിങ്ങും. ഇതേ കേസില്‍ 2010 ജനുവരിയില്‍ ജസ്‌വീര്‍ സിങ്ങിന്റെ ഭാര്യയെ സുപ്രിംകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2008 ല്‍ ശബ്‌നവും കാമുകന്‍ സലീമും ചേര്‍ന്ന് ശബ്‌നത്തിന്റെ കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. 2015 മെയിലാണ് സുപ്രിംകോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. ശബ്‌നം മുറാദാബാദ് ജയിലിലും സലീം ആഗ്ര ജയിലിലുമാണ് കഴിയുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ മാനുഷിക നീതി അര്‍ഹിക്കുന്നുണ്ടെന്നും ധൃതിപിടിച്ചും രഹസ്യമായും അവരുടെ വധശിക്ഷ നടപ്പാക്കരുതെന്നും ഇരുവരുടെയും ഹരജി പരിഗണിച്ചുകൊണ്ട് സുപ്രിംകോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു.
പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായ 2012 മുതല്‍ ഇതുവരെ അദ്ദേഹത്തിന്റെ പരിഗണനയ്ക്കുവന്നത് 39 ദയാഹരജികളാണ്. ഇതില്‍ രണ്ടുപേരുടെ ദയാഹരജികള്‍ മാത്രമാണ് ജീവപര്യന്തമായി കുറച്ചു നല്‍കി ഇളവ് ചെയ്തത്. അടുത്ത ജൂലൈയില്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയാണ്. രാജ്യത്ത് ഏറ്റവുമധികം ദയാഹരജികള്‍ തള്ളിയ രാഷ്ട്രപതിയാണ് പ്രണബ്. 37 പേരെയാണ് അദ്ദേഹം കഴുമരത്തിനു വിട്ടുകൊടുത്തത്. ദയാഹരജി തള്ളിയെങ്കിലും മൂന്നുപേരുടെ ശിക്ഷ മാത്രമാണ് നടപ്പാക്കിയത്. മുംബൈ ഭീകരാക്രമണ കേസില്‍ അജ്മല്‍ കസബിനെ 2012 നവംബറിലും പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിനെ 2013 ഫെബ്രുവരിയിലും 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ യാക്കൂബ് മേമനെ 2015 ജൂലൈയിലും തൂക്കിലേറ്റി.
രാജ്യം സ്വതന്ത്രമായതിനുശേഷം ഇതുവരെ 58 വധശിക്ഷകളാണ് നടപ്പാക്കിയത്. ഭരണഘടന പ്രകാരം രാഷ്ട്രപതിക്ക് ദയാഹരജി സ്വീകരിച്ച് മാപ്പുനല്‍കി ശിക്ഷ റദ്ദാക്കാനും ഇളവുനല്‍കാനും അധികാരമുണ്ട്. എന്നാല്‍, രാഷ്ട്രപതി സ്വയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."