പ്രവാചകനിന്ദ; പ്രതിഷേധിച്ചവരുടെ വീടുകൾക്ക് നേരെയും ബുൾഡോസർ
സഹാറൻപൂർ
ഉത്തർപ്രദേശിൽ രണ്ടു നഗരങ്ങളിൽ പ്രവാചകനിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ചവരുടെ വീടുകളിലേക്ക് ബുൾഡോസർ രാജുമായി യോഗി സർക്കാർ. സഹാറൻപൂരിലും കാൺപൂരിലുമാണ് പൊളിച്ചുനീക്കൽ. സാമുദായിക സ്പർധ പടർത്തിയെന്ന് ആരോപിച്ചാണ് ഇവരുടെ വീടുകളുടെ ചില ഭാഗങ്ങൾ മുനിസിപ്പൽ അധികൃതർ പൊളിച്ചത്. സഹാറൻപൂരിൽ കഴിഞ്ഞദിവസം 64 പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊളിച്ചുനീക്കലിന്റെ വിഡിയോ യു.പി പൊലിസ് പുറത്തുവിട്ടു.
പ്രതിഷേധത്തിൽ പങ്കെടുത്ത മുസമ്മിൽ, അബ്ദുൽ വാഖിർ എന്നിവരുടെ വീടിന്റെ ഗേറ്റും ചുറ്റുമതിലും അനധികൃതമാണെന്നാരോപിച്ചാണ് പൊളിച്ചത്. കാൺപൂരിലും സമാനരീതിയിൽ പൊളിക്കൽ നടന്നു. ജൂൺ 3ന് പ്രതിഷേധത്തിൽ പങ്കെടുത്ത സാഫർ ഹയാത് ഹാഷ്മിയുടെ അടുത്ത ബന്ധുവിന്റെ കെട്ടിടമാണ് പൊളിച്ചത്. ഹാഷ്മിയുടെ ബന്ധു മുഹമ്മദ് ഇഷ്തിയാഖിന്റെ പുതുതായി പണികഴിപ്പിച്ച കെട്ടിടമാണ് പൊളിച്ചത്.
കാൺപൂർ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് നടപടി സ്വീകരിച്ചതെന്ന് അഡിഷനൽ കമ്മിഷണർ ഓഫ് പൊലിസ് ആനന്ദ് പ്രകാശ് തിവാരി പറഞ്ഞു. കാൺപൂരിൽ അക്രമങ്ങൾ നടന്ന പ്രദേശത്തുനിന്ന് മൂന്നു കിലോമീറ്റർ അകലെ സ്വരൂപ്‌നഗർ പ്രദേശത്താണ് കെട്ടിടം. പ്രാദേശികനേതാവായ ഹാഷ്മിയുടെ പണം കൊണ്ടാണ് ഈ കെട്ടിടം പണികഴിപ്പിച്ചതെന്നാണ് പൊലിസ് സംശയിക്കുന്നത്. ഹാഷ്മിയെ 72 മണിക്കൂർ പൊലിസ് കസ്റ്റഡിയിൽ വിടാൻ വെള്ളിയാഴ്ച പ്രാദേശിക കോടതി ഉത്തരവിട്ടിരുന്നു. ഹാഷ്മിക്കൊപ്പം ജാവേദ് അഹമ്മദ് ഖാൻ, മുഹമ്മദ് റാഹിൽ, സുഫിയാൻ എന്നിവരെയും പൊലിസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."