റഫിയെ കേൾക്കാൻമരത്തിൽ കയറിയ കഥ
ഭാസ്കരൻ ചേലേമ്പ്ര
കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു മാമുക്കോയ. നടനും അപ്പുറത്തെ നല്ല മനുഷ്യൻ. സാംസ്കാരിക പ്രവർത്തകൻ. ദൂരസ്ഥലങ്ങളിൽ എത്തുമ്പോൾ, കോഴിക്കോട്ടുകാരനാണ് എന്നു പരിചയപ്പെടുത്തേണ്ടിവരുമ്പോൾ, മാമുക്കോയയുടെ പരിചയക്കാരനാണ് എന്നറിയിക്കുമ്പോൾ അന്നാട്ടുകാരുടെ മുഖത്തു വിടരുന്ന അത്ഭുതവും ബഹുമാനവും ഏറെ അനുഭവിച്ചിട്ടുണ്ട്.
മാമുക്കോയയുമായുള്ള നേരിയ പരിചയം സുദൃഢമായത് ഏതാനും വർഷങ്ങൾക്കു മുമ്പാണ്. മാമുക്കോയ പറഞ്ഞ് താഹ മാടായി എഴുതി ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 'മാമുക്കോയ' എന്ന ആത്മകഥ പുസ്തകം സ്വീഡൻ കമ്പനിയായ 'സ്റ്റോറിടെൽ' ഓഡിയോ ബുക്ക് ആക്കിയപ്പോൾ അതിന് ശബ്ദം കൊടുക്കാൻ ഈയുള്ളവന് ഭാഗ്യം കിട്ടി. റെക്കോർഡിങ് തുടങ്ങുന്ന ആദ്യ ദിവസം സ്റ്റുഡിയോയിൽ നിന്ന് അദ്ദേഹത്തെ വിളിച്ചു. പുസ്തകം റെക്കോർഡ് ചെയ്യുന്ന കാര്യവും ഞാനാണ് വായിക്കുന്നതെന്നും അനുഗ്രഹിക്കണമെന്നും ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം പാലക്കാട് ഷൂട്ടിങ്ങിലായിരുന്നു. അതിന്റെ തിരക്കിനിടയിലും 'അന്നെ ഞമ്മള് അനുഗ്രഹിച്ചു പഹയാ' എന്ന് പൊട്ടിച്ചിരിയോടെ പറഞ്ഞത് മറക്കാനാവുന്നില്ല. റെക്കോർഡിങ് ചുമതലയുള്ള സൗണ്ട് എൻജിനീയറും പിന്നണി ഗായകനുമായ വിവേക് ഭൂഷന് ഫോൺ കൈമാറി സൗഹൃദം പങ്കിട്ടു. വർഷങ്ങൾക്ക് മുമ്പ് അരക്കിണറിലെ വീട്ടു വരാന്തയിലിരുന്ന് അദ്ദേഹം പങ്കിട്ട, ആത്മകഥയിൽ ഇല്ലാത്ത മറ്റൊരു അനുഭവം കൂടി ഇവിടെ പങ്കുവയ്ക്കട്ടെ.
കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ എം.ഇ.എസിന്റെ വാർഷിക പരിപാടിയുടെ ഭാഗമായി മുഹമ്മദ് റഫിയുടെ ഗാനമേള അരങ്ങേറുകയാണ്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. കല്ലായിയിലെ തടിമില്ലിലെ സാധാരണ തൊഴിലാളിയായ മാമുക്കോയയെ ആര് ക്ഷണിക്കാൻ...? ഗാനമേളയോടും പ്രത്യേകിച്ച് റഫിയോടും താൽപര്യമുള്ള മാമുക്കോയക്ക് ഗാനമേള കേൾക്കണമെന്ന് വലിയ ആഗ്രഹം. പക്ഷേ എന്തു ചെയ്യും? ഒടുവിൽ പരിഹാരവും കണ്ടെത്തി. മാനാഞ്ചിറ ഗ്രൗണ്ടിനടുത്തുള്ള ഒരു വലിയ മരത്തിന്റെ മുകളിൽ കയറിപ്പറ്റി ഗാനമേള മുഴുവനും കണ്ടു, കേട്ടു. ഇടയ്ക്ക് പൊലിസ് വന്ന് മരത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു.
കഥ ഇവിടെ അവസാനിക്കുന്നില്ല. റഫിയുടെ ഗാനമേള സംഘടിപ്പിച്ച എം.ഇ.എസിന്റെ തന്നെ ഒരു ജൂബിലി ആഘോഷത്തിൽ പിൽക്കാലത്ത് മുഖ്യ അതിഥിയായി മാമുക്കോയ പങ്കെടുത്തു. വിധിയുടെ ഇൗ വിളയാട്ടത്തെക്കുറിച്ച് പലരോടും ഇൗ സംഭവം മാമുക്കോയ പറയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."