കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ പഠനം മുടങ്ങരുത്: പണപ്പിരിവ് തടയണമെന്നും സുപ്രിം കോടതി
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രിംകോടതി. അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഇത്തരം കുട്ടികളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തി സന്നദ്ധസംഘടനകളും മറ്റും പണംപിരിക്കുന്നത് തടയണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ വിഷയത്തില്‍ സ്വമേധയാ ഇടപെട്ടാണ് കോടതിയുടെ നടപടി.
കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് പഠിക്കുന്നതെങ്കില്‍ അവരെ അവിടെത്തന്നെ പഠനം തുടരാന്‍ അനുവദിക്കുക. ഇനി സ്വകാര്യസ്‌കൂളുകളാണെങ്കില്‍ പഠനം തുടരുന്നതിനുള്ള സൗകര്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ചെയ്തുകൊടുക്കുക. ഇത്തരം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ദേശീയബാലാവകാശ സംരക്ഷണ കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഈ നടപടി വേഗത്തിലാക്കാനും കോടതി ഭരണകൂടത്തോട് നിര്‍ദേശിച്ചു.
ഇത്തരം കുട്ടികളെ സംരക്ഷിക്കുമെന്ന് നേരത്തെ കേരളം തീരുമാനിച്ചിരുന്നു. കേരളത്തിന്റെ നടപടി നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ ഇതേ ബെഞ്ച് പ്രശംസിക്കുകയും ചെയ്തു. ഇത്തരം കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ നിലവില്‍ 3,621 കുട്ടികള്‍ക്കാണ് കൊവിഡ് മൂലം മാതാവിനെയും പിതാവിനെയും നഷ്ടമായത്. 26,176 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെയും നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."