വഞ്ചിക്കപ്പെടുന്ന സമുദായം
മുസ്തഫ മുണ്ടുപാറ
സച്ചാര്‍-പാലോളി കമ്മിറ്റി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു നടപ്പാക്കിയ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ 80:20 എന്ന അനുപാതം കേരള ഹൈക്കോടതി റദ്ദാക്കിയതോടെ, സമുദായം അനര്‍ഹമായി പലതും നേടിക്കൊണ്ടിരിക്കുന്നുവെന്ന ചിലരുടെ പ്രചാരവേലകള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനു തുല്യമായിരിക്കുകയാണ്. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ അവസ്ഥ ഇവിടത്തെ ദലിത്, പിന്നോക്ക സമുദായങ്ങളേക്കാള്‍ പിന്നിലാണെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇതെന്ന് അധികാരികള്‍ പോലും വിസ്മരിക്കുമ്പോള്‍ ആ സമുദായം മാത്രമല്ല, നിഷ്പക്ഷ പൊതുസമൂഹം കൂടിയാണ് വഞ്ചിക്കപ്പെടുന്നത്.
രാജ്യത്തെ ജനങ്ങള്‍ക്ക് സാമൂഹിക നീതി ലഭ്യമാക്കുന്നതിനായി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ നിയമിച്ച അഞ്ച് കമ്മിഷനുകളുടെയും കണ്ടെത്തല്‍ മുസ്‌ലിം സമുദായത്തിന്റെ അവസ്ഥ കേരളത്തില്‍ പോലും വളരെ പിന്നിലാണെന്നായിരുന്നു. 1980 ഡിസംബര്‍ 31 ന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ബി.പി മണ്ഡല്‍ ചെയര്‍മാനായ ആറംഗ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അത് സഗൗരവം വരച്ചുകാട്ടി. മുസ്‌ലിംകളടക്കമുള്ള പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് സര്‍ക്കാര്‍ സര്‍വിസുകളില്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നായിരുന്നു കമ്മിഷന്റെ പ്രധാന നിര്‍ദേശം. എന്നാല്‍ കേരളത്തില്‍ എന്നല്ല, രാജ്യത്തൊരിടത്തും അതു നടപ്പാക്കപ്പെട്ടിട്ടില്ലെന്നത് യാഥാര്‍ഥ്യം.
അതിനുശേഷം, 2000 ഫെബ്രുവരി 11ന് കേരള സര്‍ക്കാര്‍ മുസ്‌ലിം, ഈഴവ തുടങ്ങിയ പിന്നോക്കവിഭാഗത്തിന്റെ സര്‍ക്കാര്‍ സര്‍വിസുകളിലെ പ്രാതിനിധ്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ.കെ നരേന്ദ്രന്‍ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചു. 2001 ഒക്ടോബറില്‍ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജനസംഖ്യയുടെ 24 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തിനു സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വകലാശാല എന്നിവയില്‍ യഥാക്രമം 10.45, 8.67, 11.15 ശതമാനം പ്രാതിനിധ്യം മാത്രമേയുള്ളൂ എന്ന് കണ്ടെത്തി.
എന്നാല്‍ 23 ശതമാനം വരുന്ന മുന്നോക്കക്കാര്‍ക്ക് യഥാക്രമം 38, 36.84, 45.86 ശതമാനം പ്രാതിനിധ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. മുസ്‌ലിം സമുദായത്തിന് ഇങ്ങനെയൊരു പിന്നോക്കാവസ്ഥ വന്നത് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തതുകൊണ്ടാണെന്നും സര്‍ക്കാര്‍ ഈ കുറവുകള്‍ പരിഹരിക്കണമെന്നും നരേന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. മുസ്‌ലിംകള്‍ക്ക് സംവരണത്തിലൂടെ ലഭിക്കേണ്ടിയിരുന്ന 7383 തസ്തികകള്‍ നിഷേധിക്കപ്പെട്ടിരുന്നു. മത്സര പരീക്ഷകളില്‍ മെറിറ്റില്‍ ജോലികളില്‍ കയറിയവരെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു കമ്മിഷന്‍ മുസ്‌ലിം ഉദ്യോഗസ്ഥരുടെ കണക്കെടുത്തിരുന്നതെന്നതും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. തങ്ങള്‍ക്ക് നഷ്ടപ്പെട്ട സീറ്റുകള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിന് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്നു മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും മാറിവരുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും സ്വീകരിച്ചില്ല.
പിന്നീട് യു.പി.എ സര്‍ക്കാര്‍ 2005ല്‍ രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനായി മാത്രം ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ചെയര്‍മാനായി ഏഴംഗ സമിതിയെ നിയോഗിച്ചു. 2006 നവംബര്‍ 11ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ആളുകളില്‍ 30.8 ശതമാനം മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണെന്നും സര്‍ക്കാര്‍ സ്‌കീമുകളുടെ അഞ്ച് മുതല്‍ 16 ശതമാനം വരെ പ്രയോജനം മാത്രമേ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നുള്ളൂ എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ 57 ശതമാനം മുസ്‌ലിം സമുദായ അംഗങ്ങളാണെങ്കിലും ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളുടെ 22 ശതമാനം മാത്രമേ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നുള്ളൂ എന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് അവകാശപ്പെട്ടതിന്റെ പകുതിപോലും സമുദായത്തിന് ലഭിച്ചിട്ടില്ലെന്ന കണ്ടെത്തല്‍ മുസ്‌ലിം സംഘടനകളെപ്പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു. കേരളത്തില്‍ മുസ്‌ലിം സമുദായം 24.6 ശതമാനം ഉണ്ടെങ്കിലും സര്‍ക്കാര്‍ സര്‍വിസില്‍ 10.4 ശതമാനം മാത്രമേ പ്രതിനിധ്യമുള്ളൂ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ ഇത്രയും പരിതാപകരമാണെന്ന് കണ്ടെത്തിയിട്ടും അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന്‍, മുന്നോക്ക വികസന കോര്‍പറേഷന്‍ മാതൃകയില്‍ മുസ്‌ലിം ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. പിന്നീട് നിര്‍ബന്ധിത സാഹചര്യത്തില്‍ സച്ചാര്‍ സമിതിയുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് 2007ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാലോളി മുഹമ്മദ് കുട്ടി ചെയര്‍മാനായി കമ്മിറ്റിയെ നിയോഗിച്ചു. 2008 ഫെബ്രുവരിയില്‍ പാലോളി കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ 25 വയസുവരെയുള്ളവരില്‍ 14.3ശതമാനം മാത്രമാണ് വിദ്യാഭ്യാസം നേടിയത് എന്നായിരുന്നു പാലോളി കമ്മിറ്റിയുടെ കണ്ടെത്തല്‍.
ഇത് ക്രിസ്ത്യന്‍ സമുദായത്തില്‍ 35.4 ശതമാനമാണ്. ക്രിസ്ത്യാനികളില്‍ 34 ശതമാനം തൊഴില്‍ നേടിയപ്പോള്‍ മുസ്‌ലിംകള്‍ 23 ശതമാനം മാത്രമാണ് തൊഴില്‍ കരസ്ഥമാക്കിയിട്ടുള്ളത്. മുസ്‌ലിംകളില്‍ 28.7 ശതമാനത്തോളം ദാരിദ്ര്യത്തിലാണെങ്കില്‍ ക്രിസ്ത്യാനികളില്‍ അത് 4 ശതമാനം മാത്രമാണ്. പല മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനം ഇല്ലെന്നും 26 ശതമാനത്തോളം മുസ്‌ലിംകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ സര്‍വിസില്‍ 11 ശതമാനം മാത്രമാണ് പ്രാതിനിധ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മാത്രം മന്ത്രാലയം രൂപീകരിച്ചപ്പോള്‍ അതിന് ന്യൂനപക്ഷം എന്ന പേരാണ് നല്‍കിയത്.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താനും അഭ്യസ്തവിദ്യരായ മുസ്‌ലിം യുവതീയുവാക്കളെ സര്‍ക്കാര്‍ ജോലികളിലേക്കുള്ള മത്സരപരീക്ഷകള്‍ക്കു പരിശീലനം നല്‍കുന്നതിനായി കോച്ചിങ് സെന്ററുകളും ആരംഭിക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ 2008 ഓഗസ്റ്റില്‍ നടപ്പാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ക്ക് മുസ്‌ലിം എന്ന് പേരു നല്‍കുന്നതിനു പകരം ന്യൂനപക്ഷം എന്നു പേരുനല്‍കി. ഭാവിയില്‍ മുസ്‌ലിം സമുദായത്തിന് തിരിച്ചടിയാവുമെന്ന തിരിച്ചറിവില്ലാതെയായിരുന്നു ഇതെന്ന് പറയാന്‍ കഴിയില്ല. അത് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് നടന്ന സംഭവവികാസങ്ങള്‍. ഇതോടൊപ്പം തന്നെ മുസ്‌ലിം ഉദ്യോഗാര്‍ഥികളുടെ പരിശീലനത്തിനായി കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് എന്ന പേരില്‍ പരിശീലന കേന്ദ്രങ്ങളും തുടങ്ങി.
അധികം വൈകാതെ ഉയര്‍ന്നുകേട്ടത് പാലോളി കമ്മിറ്റി നിര്‍ദേശ പ്രകാരം മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പിലും പരിശീലന കേന്ദ്രങ്ങളിലും മറ്റു സമുദായങ്ങള്‍ക്കു കൂടി അവസരം നല്‍കണമെന്ന ആവശ്യമായിരുന്നു. ക്രൈസ്തവ വോട്ട് ബാങ്ക് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ പദ്ധതിയുടെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാണ് പിന്നീട് കണ്ടത്. 31-1-2011ലെ ഉത്തരവിലൂടെ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പരിശീലന കേന്ദ്രങ്ങളിലെ 10 മുതല്‍ 20 ശതമാനം വരെ സീറ്റുകളില്‍ മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും കൂടി പ്രവേശനം അനുവദിച്ചു. മുസ്‌ലിം വിഭാഗത്തിന് അവസരം നഷ്ടപ്പെടാതെ എന്നായിരുന്നു ഉത്തരവെങ്കിലും പ്രാവര്‍ത്തികമാക്കിയപ്പോള്‍ മുസ്‌ലിംകള്‍ക്കുള്ള 20 ശതമാനം സീറ്റ് വെട്ടിക്കുറച്ചാണ് മറ്റു വിഭാഗങ്ങള്‍ക്ക് നല്‍കിയത്.
22-02- 2011 ന്റെ ഉത്തരവിലൂടെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡ് എന്നിവ ലത്തീന്‍ ക്രിസ്ത്യാനികള്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് കൂടി അനുവദിച്ചുകൊണ്ട് ഉത്തരവിട്ടു. മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തുനിന്ന് ഒരെതിര്‍പ്പുമുണ്ടായില്ല. എന്നാല്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാരിന് അത് തിരുത്താമായിരുന്നെങ്കിലും അതുണ്ടായില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2015ല്‍ വീണ്ടും ഉത്തരവ് ഇറങ്ങി. 80:20 എന്നത് ഇതോടെ തീര്‍ത്തും ആധികാരികമായി. പിന്നീട് പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രി കെ.ടി ജലീല്‍ പാലോളി കമ്മിറ്റി പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് ജോസഫ് മുണ്ടശ്ശേരി, മദര്‍ തെരേസ എന്നിവരുടെ പേരിലേക്ക് മാറ്റി. മാത്രമല്ല കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് എന്നത് മാറ്റി കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് എന്നുമാക്കി.
ഇതു കൂടിയായതോടെ ക്രിസ്ത്യന്‍ നേതാക്കളുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പുകളും ന്യൂനപക്ഷ കോച്ചിങ് സെന്ററിലെ 80 ശതമാനം സീറ്റുകളും മുസ്‌ലിംകള്‍ കൊണ്ടുപോവുന്നു എന്ന പ്രചാരണമായി. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ എന്നല്ല പ്രതിപക്ഷം പോലും തയാറായില്ല. മഹല്ലുകള്‍ പിടിയരിയും തുട്ടു സംഭാവനകളും സ്വീകരിച്ച് നടത്തിപ്പോരുന്ന മദ്‌റസ, പള്ളി സംവിധാനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പെരുപ്പിച്ച കണക്കുകള്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി നിയമസഭയ്ക്കകത്ത് അവതരിപ്പിച്ചതോടെ ശതകോടികളുടെ സഹായങ്ങള്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു നല്‍കുന്നുണ്ടെന്നും പ്രചാരണമുണ്ടായി. ഇത് ഫേസ്ബുക്കടക്കമുള്ള മാധ്യമങ്ങളില്‍ കറങ്ങി. ചില തീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ അവസരം നന്നായി മുതലെടുത്തു.
അതിനിടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനവും മുസ്‌ലിം സമുദായത്തിന് നല്‍കുന്നു എന്നാരോപിച്ച് കേരള ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ടു. എന്നാല്‍ സ്‌കോളര്‍ഷിപ്പിന്റെ ഉദ്ദേശവും അത് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട സാഹചര്യവും കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനം ഒരു സമുദായത്തിന് നീക്കിവയ്ക്കുന്ന ഉത്തരവുകളെ കോടതി റദ്ദ് ചെയ്തു. ഒന്നരപ്പതിറ്റാണ്ടായി അധികാര കേന്ദ്രങ്ങളില്‍ അള്ളിപ്പിടിച്ചിരുന്ന ചില തല്‍പ്പരകക്ഷികളുടെ ലക്ഷ്യം ഇവിടെ പൂര്‍ത്തീകരിച്ചു. ഇവിടെ പരാജയപ്പെട്ടത് സര്‍ക്കാരായിരുന്നില്ല, മറിച്ച് കാലങ്ങളായി വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിം സമുദായമായിരുന്നു. ഹൈക്കോടതി വിധി മറികടക്കാന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ചരിത്രപശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നയപരമായ തീരുമാനങ്ങളെടുക്കാമായിരുന്നെങ്കിലും അതുണ്ടായില്ല. പകരം സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടുകയാണ് ചെയ്തത്. ആ യോഗത്തിലും ആനുകൂല്യം പൂര്‍ണമായും മുസ്‌ലിം സമുദായത്തിന് പുനഃസ്ഥാപിച്ചുകിട്ടുന്നതിന് നടപടിയുണ്ടാവണമെന്ന മുസ്‌ലിം സംഘടനകളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. പകരം വിധിയെക്കുറിച്ച് പഠിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കുകയായിരുന്നു. ഇതോടെ നടപ്പാക്കപ്പെടാത്ത കമ്മിഷനുകളുടെ പട്ടികയിലേക്ക് പുതിയ വിദഗ്ധസമിതി റിപ്പോര്‍ട്ടു കൂടി വരാന്‍പോവുകയാണ്.
അവകാശനിഷേധത്തിന്റെയും വഞ്ചനയുടെയും ചരിത്രമാണ് കഴിഞ്ഞ കാലങ്ങളില്‍ നടന്നത്. സവര്‍ണാധിപത്യത്തിന്റെയും ചതിയുടെയും ചിത്രങ്ങളാണ് ഓരോ നാളും തെളിഞ്ഞു വരുന്നത്. ഇവിടെ ജീവിച്ചോളൂ, അവകാശങ്ങളൊന്നും ചോദിച്ച് ഇങ്ങോട്ടു വരരുത് എന്നാണ് അധികാരത്തിലിരിക്കുന്ന ചിലരെങ്കിലും മുസ്‌ലിം സമുദായത്തോട് പറയാതെ പറയുന്നത്. ഇത്തരത്തിലുള്ള അവകാശനിഷേധങ്ങള്‍ ഇനിയും തുടരാന്‍ അനുവദിച്ചുകൂടാ. പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാതെ ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും അത് പൂര്‍ണമായും നടപ്പാക്കുമെന്ന് പ്രകടന പത്രികയില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ഇത്തരത്തില്‍ വടിയില്‍ വച്ചുകെട്ടിയ പുല്ലു കാട്ടി തങ്ങള്‍ക്കൊപ്പം നടത്തിക്കാന്‍ ഈ സമുദായത്തെ ഇനിയും കിട്ടില്ലെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഓര്‍ക്കുന്നത് നന്ന്.
മാറിവന്ന സര്‍ക്കാരുകളും രാഷ്ട്രീയപ്പാര്‍ട്ടികളും രാജ്യത്തെ ഏറ്റവും പിന്നോക്കമായ മുസ്‌ലിം സമുദായത്തോട് കാണിച്ചിട്ടുള്ളത് അനീതി മാത്രമാണ്. സംഘ്പരിവാര്‍ പരസ്യമായി ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ നിസംഗ മനോഭാവത്തിലൂടെയും കൂടെയുണ്ടെന്ന ഭാവം നടിച്ചും മറ്റുമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നുവെന്നേയുള്ളൂ. ഫലത്തില്‍ ന്യൂനപക്ഷ പിന്നോക്കവിഭാഗങ്ങള്‍ക്ക് എന്നും സങ്കടക്കണ്ണീര്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."