നടപടിക്രമങ്ങള്‍ക്ക് വാക്കുകളേക്കാള്‍ വേഗം ; തൃശൂരില്‍ തടങ്കല്‍പാളയം പ്രവര്‍ത്തിച്ചുതുടങ്ങി; അടുത്തത് തിരുവനന്തപുരത്തും കോഴിക്കോട്ടും
പാലക്കാട്: സി.എ.എ, എന്‍.ആര്‍.സി ഭീഷണി വീണ്ടുമുയരുന്നതിനിടെ, തൃശൂരില്‍ സാമൂഹ്യനീതിവകുപ്പിന്റെ കീഴില്‍ കരുതല്‍പാളയം പ്രവര്‍ത്തന സജ്ജമാക്കിയതിനു തൊട്ടു പിറകെ തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കു തുടക്കമായി. തൃശൂര്‍ നഗരത്തില്‍തന്നെ വാടക കെട്ടിടത്തിലാണ് തടങ്കല്‍പാളയം സജ്ജമായിട്ടുള്ളത്. തിരുവനന്തപുരത്തും കോഴിക്കോടും കേന്ദ്രത്തിനുപറ്റിയ സ്ഥലം കണ്ടെത്താന്‍ ബന്ധപ്പെട്ട സാമൂഹ്യനീതി വകുപ്പ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സായുധപൊലിസ് കാവലൊരുക്കുന്ന തടങ്കല്‍പാളയത്തിന്റെ നടത്തിപ്പ് സാമൂഹ്യനീതി വകുപ്പിനാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ സൂപ്രണ്ടി(ഗ്രേഡ് രണ്ട്)നാണ് കേന്ദ്രത്തിന്റെ പ്രാദേശിക ഭരണചുമതല. എന്നാല്‍ കേന്ദ്രത്തിന്റെ കടിഞ്ഞാണ്‍ പൊലിസിലെ പ്രത്യേക വിഭാഗമാണ് കൈകാര്യം ചെയ്യുക. വിദേശികളായ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നുവന്ന വിധിയെ മറയാക്കിയാണ് നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ഇറക്കിയ വിവാദ ഉത്തരവ് പുനര്‍വിജ്ഞാപനം നടത്തി തടങ്കല്‍കേന്ദ്രം തുടങ്ങിയിരിക്കുന്നത്. ഇപ്പോള്‍ 15 പേരെ പാര്‍പ്പിക്കാനുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാവുന്ന മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോടു വ്യക്തമാക്കി.
രണ്ടു നൈജീരിയക്കാരും ഒരു മ്യാന്‍മര്‍ പൗരനുമായി ബന്ധപ്പെട്ടാണ് ജയില്‍ അല്ലാത്ത സംവിധാനത്തില്‍ താമസിപ്പിക്കാന്‍ ഹൈക്കോടതിയില്‍ നിന്നും വിധിയുണ്ടായത്. ഇവര്‍ മൂന്നുപേരുടേയും ശിക്ഷാ കാലാവധി അവസാനിച്ച സാഹചര്യത്തിലായിരുന്നു വിധി. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള സി.എ.എ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടങ്കല്‍ കേന്ദ്രം ഭാവിയില്‍ ഉപയോഗപ്പെടുത്തുക കേന്ദ്രത്തിന്റെ പദ്ധതിയ്ക്കുവേണ്ടിയായിരിക്കുമെന്നും വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആശങ്കപ്രകടിപ്പിക്കുന്നു.
കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും വെല്ലുവിളി നേരിടുമ്പോള്‍, രാജ്യത്തെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന പൗരത്വ ഭേദഗതിനിയമം (സി.എ.എ), ദേശീയ പൗരത്വപട്ടിക (എന്‍.സി.ആര്‍), ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍) എന്നിവ നിര്‍ത്തിവച്ചുവെന്ന് ജനങ്ങള്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് അണിയറയില്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. ഏറ്റവും പുതിയ സെന്‍സസും ദേശീയ പൗരത്വ രജിസ്റ്ററും സംബന്ധമായ കരടുവിവരങ്ങള്‍ 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി തയാറാക്കാനുള്ള ഒരുക്കങ്ങളാണ് കേന്ദ്രം നടത്തുന്നത്. ദേശീയതലത്തില്‍ നിയമം നടപ്പിലാക്കുന്നതിനു മുന്‍പുതന്നെ, ബംഗാളിലേയും അസമിലേയും ആളുകളെ പൗരത്വത്തിന്റെ പേരില്‍ കേരളത്തിലെ തടങ്കല്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."