വിമാനത്തിലെ പ്രതിഷേധം: സഹയാത്രികരുടെ മൊഴിയെടുത്തു വിമാനക്കമ്പനിയുടെ റിപ്പോർട്ട് ആയുധമാക്കാൻ പൊലിസ്
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
മുഖ്യമന്ത്രിക്കെതിരേ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ സഹയാത്രികരുടെ മൊഴി എടുത്ത് പൊലിസ്. ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. കോടതി മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ആയിരുന്നു നിലവിൽ കേസ് പരിഗണിച്ചിരുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ തന്നെയായിരുന്നു ശ്രമമെന്ന് പ്രോസിക്യൂഷൻ വാദത്തിനിടെ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഏറ്റവും കുറവ് സുരക്ഷ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് പ്രതികൾ വിമാനം തെരഞ്ഞെടുത്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതി 13 കേസുകളിൽ പ്രതിയാണെന്നും സർക്കാർ വ്യക്തമാക്കി.
പ്രതികളുടെ ജാമ്യഹരജിയും കസ്റ്റഡി അപേക്ഷയുമെല്ലാം ഇനി പ്രിൻസിപ്പൽ സെഷൻസ് കോടതിയാകും പരിഗണിക്കുക. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനുവാണ് സർക്കാരിന് വേണ്ടി ഹാജരാകുന്നത്.
പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ട് വിമാനക്കമ്പനി പൊലിസിന് കൈമാറി. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയാറെടുക്കവെ മൂന്നു പേർ മുഖ്യമന്ത്രിക്ക് അരികിലേക്കു പാഞ്ഞടുത്തുവെന്ന് പൊലിസിന് നൽകിയ റിപ്പോർട്ടിൽ ഇൻഡിഗോ പറയുന്നു. മുഖ്യമന്ത്രിക്കു നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും പൊലിസ് റിപ്പോർട്ടിൽ പറയുന്നു.
കേസിൽ വിമാനക്കമ്പനിയുടെ റിപ്പോർട്ട് ആയുധമാക്കാനാണ് പൊലിസ് തീരുമാനം. റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമം എന്ന ഗുരുതര കുറ്റം തെളിയിക്കുകയാണ് പൊലിസിന്റെ മുന്നിലെ വെല്ലുവിളി. രാഷ്ട്രീയ പ്രതിഷേധം എങ്ങിനെ വധശ്രമമാകുമെന്ന പ്രതിഭാഗത്തിന്റെ ചോദ്യവും മുഖ്യമന്ത്രി വിമാനത്തിൽ നിന്നിറങ്ങിക്കഴിഞ്ഞ ശേഷമാണ് പ്രതിഷേധമുണ്ടായതെന്ന സംശയവും കേസിന് എതിരായി നിൽക്കുന്നു.
എന്നാൽ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ റിപ്പോർട്ട് ഇതിന് എതിരായ തെളിവെന്നാണ് പൊലിസ് വാദം. പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് നടന്നടുത്തുവെന്ന് റിപ്പോർട്ടിലുണ്ടെന്നും അത് പൊലിസിന്റെ എഫ്.ഐ.ആറിലെ കണ്ടെത്തൽ ശരി വയ്ക്കുന്നതാണന്നും പൊലിസ് വാദിക്കുന്നു.
അതിനിടെ യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ട എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരേ പത്തിലേറെ പരാതികൾ ഡി.ജി.പിക്ക് ലഭിച്ചു. അവയെല്ലാം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറയ്ക്ക് കൈമാറിയെങ്കിലും കേസെടുത്തിട്ടില്ല.മർദനമേറ്റ യൂത്ത് കോൺഗ്രസുകാർ പരാതി നൽകിയിട്ടില്ല. കോടതിയെ സമീപിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."