10 വര്‍ഷത്തെ ഒളിവുകാലപ്രണയത്തില്‍ ഒളിഞ്ഞിരിക്കുന്നതെന്ത് ? സജിതയുടെയും റഹ്മാന്റെയും വാദങ്ങളെ തള്ളി രക്ഷിതാക്കള്‍
സ്വന്തം ലേഖകന്‍
പാലക്കാട്: പത്തുവര്‍ഷം ഒറ്റമുറിയില്‍ സജിതയെ താമസിപ്പിച്ചെന്ന റഹ്മാന്റെ വാദങ്ങളെ തള്ളി മാതാപിതാക്കള്‍. തങ്ങളെ അപമാനിക്കാനാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുന്നതെന്നും സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്റെ പിതാവ് മുഹമ്മദ് ഗനിയും മാതാവ് ആത്തികയും പറഞ്ഞു.
'സജിത രാത്രികളില്‍ പുറത്തിറങ്ങാന്‍ ഉപയോഗിച്ചുവെന്ന് പറയുന്ന ജനലിന്റെ അഴികള്‍ മൂന്നുമാസം മുന്‍പ്, റഹ്മാന്‍ വീടുവിട്ടിറങ്ങുന്ന സമയത്താണ് മുറിച്ചുമാറ്റിയത്. റഹ്മാന്‍ താമസിച്ചിരുന്നത് പാതി ചുമരുള്ള മുറിയിലാണ്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അറിയാന്‍ സാധിക്കുമായിരുന്നു. റഹ്മാനല്ലാതെ മറ്റാരേയും ആ മുറിയില്‍ കണ്ടിട്ടില്ല. ആരുടേയും ശബ്ദവും കേട്ടിട്ടില്ല, ഒരു ചെറിയ ശബ്ദമുണ്ടായാല്‍ പോലും തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന ഞങ്ങള്‍ക്കറിയാമായിരുന്നു'.
മാതാപിതാക്കള്‍ പറഞ്ഞു. മൂന്നുവര്‍ഷം മുന്‍പാണ് വീടിന്റെ മേല്‍ക്കൂര പൊളിച്ചുപണിതത്. അന്ന് റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. അസ്വാഭാവികമായി ഒന്നുംതന്നെ ആ മുറിയില്‍ കണ്ടിരുന്നില്ല. ഒരു കട്ടില്‍ പോലുമില്ലാത്ത, ചെറിയ ടീപോയ് മാത്രമുണ്ടായിരുന്ന മുറിയില്‍ സജിത എങ്ങനെ ഒളിച്ചിരുന്നെന്ന് മനസിലാകുന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. ടീപോയിക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹമാന്‍ പറഞ്ഞത്. ഇത് വിശ്വസിക്കാനാകില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ താമസിപ്പിക്കുകയോ മറ്റെന്തെങ്കിലും ജോലിക്കയക്കുകയോ ചെയ്തതാകാമെന്നും അവര്‍ പറഞ്ഞു. റഹമാന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചിലസമയങ്ങളില്‍ പൊട്ടിക്കരയുകയും ശബ്ദമുണ്ടാക്കുകയും ചെയ്തിരുന്നു. അതിന് ചികിത്സ നടത്തിയിരുന്നുവെന്നും മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
എന്നാല്‍, ഇവിടെ തന്നെയാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്ന വാദത്തില്‍ റഹ്മാനും സജിതയും ഉറച്ചു നില്‍ക്കുകയാണ്. പത്തുവര്‍ഷം സജിതയെ സ്വന്തംവീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ചെന്ന് റഹ്മാന്‍ വെളിപ്പെടുത്തിയപ്പോള്‍ വീടും താമസിച്ചെന്ന് പറയപ്പെടുന്ന മുറിയും പൊലിസ് പരിശോധിച്ചിരുന്നു. ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്നാണ് പൊലിസ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."