'കോടതി വിധി കേരളത്തിലെ സാമൂഹ്യാവസ്ഥ പരിഗണിക്കാതെ'; ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ എം.വി ജയരാജന്‍
കണ്ണൂര്‍: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദത്തില്‍ കോടതിവിധിയെ വിമര്‍ശിച്ച് സി.പി.എം നേതാവ് എം വി ജയരാജന്‍.കേരളത്തിലെ സാമൂഹ്യാവസ്ഥ പരിഗണിക്കാതെയാണ് വിധിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച വെര്‍ച്ച്വല്‍ സെമിനാറില്‍ ആയിരുന്നു ജയരാജന്റെ പരാമര്‍ശം.
കോടതി കേരളത്തിലെ സാമൂഹിക സാഹചര്യം മനസിലാക്കണമായിരുന്നു. പാലോളി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ആഴത്തില്‍ പഠിക്കണമായിരുന്നു. ഇഥ് പഠിക്കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'പാലൊളി കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തീര്‍ച്ചയായും സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കി. ന്യൂനപക്ഷങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്. അത് അവഗണിക്കണമെന്ന് ആര്‍ക്കും അഭിപ്രായമില്ല. ഒരു കൂട്ടരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ മറ്റൊരു കൂട്ടരുടെ പിന്നോക്കാവസ്ഥ തടയാനായിക്കൂടാ.
നമുക്ക് കഴിയാവുന്നത് പിന്നോക്കാവസ്ഥയില്‍ കഴിയുന്ന എല്ലാവരുടെയും പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശാസ്ത്രീയമായ ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളലാണ്. ദൗര്‍ഭാഗ്യവശാല്‍ കോടതിവിധി അതിന് സഹായകരമായ വിധത്തിലല്ല വന്നത്. കോടതി കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളെ ശരിയായി വിശകലം ചെയ്യണമായിരുന്നു.- അദ്ദേഹം പറഞ്ഞു.
ജൂഡീഷ്യറിയും വിമര്‍ശനവിധേയനാണ്. വിധികള്‍ മാത്രമല്ല വിമര്‍ശന വിധേയമാക്കേണ്ടത്. തെറ്റായ വിധിന്യായത്തിലേക്ക് എത്തുന്ന ജുഡീഷ്യറിയിലുള്ള ആളുകള്‍, ജഡ്ജിമാര്‍ തെറ്റു ചെയ്യുമ്പോള്‍ തെറ്റു ചെയ്യുന്നവരാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള നിലപാട് സമൂഹത്തിന് ഉണ്ടാകണമെന്നും ജയരാജന്‍ പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ പറഞ്ഞതിന് താനും ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ജനാധിപത്യവും സംഘടിക്കാനും സമരം ചെയ്യാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തെ തടയുന്ന വിധിയെ ശക്തമായി എതിര്‍ത്തു. അത് തെറ്റു തന്നെയാണെന്ന് ഇനിയും ജയിലില്‍ കിടക്കേണ്ടി വന്നാലും തെറ്റാണെന്ന് പറയും. വിമര്‍ശനം എന്നു പറയുന്നത് ജുഡീഷ്യറിയെ ശക്തിപ്പെടുത്തും. ജഡ്ജിമാരുടെ തെറ്റു കണ്ടാല്‍ തെറ്റെന്ന് പറയാനുള്ള തന്റേടം കാണിക്കുന്നത് ജുഡീഷ്യറിയെ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."