ദിനംപ്രതി അര ലക്ഷത്തിലേറെ സൈബർ ആക്രമണങ്ങൾ; ജാഗ്രത പാലിക്കണമെന്ന് യുഎഇ
അബുദാബി: യുഎഇയിൽ ദിവസേന അര ലക്ഷത്തിലേറെ സൈബർ ആക്രമണങ്ങൾ തടയുന്നതായി റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ നിർദേശം നൽകി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കാണ് സൈബർ സുരക്ഷാ കൗൺസിലിന്റെ നിർദേശം. സർക്കാർ, സ്വകാര്യ ഏജൻസികളുടെ സഹകരണം സൈബർ ആക്രമണങ്ങൾ തടയുന്നതിനായി ശക്തമാക്കണമെന്നും നിർദേശമുണ്ട്.
വിവിധ തരത്തിലുള്ള സൈബർ ഭീഷണികളാണ് നേരിടേണ്ടി വരുന്നത്. ആക്രമണങ്ങൾ തടയാൻ അടിയന്തര സുരക്ഷാ സംവിധാനങ്ങൾ സജീവമാക്കണം. പ്രശ്ന പരിഹാരത്തിന് ഡേറ്റ പങ്കിടുന്നത് ഉൾപ്പെടെയുള്ള സഹകരണത്തിന് മുൻകൂട്ടി പദ്ധതി ആവിഷ്ക്കരിക്കണമെന്നും യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു.
ബാങ്കിങ്, ഫിനാൻസ്, ഹെൽത്ത്, ഓയിൽ ആൻഡ് ഗ്യാസ് വിഭാഗങ്ങളാണ് കൂടുതൽ സൈബർ ആക്രമണം നേരിടുന്നതെന്നാണ് വിവരം. ദേശ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ നടക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."