സച്ചാര്‍ സമിതിയാണ് പരിഹാരം
ഹനീഫ പെരിഞ്ചീരി
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കഴിഞ്ഞ മെയ് 28ന് പുറപ്പെടുവിച്ച വിധി ദൗര്‍ഭാഗ്യകരവും സമുദായത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന കാര്യം അവിതര്‍ക്കിതമാണ്. മുസ്‌ലിംകളുടെ വിവിധ മേഖലകളിലുള്ള ഉന്നമനം ലക്ഷ്യമിട്ട് സച്ചാര്‍ സമിതി മുന്നോട്ടുവച്ച ശുപാര്‍ശകളും ഇതോടനുബന്ധിച്ച് പാലോളി സമിതി കൊണ്ടുവന്ന നിര്‍ദേശങ്ങളുമാണ് ഈ വിധിയോടെ അപ്രസക്തമായി മാറിയത്. ജനസംഖ്യാനുപാതികമായല്ല സ്‌കോളര്‍ഷിപ്പ് വിതരണം നടക്കുന്നതെന്നും ഏതാനും ചില വിഭാഗങ്ങള്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. ഇതോടൊപ്പം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 2008, 2011, 2015 വര്‍ഷങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളെല്ലാം കോടതി റദ്ദ് ചെയ്യുകയാണുണ്ടായത്. എന്നാല്‍ ഈ വിധിയിലെ നീതികേട് മനസിലായിട്ടും മറ്റ് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനോ, ബദല്‍ നയങ്ങള്‍ രൂപീകരിക്കാനോ, നിയമപരമായി മുന്നോട്ടുപോകാനോ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്നതും ഗൗരവമായി കാണേണ്ടതുണ്ട്. സ്‌കോളര്‍ഷിപ്പ് വിധി പഠിക്കാന്‍ വിദഗ്ധസമിതിയെ നിയമിക്കുമെന്ന് സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ പറഞ്ഞുവെങ്കിലും ഇത് സംബന്ധിച്ച കരട് വിജ്ഞാപനങ്ങളോ തുടര്‍നടപടികളോ ഇതുവരെയും ഉണ്ടായിട്ടില്ല. നിലവിലെ ഗൗരവകരമായ സാഹചര്യത്തില്‍ സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സമുദായ നേതൃത്വം ആവശ്യപ്പെടുന്നത് സച്ചാര്‍ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി രൂപീകരണമാണ്.
സമിതിയുടെ നാള്‍വഴികള്‍
വാസ്തവത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ ചരിത്രപരമായ രാഷ്ട്രീയപശ്ചാത്തലവും അതിനു പുറകിലെ നീതിസങ്കല്‍പങ്ങളും പരിശോധിക്കാതെയാണ് ഇത്തരമൊരു വിധിയുണ്ടായതെന്നതാണ് യാഥാര്‍ഥ്യം. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച സച്ചാര്‍ സമിതിയുടെ ചരിത്രത്തില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവന്നിരുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസിലാക്കേണ്ടത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്‍ദേശപ്രകാരം മുസ്‌ലിം ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ചെയര്‍മാനായിട്ടുള്ള ഒരു ഉന്നതതല സമിതി 2005 മാര്‍ച്ച് 9ന് രൂപീകരിച്ചു. മുസ്‌ലിംകള്‍ക്ക് പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും നല്‍കണമെന്ന് 2006 നവംബര്‍ 30ന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച 404 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു. മുസ്‌ലിംസമൂഹത്തിന്റെ ജീവിത നിലവാരം മിക്ക സംസ്ഥാനങ്ങളിലും പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങളെക്കാളും പിറകിലാണെന്ന് കണ്ടെത്തിയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ വികസനരംഗത്ത് പല കുതിച്ചുചാട്ടങ്ങള്‍ നടത്തുകയും ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും തോത് കുറയ്ക്കുകയും ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ മുന്നേറ്റം നടത്തുകയും ചെയ്തുവെങ്കിലും ഈ വികസനത്തിന്റെ ഗുണഫലങ്ങള്‍ തുല്യമായി രാജ്യത്തെ എല്ലാ മത, സാമൂഹിക വിഭാഗങ്ങള്‍ക്കും ലഭ്യമാവുകയുണ്ടായില്ല. മുസ്‌ലിം സ്ഥിതിവിശേഷത്തെ കേവലമൊരു ന്യൂനപക്ഷ പ്രശ്‌നമായി മാത്രം ഗണിക്കരുതെന്നും ദേശീയ പ്രശ്‌നമായി കാണണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ വസ്തുനിഷ്ഠമായി വിവരിച്ച മുസ്‌ലിം സമുദായത്തിന്റെ സാമൂഹികമായ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍ കൂടെ കണക്കിലെടുത്തുകൊണ്ട് നടപ്പിലാക്കാനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി കണ്‍വീനറായി, വി.എസ് സര്‍ക്കാര്‍ 2007 ഒക്ടോബറില്‍ ഒരു 11 അംഗ സമിതിയെ നിയോഗിച്ചത്. സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടതാണെന്നും മുസ്‌ലിംകള്‍ അല്ലാത്ത മറ്റൊരു സമുദായവും പരിഗണനയില്‍ വരുന്നില്ലെന്നും സമിതി കണ്‍വീനര്‍ അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തില്‍ അന്ന് വ്യക്തമാക്കിയതുമാണ്. എന്നാല്‍, ഒരു സര്‍ക്കാര്‍ വകുപ്പ് ന്യൂനപക്ഷങ്ങളുടെ പേരില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ അവരിലെ ഏതാനും വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത അനുപാതത്തില്‍ മാത്രമായി നല്‍കിയത് ശരിയല്ലെന്നും അത് ജനസംഖ്യാനുപാതികമായി നല്‍കണമെന്നുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ നിര്‍ദേശിച്ചത്. കോടതിയില്‍ വാദമുഖങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കാനുണ്ടായ സാമൂഹിക സാഹചര്യങ്ങള്‍ വേണ്ടവിധത്തില്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പറ്റിയ വീഴ്ചയും കൂടെയാണ് ഗുരുതരമായ ഈ സാഹചര്യത്തിന് കാരണമായത്.
കേരളത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പുതുതായി സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുക, ഫീസ് ആനുകൂല്യത്തിന് അര്‍ഹരായ എല്ലാവര്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക, ഗവേഷണ പ്രാധാന്യമുള്ള വിഷയങ്ങള്‍ പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് 12000 രൂപ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് നല്‍കുക, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ഡിഗ്രി, പി.ജി കോഴ്‌സുകള്‍ പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വര്‍ഷം 2000 രൂപ സ്‌കോളര്‍ഷിപ്പ് അനുവദിക്കുക തുടങ്ങിയ ശുപാര്‍ശകള്‍ പാലോളി സമിതി മുന്നോട്ടുവച്ചിരുന്നു. ഇത് പൂര്‍ണമായും അംഗീകരിച്ചുകൊണ്ടാണ് 2008 ഓഗസ്റ്റ് 16ന് പൊതുഭരണ (ന്യൂനപക്ഷ സെല്‍) വകുപ്പ് സ.ഉ.നം 278/2008 നമ്പര്‍ ഉത്തരവ് പ്രകാരം അന്നത്തെ സര്‍ക്കാര്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ബിരുദ, ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ പ്രതിവര്‍ഷം വിവിധ സ്‌കോളര്‍ഷിപ്പുകള്‍ പാസാക്കിയത്. 2011 ഫെബ്രുവരി 22ലെ ഉത്തരവില്‍ സ്‌കോളര്‍ഷിപ്പ് ആനുകൂല്യത്തില്‍ പരിവര്‍ത്തിത, പിന്നോക്ക ക്രിസ്ത്യന്‍ വിഭാഗത്തിന് 20 ശതമാനം അനുവദിച്ചതും അതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ക്കായുള്ള കോച്ചിങ് സെന്റര്‍ 80:20 പ്രവേശന അനുപാതവും ജനസംഖ്യാനുപാതികമല്ല എന്ന് കോടതി കണ്ടെത്തുകയുണ്ടായി. 2011ല്‍ ഈ വിഷയം മൈനോറിറ്റി വകുപ്പിന് കീഴിലായി ഇറക്കിയ മേല്‍ രണ്ട് ഉത്തരവുകളാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് മൂലകാരണം.
സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പ്രകാരം നടപ്പിലാക്കപ്പെട്ട സ്‌കോളര്‍ഷിപ്പിന്റെ 100 ശതമാനവും വാസ്തവത്തില്‍ മുസ്‌ലിം സമുദായത്തിന് മാത്രമാണ് അവകാശപ്പെട്ടിരിക്കുന്നത്. ഈ വസ്തുതകള്‍ വിവിധ മത, സാമുദായിക സംഘടനകളുടെ സംയുക്ത യോഗം നടത്തി അവരെ ബോധ്യപ്പെടുത്താനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടാകേണ്ടത്. ന്യൂനപക്ഷ കമ്മിഷന്‍ ആക്റ്റ് പ്രകാരമുള്ള വിഷയങ്ങളില്‍ 2021ലെ ജനസംഖ്യക്ക് ആനുപാതികമായി എല്ലാ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള വേറെ മാര്‍ഗം കണ്ടെത്തണം.
സമുദായം ആവശ്യപ്പെടുന്നത്
2008, 2011, 2015 വര്‍ഷത്തെ സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദായതോടെ സ്‌കോളര്‍ഷിപ്പുകളും പരിശീലന കേന്ദ്രങ്ങളും ക്ഷേമനിധിയും ഒന്നും നടപ്പാക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍ സംജാതമായത്. സാമൂഹിക നീതിയുമായി ബന്ധപ്പെട്ട ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ബദല്‍ നടപടികള്‍ സ്വീകരിക്കണം. വിധിയില്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹരജിയോ സുപ്രിംകോടതിയില്‍ അപ്പീലോ നല്‍കുകയാണ് ഇനി ചെയ്യാനുള്ള നിയമപരമായ മാര്‍ഗമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഇത് അര്‍ഹതപ്പെട്ട നീതി ലഭ്യമാകുന്നതില്‍ കാലതാമസം വരുത്തിയേക്കും എന്ന ആശങ്ക തള്ളിക്കളയാനാവില്ല. തുടര്‍ചര്‍ച്ചകള്‍, വിദഗ്ധസമിതി നിയമോപദേശം തുടങ്ങിയ നയങ്ങളും കാര്യങ്ങളെ വൈകിപ്പിച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാന്‍ മാത്രമേ ഉതകുകയുള്ളൂ.
നൂറു ശതമാനം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രം അര്‍ഹമായ പദ്ധതികള്‍ അങ്ങനെ തന്നെ നടപ്പിലാക്കുന്നതിനുള്ള സത്വരനടപടികള്‍ കൈക്കൊള്ളുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സച്ചാര്‍ സമിതി ശുപാര്‍ശ പ്രകാരമുള്ള സ്‌കീമുകള്‍ നടപ്പാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി പൊതുവായി പദ്ധതികള്‍ കൊണ്ടുവരുന്നതിന് ആരും എതിരല്ല. അത് അനിവാര്യവുമാണ്. പക്ഷേ അത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയതില്‍നിന്ന് അടര്‍ത്തിമാറ്റിക്കൊണ്ടാവരുത്. ഇപ്പോഴത്തെ വിധിയുടെ പശ്ചാത്തലത്തില്‍ വിവിധ മത, സാമുദായിക സംഘടനകളില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള ചര്‍ച്ചകള്‍ വിഭാഗീയത സൃഷ്ടിക്കുന്നതിന് കാരണമാകാനിടയുണ്ട്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ചരിത്രപരമായ വസ്തുതകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. ബഹുസ്വരതയില്‍ വിശ്വസിക്കുന്ന മുസ്‌ലിംസമൂഹം എന്നും മതസൗഹാര്‍ദവും സാഹോദര്യവും നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ ജനതയാണ്. അര്‍ഹമായ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ ഈ ജനവിഭാഗത്തിന് ലഭ്യമാക്കാന്‍ നിലവില്‍ റദ്ദാക്കപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ പുനഃസ്ഥാപിച്ച് കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തയാറാവണം.
സാമൂഹികമായും വിദ്യാഭ്യാസപരമായും കൂടുതല്‍ അടിച്ചമര്‍ത്തല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സമുദായത്തിന് സാമൂഹികനീതി ഉറപ്പാക്കാന്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കേണ്ടത് ജനാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അല്ലാത്തപക്ഷം ഭരണഘടനാ മൂല്യങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് ഒരു ജനതയോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയും ചരിത്രപരമായ വഞ്ചനയുമായിരിക്കുമത്.
(സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയരക്ടറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."