പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
ബദിയഡുക്ക (കാസര്‍കോട്): മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയുടെ പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ രണ്ടരലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
കേസില്‍ ഒന്നാംഘട്ട അന്വേഷണം ക്രൈംബ്രാഞ്ച് സംഘം പൂര്‍ത്തിയാക്കി. തന്നെ തട്ടികൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തിയാണ് പത്രിക പിന്‍വലിപ്പിക്കാന്‍ സമ്മതിപ്പിച്ചതെന്നും രണ്ടരലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണും കൈക്കൂലിയായി തന്നുവെന്നുമായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.വി രമേശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലിസ് കേസെടുത്ത് അന്വേഷിച്ചത്. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണസംഘം സുന്ദരയുടെ വീട്ടിലും ബന്ധുക്കളില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
തനിക്ക് ലഭിച്ച രണ്ടരലക്ഷം രൂപയില്‍ ഒന്നരലക്ഷം രൂപ ചെലവായെന്നും ബാക്കിയുള്ള ഒരുലക്ഷം സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായും സുന്ദര അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇതു സംബന്ധമായ രേഖകള്‍ കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയിലും പരിശോധന നടത്തിയിരുന്നു.
അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയ കാര്യങ്ങളും റിപ്പോര്‍ട്ടും ഇന്ന് കാസര്‍കോട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. ഇതോടെ കേസില്‍ പ്രദേശിക നേതാക്കള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പ്രതികളാവുന്നതിനു പുറമെ കോഴപ്പണം നല്‍കിയെന്നു തെളിഞ്ഞാല്‍ സുരേന്ദ്രന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കും ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."