സി.ബി.ഐയേയും ഇഡിയേയും ഭയന്ന് ഒളിച്ചോടി; വിമതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സാമ്‌ന
മുംബൈ: ശിവസേന വിമതരെ വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രമായ സാമ്‌ന. വിമതര്‍ സേനയോട് സത്യസന്ധത പുലര്‍ത്തിയില്ലെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സേനയുടെ സീറ്റില്‍ ജയിച്ചവര്‍ ഇപ്പോള്‍ ബിജെപിയുടെ കൂടെയാണ്. ബിജെപി രാഷ്ട്രീയ മാന്യത കാണിക്കണം. വിമത എം.എല്‍.എമാരുടെ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ചതിയനാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. സിബിഐയെയും ഇ.ഡിയേയും ഭയന്നാണ് ഷിന്‍ഡെ ഒളിച്ചോടിയതെന്നും സാമ്‌ന ആരോപിക്കുന്നു.
അതേസമയം, മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത പക്ഷത്തേക്ക് കൂടുതല്‍ എം.എല്‍.എമാര്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്.
മാഹിമില്‍ നിന്നുള്ള എംഎല്‍എ സദാ സര്‍വങ്കര്‍, കുല്‍ലയില്‍ നിന്നുള്ള എംഎല്‍എ മങ്കേഷ് കുദാല്‍ക്കര്‍ എന്നിവര്‍ വിമതപക്ഷത്തേക്ക് ചേക്കേറി. ഇവര്‍ ഗുജറാത്തിലെ സൂറത്തിലേക്ക് പോയതായാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ നാല് എംഎല്‍എമാര്‍ കൂടി വിമതപക്ഷം താമസിക്കുന്ന ഗുവാഹത്തിലിയെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ എത്തിയതായാണ് സൂചന. തങ്ങള്‍ക്കൊപ്പം 34 എംഎല്‍എമാരുണ്ടെന്നും, ഏക്‌നാഥ് ഷിന്‍ഡെയാണ് ശിവസേന നിയമസഭാ കക്ഷിനേതാവെന്നും ചൂണ്ടിക്കാട്ടി വിമത എംഎല്‍എമാരുടെ കത്ത് ഗവര്‍ണര്‍ക്ക് അയച്ചു.
രാജിവെക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിട്ടും വിമത എംഎല്‍ എമാര്‍ ചര്‍ച്ചക്കെത്തിയിട്ടില്ല. സര്‍ക്കാറിന് പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ മന്ത്രിസഭാ വിപുലീകരണവും ആവശ്യമെങ്കില്‍ ഷിന്‍ഡയെ മുഖ്യമന്ത്രി ആക്കാമെന്ന വാഗ്ദാനവും മഹാവികാസ് അഘാഡി സഖ്യം മുന്നോട്ട് വെക്കും. മുഖ്യമന്ത്രി സ്ഥാനമൊഴിയാന്‍ തയ്യാറായ ഉദ്ദവ് താക്കറെ ഇന്നലെ ഔദ്യോഗിക വസതിയായ വര്‍ഷയില്‍ നിന്നും പടിയിറങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."