ഹോണടി ശബ്ദം നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണവുമായി വാഹന വകുപ്പ്
മട്ടാഞ്ചേരി: സ്വകാര്യ ബസുകളിലെ അസഹനീയമായ ഹോണടി ശബ്ദം നിയന്ത്രിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി. ആന്റി ഹോണ്‍ ഡേയുടെ ഭാഗമായാണ് ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തിയത്. എയര്‍ ഹോണ്‍,മള്‍ട്ടി ഹോണ്‍ തുടങ്ങിയവ ബസ്സുകളില്‍ ഉപയോഗിക്കുന്നത് മൂലം ബസ് യാത്രക്കാര്‍ക്കും കാല് നട യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍മാരെ തന്നെ ബോധവല്ക്കരിക്കുവാന് തീരുമാനിച്ചത്.
പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എണ്‍പത് ഡെസിബല്‍ സൗണ്ട് ഹോണ്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നിരിക്കെ അതില്‍ കൂടുതലാണ് പല ഡ്രൈവര്‍മാരും പ്രയോഗിക്കുന്നത്. ആശുപത്രി, സ്ക്കൂള് എന്നിവ സ്ഥിതി ചെയ്യുന്നിടത്ത് എയര്‍ ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ലന്നാണ് നിയമമെന്നിരിക്കേ ഇതും ലംഘിക്കപ്പെടുകയാണ്.
ഗതാഗത തടസമുണ്ടാകുമ്പോഴും അനാവശ്യമായി ഹോണ്‍ ഉപയോഗിക്കുന്നത് പതിവാണ്. ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മട്ടാഞ്ചേരി ജോയിന്റ് ആര്.ടി.ഒ.അനന്തകൃഷ്ണന്,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജിബി ചെറിയാന്,പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് സെക്രട്ടറി രാമപടിയാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോധവല്‍ക്കരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."