കത്ത് വ്യാജമല്ല ; സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയതു തന്നെ
കൊച്ചി: സന്ന്യാസിനി സമൂഹത്തില്‍ നിന്നുള്ള പുറത്താക്കല്‍ നടപടി ശരിവച്ച് വത്തിക്കാനില്‍ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചാരണമാണെന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വാദം തെറ്റെന്ന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി).
സിസ്റ്റര്‍ ലൂസി നല്‍കിയ അവസാനത്തെ അപ്പീലും വത്തിക്കാന്‍ തള്ളിയതായി അറിയിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞ ദിവസം വന്നുവെങ്കിലും തനിക്കു ലഭിച്ച കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി 2020 മെയ് 27 ആണെന്നും തന്റെ വക്കീല്‍ കേസ് സമര്‍പ്പിക്കുന്നതിനു മുന്‍പ് വന്ന കത്ത് സൂക്ഷിച്ചുവച്ച് എഫ്.സി.സി വ്യാജപ്രചാരണം നടത്തുകയാണെന്നുമായിരുന്നു അവര്‍ ആരോപണം ഉന്നയിച്ചിരുന്നത്.
എന്നാല്‍ ഇത് തെറ്റാണെന്ന് എഫ്.സി.സി അധികൃതര്‍ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍നിന്ന് വന്ന കത്തിന്റെ പകര്‍പ്പും പുറത്തുവിട്ടു. 2021 മെയ് 27നാണ് കത്ത് അയച്ചതെന്നാണ് വ്യക്തമാകുന്നത്. 2021 മെയ് 18നാണ് കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠമായ അപ്പസ്‌തോലിക്ക സിഗ്‌നത്തൂരയുടെ അധികാരി കര്‍ദിനാള്‍ ഡൊമിനിക് മാമ്പെര്‍ത്തിയുടെ സാന്നിധ്യത്തില്‍ ഇക്കാര്യം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയതെന്നും വത്തിക്കാന്റെ കത്തില്‍ പറയുന്നുണ്ട്.
കൂടാതെ സിസ്റ്റര്‍ ലൂസി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സഭയെ പൊതുസമൂഹത്തിനുമുന്‍പില്‍ അവഹേളിക്കുന്ന വിധത്തില്‍ പെരുമാറുകയും കന്യാസ്ത്രികള്‍ ധരിക്കേണ്ട തിരുവസ്ത്രമില്ലാതെ യാത്രചെയ്തുവെന്നും കത്തില്‍ പറയുന്നു.
വത്തിക്കാന്‍ കീഴ്‌ക്കോടതിയില്‍ നല്‍കിയതില്‍ കൂടുതല്‍ വിശദീകരണം മേല്‍ക്കോടതിയില്‍ നല്‍കാന്‍ സാധിച്ചില്ലെന്നും വത്തിക്കാനില്‍ നിന്നുള്ള വിധിപ്പകര്‍പ്പില്‍ പറയുന്നുണ്ട്.
ദാരിദ്ര്യം, അനുസരണം എന്നീ സന്ന്യാസവ്രതങ്ങള്‍ ലംഘിച്ചതിനാണ് ലൂസി കളപ്പുരയെ കഴിഞ്ഞ ഓഗസ്റ്റില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കിക്കൊണ്ട് മഠം അധികൃതര്‍ ഉത്തരവിറക്കിയത്.
ഇതിനെതിരേ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കി. ഇത് വത്തിക്കാന്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് ലൂസി കളപ്പുര വത്തിക്കാന്റെ പരമോന്നത സഭാകോടതിയില്‍ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."