ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ മാനുഷിക സമീപനം സ്വീകരിക്കണം: റവന്യു മന്ത്രി
തൊടുപുഴ: ജനങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളില്‍ നടപടി സ്വീകരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ മാനുഷിക പരിഗണനയോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.
ഇടുക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും ഉണ്ടാകുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഓരോ ഓഫിസുകളെക്കുറിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്.
താഴെത്തട്ടിലുള്ള വില്ലേജ് ഓഫിസുകളിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ ഗവണ്‍മെന്റിന്റെ സമീപനം എന്തെന്ന് മനസിലാക്കി ജനപക്ഷ നിലപാട് സ്വീകരിക്കണം.
ഉദ്യോഗസ്ഥര്‍ നിയമ ചട്ടങ്ങളും പൂര്‍ണ്ണമായ അര്‍ഥത്തില്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുമ്പോള്‍തന്നെ ജനപക്ഷ നിലപാട് സ്വീകരിക്കണം. സര്‍ക്കാരിനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും പലപ്പോഴും ആക്ഷേപങ്ങള്‍ ഉയരാറുണ്ട്.
എല്ലാ ആക്ഷേപങ്ങളും ശരിയാകണമെന്നില്ല. എന്നാല്‍ ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ നിലവാരത്തിലുള്ളവര്‍ക്കും ഉത്തരവാദിത്തമുണ്ട്.
ഭൂമി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങള്‍ ഉള്ള ജില്ലയാണ് ഇടുക്കി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ തങ്ങളില്‍ അര്‍പ്പിതമായ അധികാരം വിനിയോഗിച്ച് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം.
ചുമതലകള്‍ നിറവേറ്റാതെ ഉത്തരവാദിത്തങ്ങള്‍ കൈയോഴിയുന്ന പ്രവണതകള്‍ക്ക് അവസാനമുണ്ടാകണം.
ജനങ്ങളുടെ ന്യായമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകാതെയും തൃപ്തികരമായ മറുപടികള്‍ നല്‍കാതെയും നിരന്തരം തിരിച്ചയക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു.
സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി അന്യാധീനപ്പെടാതെ സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍, എ.ഡി.എം. കെ.കെ.ആര്‍ പ്രസാദ്, ഇടുക്കി സബ് കലക്ടര്‍ എന്‍.ടി.എല്‍. റെഡി, ദേവികുളം സബ് കലക്ടര്‍ വി ശ്രീറാം, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."