ഹജ്ജ് ഒരുക്കം: മക്കയിലേക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി
മക്ക: ഹജ്ജ് മുന്നൊരുക്കത്തിന്റെ ഭാഗമായി മക്കയിലേക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. പ്രവേശന പെർമിറ്റ് ഇല്ലാത്ത താമസക്കാരെ തിങ്കളാഴ്ച മുതൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ നിന്ന് തിരിച്ചയക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. വിശുദ്ധ മക്കയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് പെർമിറ്റ് നേടേണ്ടതുണ്ടെന്ന് പൊതു സുരക്ഷ അതോറിറ്റി പറഞ്ഞു.
മക്കയിൽ നിന്ന് ഇഷ്യു ചെയ്തിട്ടുള്ള റസിഡന്റ്സ് ഐഡന്റിറ്റി കാർഡ് (ഇഖാമ) കൈവശമുള്ളവർ, ഉംറ, ഹജ്ജ് അനുമതി പത്രം കൈവശം ഉള്ളവർ, പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനായി ബന്ധപ്പെട്ട അധികാരികൾ നൽകുന്ന എൻട്രി പെർമിറ്റുകളുള്ളവർ എന്നിവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
അതേസമയം, ഗാർഹിക തൊഴിലാളികൾ, സഊദി ഇതര കുടുംബാംഗങ്ങൾ, മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ, സീസണൽ വർക്ക് വിസ ഉടമകൾ, "അജീർ" സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ കരാറുകാർ എന്നിവർക്ക് മക്കയിലേക്ക് കടക്കാനായി പ്രവേശന പെർമിറ്റ് ഇലക്ട്രോണിക് രീതിയിൽ നൽകുന്നതിനുള്ള അപേക്ഷകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് സ്വീകരിച്ചു തുടങ്ങി.
ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കാനും സമയം ലാഭിക്കാനുമായി "അബ്ഷിർ" പ്ലാറ്റ്ഫോം ഗാർഹിക തൊഴിലാളികൾക്കും സഊദി ഇതര കുടുംബാംഗങ്ങൾക്കും പെർമിറ്റുകൾ നൽകുന്നുണ്ട്. മറ്റു വിഭാഗങ്ങൾക്ക് മക്കയിലേക്കുള്ള പ്രവേശന പെർമിറ്റുകളുടെ സേവനം ഇലക്ട്രോണിക് "മുഖീം" പോർട്ടൽ വഴി ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."