പ്ലസ് വൺ പ്രവേശനം നീന്തൽ ബോണസ് പോയിന്റ് ഒഴിവാക്കിയേക്കും
തിരുവനന്തപുരം
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ നെട്ടോട്ടമോടി വിദ്യാർഥികളും രക്ഷിതാക്കളും. നീന്തൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും സ്‌പോർട്‌സ് കൗൺസിലും വ്യത്യസ്ത രീതികൾ അവലംബിക്കുന്നതാണ് വിദ്യാർഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്.
നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശ പ്രകാരം നീന്തലിന്റെ ബോണസ് പോയിന്റ് ഒഴിവാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്ലസ് വൺ പ്രവേശന നടപടികൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഈ നിർദേശം തത്വത്തിൽ അംഗീകരിച്ചിരുന്നു.
സർക്കാർ തലത്തിൽ അംഗീകാരമായാൽ ബോണസ് പോയന്റ് ഒഴിവാക്കിയായിരിക്കും ഇത്തവണ പ്രോസ്പക്ടസ് ഇറക്കുക. എന്നാൽ നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കാനായി നിരവധി വിദ്യാർഥികളാണ് സ്‌പോർട്‌സ് കൗൺസിലുമായി ബന്ധപ്പെടുന്നത്.
വലിയ ഫീസ് ഏർപ്പെടുത്തി പൊതുകുളങ്ങളിൽ നീന്തൽ മാമാങ്കം നടത്തിയാണ് സ്‌പോർട്‌സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
എന്നാൽ ഫീസ് നൽകി നീന്തൽ സർട്ടിഫിക്കറ്റ് വാങ്ങിയാലും ബോണസ് പോയന്റ് ഒഴിവാക്കിയുള്ള നടപടി സർക്കാർ സ്വീകരിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ആശങ്കകൾ പരിഹരിക്കണമെന്നും ഫീസ് വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നതിനെതിരേ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകണമെന്നുമാണ് കെ.എച്ച്.എസ്.ടി.യു ഉൾപ്പെടെ അധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."