വോട്ടുതേടിയെത്തി യശ്വന്ത് സിൻഹ; പിന്തുണ വാഗ്ദാനം ചെയ്ത് കേരളം
തിരുവനന്തപുരം
വോട്ടുതേടിയെത്തിയ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ. ഇന്നലെ വൈകീട്ട് മൂന്നോടെ ഭരണപക്ഷ എം.എൽ.എമാരേയും എം.പിമാരേയും കണ്ട് അദ്ദേഹം വോട്ടഭ്യർഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, കെ.രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ, ജോൺബ്രിട്ടാസ് എം.പി എന്നിവർ ചേർന്ന് അദ്ദേഹത്തെ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലേക്ക് സ്വീകരിച്ചു.
കേരളത്തിലെ എല്ലാവരുടെയും വോട്ട് യശ്വന്ത് സിൻഹക്ക് ലഭിക്കുമെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് യോജിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴുവൻ എം.പിമാരുടേയും എം.എൽ.എമാരുടേയും വോട്ട് യശ്വന്ത് സിൻഹക്കാണെന്നത് വലിയ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മൂന്നുമണിയോടെ ഇതേഹാളിൽ യു.ഡി.എഫ് എം.എൽ.എമാരുമായും നേരിൽ കണ്ട് അദ്ദേഹം വോട്ടഭ്യർഥിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ. മുരളീധരൻ എം.പി, പി.സി വിഷ്ണുനാഥ്, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.ഭരണ-പ്രതിപക്ഷ കക്ഷികളിലെ മുഴുവൻ അംഗങ്ങളും ഇന്നലെ എത്തിയിരുന്നില്ല. മുൻമന്ത്രി ടി.ശിവദാസമേനോന് അന്തിമോപചാരം അർപ്പിക്കാനായി സ്പീക്കർ എം.ബി രാജേഷും ഭരണകക്ഷി എം.എൽ.എമാരും മലപ്പുറത്താണ്. രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പല യു.ഡി.എഫ് എം.എൽ.എമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല.
ചൊവ്വാഴ്ച രാത്രിയോടെയാണ് യശ്വന്ത് സിൻഹ കേരളത്തിലെത്തിയത്. ഇന്നു രാവിലെ ചെന്നൈയിലേക്ക് പോകുന്ന അദ്ദേഹം തമിഴ്‌നാട്ടിലെ പര്യടനത്തിനു ശേഷം ഗുജറാത്ത്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."