നോക്കുകുത്തിയാവുന്ന കൂറുമാറ്റ നിരോധന നിയമം
ഒരു സംസ്ഥാനത്തുകൂടി ബി.ജെ.പി അധികാരം അട്ടിമറിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കം വിജയിച്ചു. സർക്കാരിനെ അട്ടിമറിക്കുന്നതിന് നേതൃത്വം കൊടുത്ത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെ ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായി. ബി.ജെ.പി ഭരണത്തിനെതിരായി വോട്ടു ചെയ്ത ജനം മറ്റൊരു സംസ്ഥാനത്ത് കൂടി ബി.ജെ.പി ഭരണത്തിനാണ് സാക്ഷിയാകുന്നത്. 2014ൽ അരുണാചൽ പ്രദേശിൽനിന്ന് ആരംഭിച്ച അട്ടിമറിയാണ് ഗോവയും മധ്യപ്രദേശും കർണാടകയും പുതുച്ചേരിയും കഴിഞ്ഞ് മഹാരാഷ്ട്രയിലെത്തി നിൽക്കുന്നത്. അട്ടിമറി തടയാൻ കൊണ്ടുവന്ന കൂറുമാറ്റ നിരോധന നിയമം ഈ സംസ്ഥാനങ്ങളിലൊന്നും ഗുണം ചെയ്തില്ലെന്നത് ഈ നിയമത്തിന്റെ സാധുതതന്നെ ചോദ്യം ചെയ്യുന്നതാണ്. 1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന കൂറുമാറ്റ നിരോധന നിയമം സംബന്ധിച്ച 52ാം ഭരണഘടനാ ഭേദഗതി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സുപ്രധാന നിയമ ഭേദഗതിയായാണ് കണക്കാക്കിയിരുന്നത്.
പാർട്ടി മാറുന്നതിൽനിന്ന് നിയമസഭാംഗങ്ങളെ നിരുത്സാഹപ്പെടുത്തി സർക്കാരുകൾക്ക് സ്ഥിരത നൽകുകയെന്നതായിരുന്നു കൂറുമാറ്റ നിരോധന നിയമത്തിന്റെ ലക്ഷ്യം. 1967ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം എം.എൽ.എമാർ ഒന്നിലധികം സംസ്ഥാന സർക്കാരുകളെ അട്ടിമറിച്ചപ്പോഴായിരുന്നു ഈ നിയമം കൊണ്ടുവന്നത്. ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ ആ പാർട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പാർട്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി നിയമസഭയിൽ വോട്ട് ചെയ്യുകയോ ചെയ്താൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകുന്നതാണ്. സഭയിലെ സ്വതന്ത്ര അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.പിയോ എം.എൽ.എയോ പിന്നീട് ഒരു പാർട്ടിയിൽ ചേരുന്നതും കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. ഒരു പാർട്ടിയുടെ മൊത്തം എം.എൽ.എമാരുടെ മൂന്നിൽ രണ്ട് എങ്കിലും അംഗങ്ങളുടെ പിൻബലമുണ്ടെങ്കിൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ ഭീഷണിയില്ലാതെ മറ്റൊരു പാർട്ടിയിൽ ചേരുകയോ പ്രത്യേക രാഷ്ട്രീയപ്പാർട്ടി സംവിധാനമായി മാറുകയോ ചെയ്യാം.
ശിവസേനയുടെ 55 എം.എൽ.എമാരിൽ മൂന്നിൽ രണ്ടിനെയും കൂറുമാറ്റിയാണ് ബി.ജെ.പി മഹാരാഷ്ട്രയിൽ ഈ നിയമത്തെ മറികടന്നിരിക്കുന്നത്. കൂറുമാറ്റ നിരോധന നിയമത്തിന് ഇതുവരെ ഒരു സർക്കാരിന്റെയും സ്ഥിരത ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ തങ്ങളുടെ എം.എൽ.എമാരെ എതിരാളികൾ സ്വാധീനിക്കുന്നത് തടയാൻ പാർട്ടികൾക്ക് പലപ്പോഴും അവരെ റിസോർട്ടുകളിൽ ഒളിപ്പിച്ച് താമസിപ്പിക്കേണ്ടിവരുന്നു. രാജസ്ഥാനിൽ 2020ലും മഹാരാഷ്ട്രയിൽ 2019ലും കർണാടക 2018ലും 2019ലും തമിഴ്‌നാട്ടിൽ 2017ലുമുണ്ടായ റിസോർട്ട് നാടകങ്ങൾ ഈ നിയമത്തിന്റെ പരാജയത്തിന് ഉദാഹരണമാണ്. മഹാരാഷ്ട്രയിൽ ഇത്തവണ ഷിൻഡെയുടെ കൂടെയുള്ള എം.എൽ.എമാരെ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലേക്കും പിന്നീട് അസമിലേക്കും കൊണ്ടുപോയിരുന്നു. കൂറുമാറ്റ നിരോധന നിയമത്തിന്റെ പോരായ്മയെക്കുറിച്ച് നേരത്തെയും വിദഗ്ധർ ചൂണ്ടിക്കാട്ടിയതാണ്.
അവിശ്വാസ പ്രമേയത്തിൽ സർക്കാരുകളെ രക്ഷിക്കാൻ മാത്രമേ ഈ നിയമം ബാധകമാക്കാവൂവെന്ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി നിർദേശിച്ചിരുന്നു. കൂറുമാറ്റക്കേസുകൾ വേഗത്തിലും നിഷ്പക്ഷമായും തീർപ്പാക്കാൻ ഉന്നത ജുഡീഷ്യറിയിൽനിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ പാർലമെന്റ് ഒരു സ്വതന്ത്ര ട്രൈബ്യൂണൽ രൂപീകരിക്കണമെന്ന് കഴിഞ്ഞ വർഷം സുപ്രിംകോടതി അഭിപ്രായപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യം വിട്ട് ശിവസേന കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന്റെ ഭാഗമായതോടെ ഉയർന്നിരുന്ന ആശങ്കകൾ നിരവധിയായിരുന്നു. ബി.ജെ.പിക്കൊപ്പം മുസ്‌ലിംവിരുദ്ധ വൈകാരികതയുടെ ഇന്ധനം പങ്കുപറ്റിയാണ് ശിവസേനയും വളർന്നത്. മുസ് ലിം കൂട്ടക്കൊലകളിൽ പങ്കാളിയായിട്ടുണ്ട്. എന്നാൽ, ഈ ആശങ്കകളെ കാറ്റിൽപ്പറത്തി ശിവസേന-കോൺഗ്രസ്-എൻ.സി.പി സർക്കാർ നടത്തിയ ഭരണം മെച്ചപ്പെട്ടതായിരുന്നു. തങ്ങളെക്കാൾ കോൺഗ്രസ്-എൻ.സി.പി നേതാക്കളുടെ ഉപദേശങ്ങൾക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പരിഗണന നൽകിയെന്ന ഏക്‌നാഥ് ഷിൻഡെയുടെ ആരോപണം ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ ചരിത്രത്തിൽ പൊൻതൂവലാവുകയേയുള്ളൂ.
സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഹിന്ദുത്വ ഫാസിസം പോംവഴിയല്ലെന്നും ഫാസിസം ഒന്നും വളർത്തുകയില്ലെന്നും ചുരുക്കകയാണ് ചെയ്യുകയെന്നുമുള്ള യാഥാർഥ്യം ഉദ്ധവും തിരിച്ചറിയുന്നുണ്ടായിരിക്കണം. രാജ്യത്ത് ഏതു പാതിരാത്രിയിലും സംഘ്പരിവാറിനായി തുറന്നിട്ടിരിക്കുന്ന ഉപജാപകശാലകളുണ്ടെന്ന യാഥാർഥ്യം മനസ്സിലാക്കുന്നതിലാണ് ഉദ്ധവ് താക്കറെക്ക് പിഴച്ചത്. ഭരണം നഷ്ടമായപ്പോഴും ബി.ജെ.പി അതിന്റെ അവസരം കാത്ത് വാതിൽപ്പടിയിൽ തന്നെ ചുരുണ്ടു കിടക്കുന്നുണ്ടായിരുന്നു. ഭരിക്കുന്ന കക്ഷികളിലെ ഒരുവിഭാഗത്തെ കൂറുമാറ്റുന്നു. തങ്ങൾക്കൊന്നിലും പങ്കില്ലെന്ന് പറയുന്നു. പിന്നാലെ കൂറുമാറ്റക്കാർക്കൊപ്പം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും സഖ്യസർക്കാർ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഒന്നിനും നേരിയ മറപോലും വേണ്ടെന്ന സാഹചര്യമാണ്. കൂടുതൽ സംസ്ഥാനങ്ങളിലും എം.എൽ.എമാർ ഇനിയും കൂറുമാറുകയും ജനാധിപത്യത്തെക്കുറിച്ച് സ്വാഭാവികതയോടെ നമ്മൾ ആശങ്കപ്പെടുകയും ചെയ്യും.
2014ൽ അരുണാചൽ പ്രദേശിൽ 60 അംഗ നിയമസഭയിൽ 44 സീറ്റിൽ വിജയിച്ച കോൺഗ്രസിന് സ്വസ്ഥമായി ഭരിക്കാനായില്ല. രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ ബി.ജെ.പി പിന്തുണയുള്ള സർക്കാരായി അധികാരത്തിൽ. ഗോവയിലെ നാൽപതംഗ നിയമസഭയിൽ 2017ൽ പതിനേഴ് സീറ്റ് നേടിയാണ് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാൽ ഭരിച്ചത് പതിമൂന്ന് സീറ്റ് നേടിയ ബി.ജെ.പിയാണ്. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരം പിടിച്ചത് ജ്യോതിരാദിത്യ സിന്ധ്യയെയും 22 ഓളം കോൺഗ്രസ് എം.എൽ.മാരെയും വിലക്കെടുത്താണ്. പുതുച്ചേരിയിലെ കോൺഗ്രസ് ഭരണം അട്ടിമറിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ്. കർണാടകയിൽ ബി.ജെ.പി ഭരിക്കുന്നത് ഇത്തരത്തിലൊരു അട്ടിമറിയിലൂടെ അധികാരം പിടിച്ചാണ്. ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ കൂറുമാറ്റ നിരോധന നിയമങ്ങൾ ഫലപ്രദമായില്ലെന്നത് തന്നെ ഈ നിയമത്തിന്റെ സാധുതയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാൻ കാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."