ബഫർസോണിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
ബഫർസോൺ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഇന്നലെ ശൂന്യവേളയിലാണ് അടിയന്തര പ്രമേയമായി വിഷയം സഭയിലെത്തിയത്.
സുപ്രിം കോടതിയുടെ ഉത്തരവിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കാൻ സർക്കാർ പരാജയപ്പെട്ട സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്.
എന്നാൽ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടിയുടെ പശ്ചാത്തലത്തിൽ സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. ബഫർസോൺ വിഷയം ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്ന് പറഞ്ഞ മന്ത്രി വിഷയത്തിൽ റിവ്യൂ പെറ്റിഷൻ നൽകുന്നതിനൊപ്പം ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിത് സാധ്യമായതെല്ലാം ചെയ്യുമെന്നും അറിയിച്ചു. പരിസ്ഥിതി ലോല മേഖല പൂജ്യം മുതൽ 12 കി.മി വരെ വേണമെന്ന് രേഖപ്പെടുത്തിയത് യു.ഡി.എഫ് സർക്കാരാണ്.
ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സർക്കാരാണ്. ഒരു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണമെന്ന കോടതി ഉത്തരവ് നടപ്പായാൽ കേരളത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും.
മൂന്ന് മാസത്തിനകം സർവേ പൂർത്തിയാക്കി സുപ്രിംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയേയും കേന്ദ്രത്തേയും സമീപിക്കാനാണ് തീരുമാനമെന്നും മന്ത്രി സഭയെ അറിയിച്ചു.
സുപ്രിംകോടതി ഉത്തരവ് കേരളത്തെ ഗൗരവമായി ബാധിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. ജനവാസമേഖലയെ യു.ഡി.എഫ് സർക്കാർ പൂർണമായി ഒഴിവാക്കിയിരുന്നു.
എന്നാൽ ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയത് പിണറായി സർക്കാരാണ്.
പരിധി ഒരു കിലോമീറ്റർ ആക്കിയതും ജനവാസ മേഖലകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചതും തെറ്റാണെന്നും വിധി മന്ത്രിസഭ യോഗം ചേർന്ന് ചോദിച്ച് വാങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."