ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ മൂന്നു വര്‍ഷത്തോളമായി ബി.ജെ.പി പ്രവര്‍ത്തകര്‍-റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പ്രവാചക നിന്ദ ആരോപിച്ച് രാജസ്ഥാനില്‍ തയ്യല്‍കടക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ബി.ജെ.പി പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ മൂന്നുവര്‍ഷത്തോളമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നത്. രണ്ട് കൊലയാളികളില്‍ ഒരാളായ റിയാസ് അത്താരി പാര്‍ട്ടിയുടെ വിശ്വസ്തര്‍ മുഖേന നിരവധി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
പ്രതികളിലൊരാളായ റിയാസ് അത്താരി വിശ്വസ്തര്‍ മുഖേന പാര്‍ട്ടി പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ല്‍ ഉംറക്ക് പോയി മടങ്ങിയെത്തിയ അദ്ദേഹത്തെ രാജസ്ഥാന്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച അംഗം ഇര്‍ഷാദ് ചെയിന്‍വാല സ്വാഗതം ചെയ്യുന്ന ചിത്രം ഇന്ത്യാ ടുഡേ പുറത്തുവിടുന്നു. പത്ത് വര്‍ഷത്തിലേറെയായി പ്രദേശിക ബി.ജെ.പി നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് ചെയിന്‍വാല.
2019ല്‍ സൗദി അറേബ്യയില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസ് അത്താരിയെ രാജസ്ഥാനിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ചയിലെ അംഗമായ ഇര്‍ഷാദ് ചെയിന്‍വാല സ്വീകരിക്കുന്ന ചിത്രങ്ങള്‍ ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഉദയ്പൂരിലെ ബി.ജെ.പി പരിപാടികള്‍ക്ക് റിയാസ് അത്താരി പങ്കെടുക്കാറുണ്ടെന്നും ചെയിന്‍വാല സമ്മതിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
'ചിത്രത്തില്‍ ഉള്ളത് ഞാന്‍ തന്നെയാണ്. ഉംറക്ക് പോയി തിരിച്ചെത്തിയ അദ്ദേഹത്തെ ഞാന്‍ ഹാരമണിയിച്ച് സ്വീകരിച്ചിരുന്നു. ബി.ജെ.പി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം മറ്റ് ചിലര്‍കൂടി എത്താറുണ്ട്. ബി.ജെ.പി നേതാവായ ഗുലാബ് ചന്ദ് കഠാരിയയുടെ നിരവധി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. റിയാസ് പലപ്പോഴും ആ പരിപാടികളില്‍ ക്ഷണിക്കാതെ വരുമായിരുന്നു. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹം ബി.ജെ.പിയെ ശക്തമായി എതിര്‍ക്കുമായിരുന്നു.' ഇര്‍ഷാദ് ചെയിന്‍വാല പറഞ്ഞു.
ബിജെപി പ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തികൊണ്ട് ഇര്‍ഷാദ് ചെയിന്‍വാല പറഞ്ഞ മുഹമ്മദ് താഹിര്‍ മുഖേനയാണ് റിയാസ് അത്താരി പാര്‍ട്ടി പരിപാടികള്‍ക്ക് എത്തിയിരുന്നത്. റിയാസുമായി താഹിറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ചെയിന്‍വാല പറഞ്ഞു. അതേസമയം വാര്‍ത്താ സംഘം താഹിറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു.
എഴുത്തുകാരനും ക്യുറേറ്ററും കലാകാരനുമൊക്കെയായ ശുദ്ധബ്രതാ സെന്‍ഗുപ്ത ഫേസ്ബുക്ക് പോസ്റ്റ് വഴിയും പ്രതികളുടെ ബി.ജെ.പി ബന്ധത്തിന്റെ തെളിവുകള്‍ പങ്കു വെച്ചിട്ടുണ്ട്.
നുപൂര്‍ ശര്‍മയുടെ പ്രവാചക നിന്ദ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ കടുത്ത പ്രതിഷേധമുയരുകയും ബിജെപി പ്രതിരോധത്തില്‍ ആവുകയും ചെയ്ത സാഹചര്യത്തില്‍ ആണ് ഈ കൊലപാതകം നടന്നത് എന്നതിനാല്‍ പലരും ഇതിനു പിന്നിലെ സംഘപരിവാര്‍ ഗൂഢാലോചന ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികള്‍ പ്രാദേശിക ബി.ജെ.പി നേതാക്കളുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നതോടുകൂടി അവരുടെ ബി.ജെ.പി ബന്ധം ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്ക് സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്.
Udaipur assailants may have plotted to infiltrate Rajasthan BJP
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."