അമരാവതി കൊലപാതകം: യു.എ.പി.എ ചുമത്തി കേസെടുത്ത് എന്‍.ഐ.എ
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്‍.ഐ.എ എഫ്.ഐ.ആര് ഇട്ട് അന്വേഷണം തുടങ്ങി. യു.എപി.എ, കലാപ ശ്രമം, കൊലപാതകം, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എ.എസ് മോഡല്‍ കൊലപാതകമാണ് ഇതെന്നാണ് എന്‍.ഐ.എ പറയുന്നത്. കൊലപാതകം നൂപുര്‍ ശര്‍മയെ പിന്തുണച്ചതിനാലാണെന്ന് കണ്ടെത്തിയിരുന്നു.
രാജസ്ഥാനിലെ ഉദയ്പൂര്‍ സംഭവത്തിന് ഒരാഴ്ച മുമ്പ് ജൂണ്‍ 21നാണ് 54 കാരനായ കെമിസ്റ്റ് ഉമേഷ് പ്രഹ്ലാദ് റാവു കോല്‍ഹെയുടെ കൊലപാതകം നടന്നത്. മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിലാണ് ഇയാളെ കുത്തിക്കൊലപ്പെടുത്തിയത്. കെമിസ്റ്റ് കൊല്ലപ്പെട്ടത്, പ്രവാചകനെക്കുറിച്ച് വിവാദ പരാമര്‍ശമുന്നയിച്ച ബിജെപി മുന്‍ വക്താവ് നൂപൂര്‍ ശര്‍മ്മയെ പിന്തുണച്ച് അബദ്ധത്തില്‍ വാട്സ് ആപ്പില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരിലാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞിരുന്നു. അമരാവതി നഗരത്തില്‍ ഒരു മെഡിക്കല്‍ സ്റ്റോര്‍ നടത്തുകയായിരുന്നു ഉമേഷ്. കേസില്‍ അഞ്ച് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലിസ് വ്യക്തമാക്കിയിരുന്നു. കേസില്‍ അമരാവതി സ്വദേശികളായ മുദ്ദ്സിര്‍ അഹമ്മദ് (22), ഷാരൂഖ് പത്താന് (25), അബ്ദുള്‍ തൗഫീക്ക് (24) ശുഐബ് ഖാന് (22), അതിബ് റാഷിദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയും എന്‍ജിഒ നടത്തിപ്പുകാരനുമായ ഇര്ഫാന് ഖാനെ (32) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് അമരാവതി പൊലിസ് കമ്മീഷണര്‍ ഡോ. ആരതി സിംഗ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."