ആരാണ് പ്രതി? എത്ര പ്രതികളുണ്ട്?.. മുഖ്യമന്ത്രിക്ക് ഇന്ന് നിയമസഭയില്‍ മറുപടി പറയേണ്ടി വരും
തിരുവനന്തപുരം: സി.പി.എമ്മിന്റെ ആസ്ഥാന മന്ദിരമായ എ.കെ.ജി സെന്ററില്‍ ആക്രമണം നടത്തിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍വത്ര ആശയ കുഴപ്പം. ഭരണസിരാ കേന്ദ്രത്തിന് ഏതാനും വാര മാത്രം അകലെ, അതും കനത്ത സുരക്ഷാപ്രദേശത്ത് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനത്ത് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞ ആളെക്കുറിച്ച് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് പൊലിസ്.
പരിസരത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും സമൂഹമാധ്യമങ്ങള്‍ പരതി സംശയമുള്ളവരെ ചോദ്യം ചെയ്യുകയാണ് പൊലിസ്. ആക്രമണം നടത്തി മൂന്നുകിലോമീറ്ററുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായ പ്രതിയെ തേടി അലയുന്ന പൊലിസിനുതന്നെ ഇപ്പോള്‍ സര്‍വത്ര ആശയക്കുഴപ്പമായിരിക്കുകയാണ്.
രണ്ട് പ്രതികളുണ്ടെന്ന ആദ്യ നിഗമനത്തില്‍നിന്ന് പൊലിസ് ഇന്നലെ പിന്നോട്ടുപോയിട്ടുണ്ട്. ചുമന്ന സ്‌കൂട്ടറില്‍ വന്ന ആളാണ് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞതായാണ് ദൃശ്യത്തിലുള്ളത്. രണ്ടുദിവസമായി സംഘം തിരിഞ്ഞ് സിറ്റിയിലെ ചുമന്ന സ്‌കൂട്ടറുകാരെ തേടലായായിരുന്നു. ഇതിനിടയിലാണ് പ്രതിയെ സഹായിക്കാന്‍ മറ്റൊരാള്‍ കൂടി ഉണ്ടെന്ന് നിര്‍ണായക വിവരം ലഭിച്ചതായി പൊലിസ് പറഞ്ഞത്. പക്ഷേ രണ്ടാം പ്രതിയായി കണ്ടെത്തിയ സ്‌കൂട്ടര്‍ യാത്രക്കാരന് ആക്രമത്തില്‍ പങ്കില്ലെന്നു സ്ഥിരീകരിച്ചു. ഇതോടെ എ.കെ.ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിജു സച്ചുവിനെ കേന്ദ്രീകരിച്ചായി അേന്വഷണം.
പക്ഷെ സംഭവം നടന്നപ്പോള്‍ ഇയാള്‍ എ.കെ.ജി സെന്റര്‍ പരിസരത്ത് വന്നില്ലെന്ന് മൊബൈല്‍ ടവര്‍ പരിശോധനയില്‍ തെളിഞ്ഞു. പക്ഷെ കല്ലെറിയുമെന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുമെന്ന് പറഞ്ഞ് പൊലിസിനെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപക പരിഹാസം നിറഞ്ഞു. പിന്നാലെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി റിജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
അന്വേഷണം ഇതുവരെ കൃത്യമായ ട്രാക്കിലേക്ക് എത്തിയിട്ടില്ലെന്നതാണ് വസ്തുത. സ്‌ഫോടക വസ്തു എറിഞ്ഞയാള്‍ ഒരു പ്രതിയെന്നും ചുവന്ന സ്‌കൂട്ടറില്‍ പ്രദേശത്തുകൂടി പോയ ആളായിരിക്കാം സ്‌ഫോടകവസ്തു ഇയാള്‍ക്കു കൈമാറിയതെന്നും ആയിരുന്നു സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പൊലിസ് എത്തിയ നിഗമനം. അക്രമം ഉണ്ടാകുന്നതിന് മുന്‍പു രണ്ട് പ്രാവശ്യം ഈ സ്‌കൂട്ടര്‍ എ.കെ.ജി സെന്ററിന് മുന്നിലൂടെ പോയിരുന്നു.
എന്നാല്‍ ചുവന്ന സ്‌കൂട്ടറില്‍ യാത്ര ചെയ്തത് തിരുവനന്തപുരം നഗരത്തില്‍ തട്ടുകട നടത്തുന്ന യുവാവാണെന്നും ഇയാളെ അനൗദ്യോഗികമായി ചോദ്യം ചെയ്തപ്പോള്‍ കൃത്യത്തില്‍ പങ്കില്ലെന്നു വ്യക്തമാവുകയുമായിരുന്നു. ഇതോടെ ഒരാള്‍ മാത്രമാണ് കൃത്യത്തില്‍ പങ്കെടുത്തതെന്ന നിഗമനത്തിലേക്ക് പൊലിസ് എത്തി. എന്നാല്‍ അയാള്‍ ആരാണെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നാണ് ഇതുവരെ പൊലിസ് പറഞ്ഞിരുന്നത്. ആ വഴിയാണ് ഇപ്പോള്‍ അടഞ്ഞിരിക്കുന്നത്. ആരാണ് പ്രതി, എത്ര പ്രതികളുണ്ട്, എങ്ങനെയാണവര്‍ കൃത്യം നടത്തിയത് തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും പൊലിസിന് വ്യക്തത വന്നിട്ടില്ല. അതേസമയം, വിഷയം ഇന്ന് നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. ഇന്ന് മുഖ്യമന്ത്രിക്ക് സഭയില്‍ ഇതിന് മറുപടി പറയേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."