വിശ്വാസം നേടി ഷിന്‍ഡെ
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ഏക്നാഥ് ഷിന്‍ഡെ. കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം നേടി. 164 വോട്ടാണ് ലഭിച്ചത്. അതേസമയം ഉദ്ധവ്-എന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തിന് 99 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. ഇന്നലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ച 107 വോട്ട് പോലും നേടാന്‍ സഖ്യത്തിന് കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുന്‍പ് ഉദ്ധവ് പക്ഷത്ത് നിന്ന് ഒരു എംഎൽഎ കൂടി ഷിൻഡെ ക്യാമ്പിലെത്തി.
പ്രത്യേക സഭ സമ്മേളനം ചേര്‍ന്നായിരുന്നു വോട്ടെടുപ്പ്. ഇന്നലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് വിജയിച്ച സാഹചര്യത്തിൽ അനായാസം സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി- വിമത ശിവസേന സഖ്യം സഭയിലെത്തിയത്.
143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. പുതിയ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറാണ് ഇന്ന് സഭാ നടപടികള്‍ നിയന്ത്രിച്ചത്. മഹാരാഷ്ട്ര നിയമസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറാണ് 45കാരനായ രാഹുല്‍ നര്‍വേക്കര്‍. ശിവസേനയില്‍ നിന്ന് എന്‍സിപിയിലേക്കും, അവിടെ നിന്നും ബിജെപിയിലേക്കും എത്തിയ നേതാവാണ് രാഹുല്‍ നര്‍വേക്കര്‍. കൊളാബ മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ വിജയിച്ചത്.
ഏറെ നാടകീയതയ്ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡേ മഹാരാഷ്ട്രയുടെ 20ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഉദ്ധവ് താക്കറെ സര്‍ക്കാരുമായി പിണങ്ങിപ്പിരിഞ്ഞ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന സഖ്യം ബിജെപിയുമായി കൈകോര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."