താൽക്കാലിക ജീവനക്കാരുടെ നിയമനത്തിന് നിയന്ത്രണം ; വനംവകുപ്പിൽ പ്രതിസന്ധി
ഷമീർ അബ്ദുല്ല
മാനന്തവാടി
വനംവകുപ്പിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിലെ നിയന്ത്രണം പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് ആശങ്ക. 56 വയസ് പൂർത്തിയായവരെ പിരിച്ചുവിട്ട ഒഴിവുകളിലേക്ക് അടിയന്തര ജോലികൾക്കു പോലും സർക്കാർ തലത്തിൽ പരിശോധന നടത്തിയതിനു ശേഷം മാത്രം നിയമനം നടത്താവൂ എന്ന പുതിയ നിർദേശമാണ് വനംവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. അടിയന്തര ഘട്ടത്തിൽ നിയമിച്ച താൽക്കാലിക ജീവനക്കാരുടെ വേതനം നിയമനാധികാരിയിൽനിന്ന് ഈടാക്കുമെന്ന് കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിലുണ്ട്.
വന്യമൃഗശല്യം രൂക്ഷമാകാനിടയുള്ള കാലവർഷത്തിൽ പുതിയ ഉത്തരവ് വനംവകുപ്പിനും വനാതിർത്തികളിലെ കർഷകർക്കും താമസക്കാർക്കും വെല്ലുവിളിയാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗം, മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർ എന്നിവരൊഴികെയുള്ള 56 വയസ് പൂർത്തിയായ മുഴുവൻ ദിവസവേതനക്കാരെയും പിരിച്ചുവിടാൻ 2021 സെപ്റ്റംബറിൽ വനംവകുപ്പ് നിർദേശം നൽകിയിരുന്നു. ഇതിനു പകരമായി അടിയന്തര ജോലിക്കായി നിയമിക്കേണ്ടവരുടെ പട്ടിക തയാറാക്കി സമർപ്പിച്ച ശേഷം സർക്കാർ അനുമതി പ്രകാരം നിയമനം നടത്താനായിരുന്നു നിർദേശം. എന്നാൽ, കാട്ടുതീ പ്രതിരോധത്തിനും വന്യമൃഗശല്യം രൂക്ഷമാകുന്ന സന്ദർഭത്തിലും ഇത്തരത്തിൽ സർക്കാർ അനുമതി ലഭിക്കുന്നതു വരെ കാത്തിരിക്കുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതർ പറയുന്നത്.
വനാതിർത്തിയിൽ കൃഷിയിടത്തിലേക്കും ജനവാസകേന്ദ്രത്തിലേക്കും വന്യമൃഗങ്ങളിറങ്ങിയാൽ അവയെ തിരിച്ചു കാട്ടിലെത്തിക്കുന്നതിന് താൽക്കാലിക ജീവനക്കാരുടെ സേവനം നിർബന്ധമായി വരാറുണ്ട്. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാണിച്ചാൽ നാട്ടുകാർ പലപ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സംഘർഷവും പതിവാണ്. വരുംദിവസങ്ങളിൽ ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യാൻ വനംവകുപ്പിന് വിയർക്കേണ്ടി വരും. നിലവിൽ മിക്ക ഡിവിഷനുകളിലും ആവശ്യത്തിന് താൽക്കാലിക വാച്ചർമാർ ഇല്ലാത്ത സാഹചര്യത്തിൽ പുതിയ ഉത്തരവ് കൂടുതൽ തിരിച്ചടിയാകുമെന്ന ചർച്ച വനംവകുപ്പിൽ തന്നെ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."