ഗാന്ധിചിത്രം തകർത്തത് കോൺഗ്രസുകാർ; പരോക്ഷമായി ആവർത്തിച്ച് മുഖ്യമന്ത്രി ; 3.54ന് എസ്.എഫ്.ഐക്കാരെ പുറത്താക്കി; 4.04ന്റെ ഫോട്ടോയിൽ ചിത്രം യഥാസ്ഥാനത്ത്
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
വയനാട് എം.പി രാഹുൽഗാന്ധിയുടെ കൽപ്പറ്റ ഓഫിസിൽ എസ്.എഫ്.ഐ ആക്രമണവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധിയുടെ ഫോട്ടോ തകർത്തത് എസ്.എഫ്.ഐ അല്ലെന്നുള്ള പൊലിസ് റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി.
എസ്.എഫ്.ഐ പ്രവർത്തകരുടെ അക്രമം ഉണ്ടായ ശേഷം അവരെ അറസ്റ്റ് ചെയ്യാൻ പൊലിസ് എത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന പൊലിസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കി വയനാട് എസ്.പി നൽകിയ റിപ്പോർട്ട് ആണ് മുഖ്യമന്ത്രി സി.പി.എമ്മിലെ വി.ജോയിയുടെ സബ്മിഷന് മറുപടിയായി നൽകിയത്.
പൊലിസ് ഫോട്ടോഗ്രാഫറുടെ മൊഴി അനുസരിച്ച് 3.59ന്, എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് എടുത്ത ഫോട്ടോയിൽ ഗാന്ധി ചിത്രം ചുമരിലുണ്ട്. പൊലിസ് ഫോട്ടോഗ്രാഫർ 4.0ന് എടുത്ത ഫോട്ടോ ഇത് വ്യക്തമാക്കുന്നുണ്ട്. ടി.വി ചാനലുകൾ വഴി ഇക്കാര്യം സംപ്രേഷണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റിയശേഷം അവിടേക്ക് കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരെത്തിയിരുന്നു. അതിനുശേഷം 4.29ന് വീണ്ടും അതേ മുറിയിലെത്തുമ്പോൾ ഗാന്ധി ചിത്രം നിലത്ത് കിടക്കുന്നത് കണ്ട് ഫോട്ടോഗ്രാഫർ ആ ഫോട്ടോയും എടുത്തു. ആ സമയം ചിത്രം കമഴ്ന്ന നിലയിലാണ്. ചില ദൃശ്യങ്ങളും ഇത് സാധൂകരിക്കുന്നുണ്ടെന്ന് പൊലിസ് നൽകിയ റിപ്പോർട്ടിൽ ഉണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതേക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കുന്ന പൊലിസ് റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ വായിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധത്തിനൊന്നും മുതിർന്നില്ലെന്നതും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."