മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍; കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം 51 ആക്കും- സമഗ്ര അഴിച്ചുപണിയെന്ന് കെ. സുധാകരന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിനു പിന്നാലെ കെ. സുധാകരന്റെ നേതൃത്വത്തില്‍ കെ.പി.സി.സിയില്‍ വന്‍ അഴിച്ചുപണിക്ക് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തീരുമാനം. നഷ്ടമായ ജനസ്വാധീനം തിരിച്ചുപിടിക്കുന്നതിനും സംഘടനാ സംവിധാനത്തിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടുവരുന്നതിനുമുള്ള തീരുമാനങ്ങളാണ് ഇന്നലെ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി കൈക്കൊണ്ടത്.
കെ.പി.സി.സിയില്‍ പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഭാരവാഹികളുടെ എണ്ണം 51 ആയി ചുരുക്കുന്നതെന്ന് കെ. സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 50 മുതല്‍ 60 വരെ വീടുകള്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന അയല്‍ക്കൂട്ട സമിതികള്‍ വാര്‍ഡ് തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പാര്‍ട്ടി ഘടനയില്‍ പുതിയതായി അയല്‍ക്കൂട്ടം കമ്മിറ്റികള്‍ക്കു പുറമേ നിയോജക മണ്ഡലം കമ്മറ്റികളും സംഘടിപ്പിക്കും.
ചെറിയ ജില്ലകളായ വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളില്‍ ഡി.സി.സി. ഭാരവാഹികളുടെ എണ്ണം ആനുപാതികമായി കുറയ്ക്കും. വനിതകള്‍ക്കും എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്കും കോണ്‍ഗ്രസില്‍ ഇനി 10 ശതമാനം സംവരണം നല്‍കും. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സ്ഥിരം മീഡിയ സെല്‍ ആരംഭിക്കും. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ മുതലുള്ളവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിന് രണ്ട് മാസത്തിനുള്ളില്‍ സ്‌കൂള്‍ ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തും. ഇതിനായി അഞ്ച് മേഖലാ കമ്മറ്റികളെ നിയോഗിക്കുന്നതിനും രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു.
കെ.പി.സി.സി മാതൃകയില്‍ ഡി.സി.സികളും പുന:സംഘടിപ്പിക്കും. പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് അച്ചടക്കം. അച്ചടക്ക ലംഘനം ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെല്ലാം സൗഹാര്‍ദപരമായി പരിഹരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഭാരവാഹികളെ മറ്റൊന്നിന്റെയും അടിസ്ഥാനത്തിലല്ലാതെ മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഭാരവാഹികളെല്ലാം മുഴുവന്‍ സമയ പ്രവര്‍ത്തകരായിരിക്കണം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആറുമാസം വിലയിരുത്തിയ ശേഷം മോശമാണെങ്കില്‍ മാറ്റുമെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."