ഫോണ്‍ വിളിച്ചതിനു സ്ഥിരീകരണമായതോടെ മന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടില്‍
തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ളക്കേസിലെ പ്രതി റോജി അഗസ്റ്റിനെ മുന്‍ വനം മന്ത്രി കെ. രാജുവിന്റെ ഓഫിസില്‍ നിന്ന് ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്തു വന്നതോടെ പ്രതിക്കൂട്ടിലായത് മന്ത്രിയുടെ ഓഫിസ്. മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി. ശ്രീകുമാറാണ് ഫെബ്രുവരി മൂന്നാം തീയതി റോജിയെ ഫോണില്‍ വിളിച്ചത്. ഇതിനുശേഷം ഫെബ്രുവരി 17നും 25നും ഇദ്ദേഹം റോജിയുമായി ഫോണില്‍ സംസാരിച്ചു.
ഫെബ്രുവരി രണ്ടിനാണ് വിവാദ മരംമുറി ഉത്തരവ് റവന്യൂ വകുപ്പ് റദ്ദാക്കിയത്. ഇതിനു പിറ്റേന്നാണ് റോജി അഗസ്റ്റിനും ശ്രീകുമാറും ഫോണില്‍ സംസാരിച്ചത്. ഫെബ്രുവരി മൂന്നിന് മുട്ടില്‍ ഭാഗത്ത് മരംമുറി നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. വിവാദ ഉത്തരവ് റദ്ദാക്കിയതോടെ ഈ തടികള്‍ കൊണ്ടുപോകാന്‍ പ്രതികള്‍ക്ക് തടസം നേരിട്ടിരിക്കാം. ഇത് നീക്കാനാണ് അഡി. പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചതെന്നാണ് സൂചന.
അന്ന് മുട്ടില്‍ ഭാഗത്തുനിന്ന് മുറിച്ച തടികള്‍ ലക്കിടി വഴി കടന്നുപോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വാഹന നമ്പറോ മറ്റുവിവരങ്ങളോ ലക്കിടിയിലെ വനംവകുപ്പ് ചെക്ക്പോസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുമില്ല. ഇതാണ് റോജി അഗസ്റ്റിന് വിളിച്ചത് പരിശോധന ഒഴിവാക്കാന്‍ വേണ്ടിയാണെന്ന സംശയത്തിന് ആക്കംകൂട്ടുന്നത്. അതിനിടെ, മന്ത്രിയുടെ ഓഫീസിനുപുറമേ വനംവകുപ്പിലെ പല ഉന്നതരുമായും റോജി ഫോണില്‍ സംസാരിച്ചതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."