ആത്മ സംതൃപ്‌തിയോടെ ഹജ്ജിനു സമാപനം; ഹാജിമാർ മിനായിൽ നിന്നും മടങ്ങിത്തുടങ്ങി
മക്ക: ത്യഗോജ്ജ്വലമായ സ്‌മരണ പുതുക്കി ഈ വർഷത്തെ ഹജ്ജിനു സമാപനമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒമ്പതു ലക്ഷത്തോളം തീർത്ഥാടകർ സമ്മേളിച്ച ഹജ്ജിൽ തിങ്കളാഴ്ചയോടെ ഏറെക്കുറെ ഹാജിമാരും മിനായിൽ നിന്നും വിടപറഞ്ഞെങ്കിലും ബാക്കിയുള്ളവർ ഇന്ന് വൈകുന്നേരത്തോടെ പൂർണമായും കർമ്മങ്ങൾ നിർവ്വഹിച്ചു മിനായിൽ നിന്നും മടങ്ങും. മിനായിൽ നിന്നും തിങ്കളാഴ്ച മടങ്ങിയ ഹാജിമാരിൽ ആഭ്യന്തര തീർത്ഥാടകർ വിദാഇന്റെ ത്വവാഫിന് ശേഷം മദീന സന്ദർശനവും കഴിഞ്ഞു സ്വദേശങ്ങളിൽ എത്തിച്ചേർന്നു.
വിദേശ ഹാജിമാരിൽ മുൻപ് മദീന സന്ദർശനം നടത്താത്തവർ മദീനയിലേക്കും, നേരത്തെ മദീന സന്ദർശിച്ചവർ സ്വദേശങ്ങളിലേക്കുമുള്ള യാത്രാ ഒരുക്കത്തിലാണ്. വിദേശ ഹാജിമാർ ജിദ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനൽ വഴിയും മദീന വിമാനത്താവള ഹജ്ജ് ടെർമിനൽ വഴിയുമാണ് യാത്ര തിരിക്കുക. ഇന്ത്യയിൽ നിന്നെത്തിയ അധിക ഹാജിമാരും ഇന്ന് വൈകീട്ടോടെയാണ് (ചൊവ്വാഴ്ച) മിനായിൽ നിന്നും തിരിക്കുക. ഇന്ത്യൻ തീർത്ഥാടകർ ജൂലായ് 14 മുതൽ ജിദ്ദ വിമാനത്താവളം വഴി മടക്ക യാത്ര ആരംഭിക്കും. ആദ്യമാദ്യം പുണ്യ ഭൂമിയിൽ വന്നിറങ്ങിയ ഹാജിമാരിൽ മദീന സന്ദർശനം കഴിഞ്ഞു മക്കയിൽ എത്തിയവരാണ് മടക്കയാത്രക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത്. ബാക്കിയുള്ളവർ മദീന സന്ദർശനത്തിനായുള്ള ഒരുക്കത്തിലാണ്.
മദീന വിമാത്താവളം വഴിയെത്തിയവർ ജിദ്ദയിൽ നിന്നും ജിദ്ദ വിമാനത്താവളം വഴിയെത്തിയവർ മദീനയിൽ നിന്നുമാണ് യാത്ര തിരിക്കുക. ജംറകളിലെ കല്ലേറ് കർമ്മങ്ങൾ സമാധാന പരമായാണ് നടന്നത്. മൂന്നാം ദിനമായ ഇന്നലെ (തിങ്കൾ) കല്ലേറ് കർമ്മം പൂർത്തിയാക്കി ലക്ഷക്കണക്കിന് ഹാജിമാർ വിടവാങ്ങൽ ത്വവാഫിനായി മക്കയിൽ എത്തിയതിനെ തുടർന്ന് കനത്ത തിരക്കാണ് മക്കയിൽ അനുഭവപ്പെട്ടത്. ത്വവാഫ് ചെയ്യുന്നതിന് മത്വാഫിന്റെ എല്ലാ നിലകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മതാഫിന്റെ സമ്പൂര്‍ണ ശേഷി ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം, ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പൂർണ്ണമായും സമാധാന പരമായി അവസാനിച്ചതിന്റെ സന്തോഷത്തിലാണ് സഊദി ഭരണകൂടം. കൊവിഡ് മൂലം രണ്ട് വർഷമായി വിദേശ ഹാജിമാർ ഉണ്ടായിരുന്നില്ല.
എന്നാൽ, ഇത്തവണ എത്തിയ ഹാജിമാർക്ക് പൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞതിന്റെയും ആരോഗ്യ, സുരക്ഷ ക്രമീക്രണങ്ങൾ പൂർണ്ണമായി പാലിച്ചതിനാൽ യാതൊരു അനിഷ്ട സംഭവങ്ങളും ഇല്ലാതെയും യാതൊരു പ്രയാസവും കൂടാതെയും മുഴുവൻ കർമ്മങ്ങളും സുഗമമായി നടത്താൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് സഊദി ഹജ്ജ് ഉംറ മന്ത്രാലയവും മക്ക അതോറിറ്റിയും. വിവിധ വിഭാഗങ്ങൾ ഹജ്ജിനു ശേഷം ഇക്കാര്യം വ്യക്തമാക്കി വാർത്താ സമ്മേളനം നടത്തിയാണ് സന്തോഷം പങ്കുവെച്ചത്.
മക്ക അമീറും സഊദി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും മക്കയിൽ വാർത്താ സമ്മേളനം നടത്തി ഹജ്ജ് പരിപൂർണ്ണ വിജയമായിരുന്നുവെന്ന് വ്യക്തമാക്കി. സേവന മഹത്വവും സംസ്‌കാരവും വിളിച്ചറിയിക്കുന്ന ഹജജായിരുന്നു ഈവര്‍ഷത്തേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."