ജയ്ഷയുടെ പരാതി അന്വേഷിക്കാന്‍ രണ്ടംഗ സമിതി
ന്യൂഡല്‍ഹി: വനിതകളുടെ മാരത്തണില്‍ ഇന്ത്യക്കായി ഇറങ്ങിയ ഒപി ജയ്ഷക്ക് പച്ചവെള്ളം നല്‍കാന്‍ പോലും അധികൃതര്‍ തയാറായില്ലെന്ന പരാതി അന്വേഷിക്കാന്‍ സമിതി രൂപീകരിച്ചു. രണ്ടംഗ സമിതിയാണ് പരാതി അന്വേഷിക്കുക. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
എന്നാല്‍ മാരത്തണിനിടെ വെള്ളം വേണമെന്ന് ജയ്ഷ ആവശ്യപ്പെട്ടില്ലെന്ന അത്‌ലറ്റിക്ക് ഫെഡറേഷന്റെ പ്രസ്താവന വിവാദമായി. മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് വെള്ളം നല്‍കേണ്ട ഉത്തരവാദിത്വം സംഘാടകര്‍ക്കാണെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം ജയ്ഷയുടെ അരോപണങ്ങള്‍ സഹഓട്ടക്കാരി കവിതാ റാവത്ത് തള്ളി. എല്ലാ സൗകര്യവും അത്‌ലറ്റിക്ക് ഫെഡറേഷന്‍ ഒരുക്കിയിരുന്നുവെന്ന് കവിത പറഞ്ഞു.
ഒളിംപിക്‌സില്‍ മത്സരം പൂര്‍ത്തിയായ ഉടനെ ഫിനിഷിങ് പോയിന്റില്‍ തളര്‍ന്നുവീണ ജയ്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടു മണിക്കൂറിനു ശേഷമാണ് ബോധമുണര്‍ന്നത്. ജയ്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും ഇന്ത്യന്‍സംഘത്തിലെ ആരും ഉണ്ടായില്ല. താന്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്നാണ് ജയ്ഷ ആശുപത്രിയില്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.
മറ്റെല്ലാ രാജ്യങ്ങളും രണ്ട് കിലോമീറ്റര്‍ ഇടവേളകളില്‍ താരങ്ങള്‍ക്കായി കുടിവെള്ളവും ഗ്ലൂക്കോസും ജെല്ലുകളുമടങ്ങിയ പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ചിരുന്നു. മറ്റു രാജ്യങ്ങളുടെ കൗണ്ടറില്‍ നിന്ന് പാനിയങ്ങളെടുക്കുന്നത് ചട്ടവിരുദ്ധമായതിനാല്‍ ഈ കൗണ്ടറുകളെ നോക്കി കുടിനീരിറക്കാനായിരുന്നു ജയ്ഷയുടെ വിധി. ഇന്ത്യയ്ക്കും ഒളിംപിക്‌സ് അധികൃതര്‍ കൗണ്ടര്‍ അനുവദിച്ചിരുന്നെങ്കിലും കൗണ്ടറില്‍ ഉണ്ടായിരുന്നത് ദേശീയപതാക മാത്രമായിരുന്നു. എട്ടു കിലോമീറ്റര്‍ ഇടവിട്ടുള്ള ഒളിംപിക്‌സ് അധികൃതരുടെ കൗണ്ടറുകള്‍ മാത്രമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."