HOME
DETAILS

ശ്രീലങ്കയിലെ അനിശ്ചിതത്വം; തിരിച്ചുവരവ് അസാധ്യമോ?

  
backup
July 13 2022 | 04:07 AM

89563546231-2022-todays-article

രാജാജി മാത്യു തോമസ്

സമാനതകളില്ലാത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം അയവില്ലാതെ തുടരുന്നതായാണ് അവിടെനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്യാദൃശമായ ജനരോഷത്തെ തുടർന്ന് പ്രസിഡന്റിന്റെ കൊട്ടാരം ഉപേക്ഷിച്ച് പലായനംചെയ്ത ഗോതബായ രാജപക്‌സെ കൊളംബൊയിലെ കട്ടുനായകെ വിമാനത്താവളത്തിൽ വിദേശത്തേക്കു കടക്കാൻ തക്കംപാർത്ത് സൈനിക സംരക്ഷണയിൽ കഴിയുന്നതായി സ്ഥിരീ കരിക്കപ്പെടാത്ത വാർത്തയുണ്ട്. ഗോതബായ ഇന്ന് രാജിവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായി പ്രധാനമന്ത്രിയുടെയും പാർലമെന്റ് സ്പീക്കറുടെയും ഓഫിസുകൾ സ്ഥിരീകരിക്കുന്നുമുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരത്തിലും കൊളംബൊ നഗരത്തിലുമായി തമ്പടിച്ചിരുന്ന പതിനായിരക്കണക്കായ പ്രക്ഷോഭകാരികൾ ആ ഉറപ്പുകൾ വിശ്വാസത്തിലെടുക്കാൻ തയാറല്ല. പ്രസിഡന്റും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും തമ്മിൽ രൂക്ഷമായ അഭിപ്രായഭിന്നത നിലനിൽക്കുന്നതായും വാർത്തകളുണ്ട്. ശനിയാഴ്ച പ്രസിഡന്റിന്റെ കൊട്ടാരം കൈയേറിയ ജനങ്ങൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'ടെംപിൾ ട്രീസ്' വളയുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടുകയും സ്വകാര്യവസതി തീവച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന നിശ്ചയദാർഢ്യത്തിലാണ് പ്രക്ഷോഭകർ. ഇരുവരും അധികാരത്തിൽ ഏതുവിധേനയും കടിച്ചുതൂങ്ങാൻ ശ്രമിച്ചേക്കുമെന്ന് ജനം ഭയപ്പെടുന്നു.
ഭരണകൂടവും നിയമവാഴ്ചയും തകർന്ന രാജ്യത്ത് ഒരു സർവകക്ഷി സർക്കാരിന് രൂപംനൽകാനുള്ള ശ്രമങ്ങൾ ജനങ്ങൾ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറിയ ശനിയാഴ്ചതന്നെ ആരംഭിച്ചെങ്കിലും രാഷ്ട്രീയപാർട്ടികൾക്കിടയിൽ ഇനിയും വ്യക്തമായ സമവായം ഉണ്ടായിട്ടില്ല. ഏതൊരു ബദൽസംവിധാനത്തെയും വിശ്വാസത്തിലെടുക്കാൻ രോഷാകുലരായ ജനങ്ങൾ തയാറായേക്കില്ലെന്ന ആശങ്കയും അസ്ഥാനത്തല്ല. രാജ്യത്തെ ആഴമേറിയ സാമ്പത്തിക കുഴപ്പത്തിലേക്കും ജനജീവിതത്തെ ഒരുനേരത്തെ ആഹാരത്തിനുപോലും മാർഗമില്ലാത്ത അവസ്ഥയിലേക്കും നയിച്ച നിലവിലുള്ള രാഷ്ട്രീയ, ഭരണസംവിധാനങ്ങളോടുമുള്ള അവിശ്വാസം അത്രമേൽ രൂക്ഷമാണ്.


പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവച്ചൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതോടെ പാർലമെന്റ് സ്പീക്കർ മഹിന്ദ അബെ വർധനയുടെ നേതൃത്വത്തിൽ താൽക്കാലിക സർക്കാർ രൂപീകരിക്കുന്നതിനെപ്പറ്റി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഏറ്റവും പുതിയ വിവരം ജൂലൈ 15നു പാർലമെന്റ് വിളിച്ചുചേർക്കാനും 19നു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ നാമനിർദേശപത്രിക സ്വീകരിക്കാനും സർവകക്ഷിയോഗം തീരുമാനിച്ചതായാണ്. മുഖ്യ പ്രതിപക്ഷ കക്ഷിയായ സമാഗി ജനബലവേഗ (എസ്.ജെ.ബി) അധികാരം ഏറ്റെടുത്തേക്കുമെന്നും അതിന്റെ നേതാവ് സജിത് പ്രേമദാസ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കാൻ സന്നദ്ധനായിട്ടുണ്ടെന്നും വാർത്തകൾ സൂചിപ്പിക്കുന്നു. ഗോതബായയുടെ ശ്രീലങ്ക പൊതുജന പെരുമുനയ്ക്കു (ശ്രീലങ്ക പീപ്പിൾസ് ഫ്രണ്ട് എസ്.എൽ.പി.പി) ഭൂരിപക്ഷമുള്ള സഭയിൽ അവരും ജനതവിമുക്തി പെരുമുന (ജെ.വി.പി) തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും പുതിയ സംവിധാനത്തോട് എങ്ങനെ പ്രതികരിക്കും എന്നതു സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തുള്ള വ്യോമസേനാ താവളത്തിൽ ഉണ്ടെന്നു കരുതപ്പെടുന്ന ഗോതബായ എത്രകാലം അവിടെ തുടരുമെന്നോ, എപ്പോൾ രാജ്യംവിടുമെന്നോ, അതിനുള്ള അവസരം നൽകപ്പെടുമെന്നോ യാതൊരു വ്യക്തതയും ഇപ്പോഴില്ല. എന്നാൽ ശ്രീലങ്കൻ ക്യാബിനറ്റിൽ ഉണ്ടായിരുന്ന അഞ്ചു രാജപക്‌സെമാരിൽപെട്ട മുൻ ധനകാര്യമന്ത്രിയും ഇപ്പോഴത്തെ പ്രതിസന്ധിക്കു മുഖ്യ ഉത്തരവാദിയെന്നും കരുതപ്പെടുന്ന ബേസിൽ രാജപക്‌സെ രാജ്യത്തുനിന്നും രക്ഷപ്പെടാനുള്ള ശ്രമം എയർപോർട്ട് എമിഗ്രേഷൻ ഉദ്യോ ഗസ്ഥർ തന്നെ തടയുകയുണ്ടായി. പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രാജപക്‌സെ നേരത്തെതന്നെ ജനരോഷം ഭയന്ന് രാജിവച്ചിരുന്നു. ശ്രീലങ്കയുടെ സമ്പൂർണ സാമ്പത്തിക തകർച്ചയുടെ ഉത്തരവാദികൾ രാജപക്‌സെ കുടുംബവാഴ്ചയും അവരുടെ അഴിമതിയും സാമ്പത്തിക കെടുകാര്യസ്ഥതയുമാണെന്ന് ദ്വീപുരാഷ്ട്ര ജനതയിൽ മഹാഭൂരിപക്ഷവും വിശ്വസിക്കുന്നു. അവരെ അധികാരത്തിലേറാൻ സഹായിച്ച തീവ്ര ഭൂരിപക്ഷ വംശീയത കൊടിയ സാമ്പത്തിക പ്രതിസന്ധിയിലും ജീവിതക്ലേശങ്ങളിലും അപ്രസക്തമായി. അവരെ അധികാരത്തിൽ അവരോധിക്കാൻ മുൻനിരയിൽനിന്ന് പ്രവർത്തിച്ച ബുദ്ധമത സന്യാസിമാർ പോലും വലിയതോതിൽ ഇപ്പോൾ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറുന്നതിൽ അണിനിരന്നു എന്നതും ശ്രദ്ധേയമാണ്. വംശീയ ന്യൂനപക്ഷമായ തമിഴ് ജനതക്കെതിരായ ഉന്മൂലന നടപടികളാണ് ഗോതബായ അടക്കം രാജപക്‌സെമാർക്കു സിംഹള ജനസാമാന്യങ്ങൾക്കിടയിൽ വീരപരിവേഷം നൽകിയത്. അതു മുതലെടുത്താണ് രാജപക്‌സെമാർ കുടുംബവാഴ്ച ഉറപ്പിച്ചതും.


തികഞ്ഞ അനിശ്ചിതത്വങ്ങൾക്കു നടുവിൽ ഒരു സർവകക്ഷി സർക്കാർ രൂപീകരിക്കുന്നതിൽ ശ്രീലങ്കയിലെ രാഷ്ട്രീയപാർട്ടികൾ വിജയിച്ചാൽത്തന്നെ ഒരു സുസ്ഥിര ഭരണസംവിധാനവും നിയമവാഴ്ചയും ഉറപ്പുവരുത്തി സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്തുക തികച്ചും ശ്രമകരമായിരിക്കും. ഭക്ഷ്യവസ്തുക്കളും ഇന്ധനവുമടക്കം എല്ലാ നിത്യോപയോഗ അവശ്യവസ്തുക്കളും ഇറക്കുമതി ചെയ്യേണ്ട ദ്വീപുരാഷ്ട്രത്തിന്റെ വിദേശനാണ്യശേഖരം വട്ടപ്പൂജ്യമാണ്. ഒരു സർക്കാർ അധികാരത്തിൽ വന്നാലും അടിയന്തരമായി ആവശ്യമായിവരുന്ന വിദേശനാണ്യ വായ്പകൾ ലഭ്യമാക്കാൻ ഏറെ സമയം വേണ്ടിവരും. ഇന്ത്യയടക്കം സുഹൃദ് രാജ്യങ്ങളുടെ സഹായമായിരിക്കും പരിമിതമായ തോതിലെങ്കിലും ഉടൻ ആശ്രയിക്കാവുന്നത്. അതുപോലും ഭരണകൂടത്തിന്റെ സ്ഥിരതയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ ഇതുവരെ നൽകിപ്പോന്ന സഹായങ്ങൾ ചില കേന്ദ്രങ്ങളിലെങ്കിലും സംശയങ്ങൾക്കും ആശങ്കകൾക്കും കാരണമായിട്ടുണ്ട്.


ശ്രീലങ്കയുടെ വടക്കുകിഴക്കൻ ചെറുദ്വീപുകളിൽ ഊർജനിലയങ്ങൾ സ്ഥാപിക്കുന്നതിൽ അദാനിമാർക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടൽ നടത്തിയതായ വെളിപ്പെടുത്തൽ വിവാദമായി മാറിയത് അവഗണിക്കാവുന്നതല്ല. ശ്രീലങ്കയുടെ സമ്പദ്ഘടനയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചതിൽ ചൈനയുടെ വായ്പകൾക്കും അവ ഉപയോഗിച്ചുള്ള ബൃഹത്ത് വികസന പദ്ധതികൾക്കുമുള്ള പങ്കും കടുത്ത വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. അത്തരം വായ്പകൾ തുടരുക പുതിയ ഭരണകൂടത്തിനു സുഗമമായിരിക്കില്ല. ബഹുരാഷ്ട്ര ഏജൻസികളുടെ സഹായങ്ങൾക്കും അത് പ്രതിബന്ധം സൃഷ്ടിച്ചേക്കാം. ഐ.എം.എഫ് അടക്കമുള്ള ആഗോള ബഹുരാഷ്ട്ര ഏജൻസികൾ നടത്തിവന്നിരുന്ന ചർച്ചകളുടെ തുടർച്ചയും ആഭ്യന്തര രാഷ്ട്രീയത്തെ ആശ്രയിച്ചിരിക്കും. റഷ്യ-ഉക്രൈൻ സംഘർഷങ്ങളിൽ ആമഗ്‌നരായ വികസിത പാശ്ചാത്യ സമ്പദ്ഘടനകൾക്കു ശ്രീലങ്ക ഒരു മുൻഗണനാവിഷയമേ അല്ലെന്നാണ് ഇതുവരെയുള്ള പ്രതികരണങ്ങൾ ബോധ്യപ്പെടുത്തുന്നത്.


ശ്രീലങ്കക്ക് സർവകക്ഷി സർക്കാർ താൽക്കാലിക പരിഹാരം മാത്രമായിരിക്കും. അനതിവിദൂര ഭാവിയിൽ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കും പുതിയ സർക്കാർ രൂപീകരണത്തിലേക്കും നീങ്ങേണ്ടിവരും. അങ്ങനെ ഒരു സർക്കാരിനു സാമ്പത്തികരംഗത്തെ പ്രശ്‌നങ്ങളെ നേരിടാൻ പൊതുസമവായം അനിവാര്യമാകും. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി അത്രമേൽ സങ്കീർണമാണ്. തിരിച്ചുവരവിനു സമയം ഏറെ ആവശ്യമുള്ള പൊതുസമീപനം കൂടിയേതീരൂ. ശ്രീലങ്കയുടെ സുപ്രധാന വിദേശനാണ്യ സ്രോതസായ വിനോദസഞ്ചാരം തിരിച്ചുപിടിക്കാൻ ഇനിയും ഒഴിഞ്ഞുപോയിട്ടില്ലാത്ത കൊവിഡ് ഭീഷണിക്കൊപ്പമോ, അതിലധികമോ പ്രധാനപ്പെട്ടതാണ് വംശീയതയിലും വിഭാഗീയതയിലും വേരൂന്നിയുള്ള ഭീകരപ്രവർത്തനങ്ങൾക്കു വിരാമമിട്ട് നിയമവാഴ്ചയും സമാധാനാന്തരീക്ഷവും പുനഃസ്ഥാപിക്കുക എന്നത്. അതു പുതിയ സർക്കാരിന് കനത്ത വെല്ലുവിളിയായിരിക്കും.


കാർഷികരംഗത്തെ തിരിച്ചുവരവ് അതിനേക്കാൾ ശ്രമകരവും ഏറെ നിക്ഷേപം ആവശ്യപ്പെടുന്നതുമായിരിക്കും. വിദേശനാണ്യ ശോഷണമാണ് യഥാർഥത്തിൽ ഏറെ ആഘോഷിക്കപ്പെട്ട ജൈവകൃഷി പരീക്ഷണത്തിനു രാജ്യത്തെ നിർബന്ധിതമാക്കിയത്. രാസവള ഇറക്കുമതിക്കു വേണ്ടിയുള്ള വിദേശനാണയത്തിന്റെ അഭാവമായിരുന്നു അത്തരമൊരു പരിഷ്‌കാരത്തിലേക്കുള്ള ചുവടുമാറ്റത്തിനു കാരണം. അത് കാർഷിക ഉൽപാദനത്തിൽ സുപ്രധാനമായ തേയില, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയടക്കം കാർഷികവിളകൾ 40 ശതമാനത്തിലും അതിലധികവുംകണ്ട് കൂപ്പുകുത്താനിടയാക്കി. അത് തിരിച്ചുപിടിക്കാൻ രാസവള ലഭ്യത ഉറപ്പുവരുത്തിയാലും ഏതാനും വർഷങ്ങൾതന്നെ വേണ്ടിവരും.


അവയെല്ലാം അന്താരാഷ്ട്ര ഏജൻസികളുടെയും ഇന്ത്യയടക്കം സുഹൃദ് രാജ്യങ്ങളുടെയും ഉദാരസമീപനത്തെ ആശ്രയിച്ചിരിക്കും. ഐ.എം.എഫ് അടക്കം അന്താരാഷ്ട്ര ഏജൻസികളുടെയും സഹായഹസ്തം നീട്ടുന്ന രാജ്യങ്ങളുടെയും പിന്തുണ കർശന വ്യവസ്ഥകൾക്കു വിധേയമാകും. സാധാരണ സ്ഥിതിയിലേക്ക് മടങ്ങുക ജനജീവിതത്തിന്റെ സഹനശേഷി കുറേക്കാലത്തേക്കുകൂടി ആവശ്യപ്പെടുന്നു. അത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാനുള്ള മെയ്‌വഴക്കമായിരിക്കും ശ്രീലങ്കയിലെ പുതിയ രാഷ്ടീയം നേരിടേണ്ടിവരുന്ന വെല്ലുവിളി.


ശ്രീലങ്കൻ ഭരണവ്യവസ്ഥയിൽ ഘടനാപരമായ മാറ്റമാണ് പ്രതിപക്ഷവും ജനങ്ങളും ഒരുപോലെ ആവശ്യപ്പെടുന്നത്. ശ്രീലങ്കയുടെ ഭരണഘടന ഭേദഗതി ചെയ്ത് അധികാരങ്ങൾ പ്രസിഡന്റിൽ കേന്ദ്രീകരിച്ച ഗോതബായ കുടുംബവാഴ്ചയുടെ നടപടി റദ്ദാക്കണമെന്ന ആവശ്യം ശക്തമാണ്. അതുകൂടാതെ മുന്നോട്ടുപോകാൻ ജനങ്ങൾ അനുവദിക്കണമെന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയാന്തരീക്ഷം അതിന് അനുകൂലവുമാണ്. എന്നാൽ രാജ്യത്തിന്റെ ഖജനാവ് കാലിയാക്കിയ നികുതിയിളവുകൾക്കു പകരം നികുതി ഉയർത്താനുള്ള ഏതു നീക്കവും ജനങ്ങളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തും. അതുകൂടാതെ ഐ.എം.എഫ് അടക്കം അന്താരാഷ്ട്ര ഏജൻസികളുടെ സഹായം പ്രതീക്ഷിക്കാനുമാവില്ല. ഈയൊരു മാറ്റത്തിന് ജനങ്ങളെ സജ്ജരാക്കുക എന്നത് പുതിയ സർക്കാരിനു ശ്രമകരമായ ദൗത്യമായിരിക്കും.
ചുരുക്കത്തിൽ, ഇന്ത്യയടക്കം വികസ്വര രാജ്യങ്ങളെ ആഴത്തിൽ സ്വാധീനിക്കേണ്ട രാഷ്ട്രീയ, സാമ്പത്തിക പരീക്ഷണങ്ങളുടെ വേദിയായി മാറുകയാണ് ശ്രീലങ്ക. താരതമ്യങ്ങൾ അസ്ഥാനത്താണെന്ന് തോന്നാമെങ്കിലും ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക വ്യവഹാരങ്ങളിൽ അവഗണിക്കാനാവാത്ത പല സാദൃശ്യങ്ങളും സൂക്ഷ്മാവലോകനത്തിൽ ദൃശ്യമാണ്. പാഠങ്ങൾ അവഗണിക്കാവുന്നതല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago