രചനകളെ മിഴിനീരിൽ തെളിയുന്ന മഴവില്ലുകളാക്കിയ കഥാകാരൻ
പി. ഖാലിദ്
മലയാളിയുടെ മനസിൽ എന്നും എം.ടിക്ക് ചെറുപ്പമാണ്. ഒരു കാലഘട്ടത്തെ തന്നോട് ചേർത്തുനിർത്തിയ, ത്രസിപ്പിച്ച എം.ടി വാസുദേവൻ നായർ എന്ന അതുല്യ പ്രതിഭ നവതിയിലേക്കെന്നത് അത്ഭുതാതിശയങ്ങളോടെ മാത്രമേ മലയാളിക്ക് ഉൾക്കൊള്ളാൻ കഴിയൂ. മലയാളി പരിചയിച്ചുപോന്ന കഥാപ്രപഞ്ചത്തെ മാറ്റിപ്പണിത വള്ളുവനാട്ടുകാരൻ. ഓരോ കഥയും മിഴിനീരിൽ തെളിയുന്ന മഴവില്ല് പോലെയായിരുന്നു. അവയത്രയും മലയാളിയെ തരളിതമാക്കി. കൂടല്ലൂർ എന്ന കുഗ്രാമത്തിൽ നിന്നെത്തി കോഴിക്കോടിനെ സ്വയംവരിച്ച പ്രസാദ തേജസ്. പിരിയാൻ വിടാത്ത കാമുകിയായിത്തീരുകയായിരുന്നു കോഴിക്കോട് നഗരം എം.ടിക്ക്.
ഹൃദയങ്ങളെ ഇന്നും നീറ്റിക്കൊണ്ടിരിക്കുന്ന, കണ്ണീരിറ്റുന്ന 'വരും വരാതിരിക്കില്ല' എന്ന വാചകം മലയാള മനസിൽ വീണലിഞ്ഞത് ആ വിരലുകളിലൂടെയായിരുന്നു. പദപ്രവാഹങ്ങളിലൂടെ പുതിയൊരു ഭാവുകത്വവുമായാണ് അറുപതുകളിലെ കഥാപ്രപഞ്ചത്തിലേക്ക് എം.ടി കടന്നുവന്നത്. കാലം എന്ന നോവൽ അറുപതുകളിലെയും എഴുപതുകളിലെയും യുവത്വത്തിന്റെ ഹൃദയ നൊമ്പരങ്ങളായിരുന്നു. ഏകാന്ത ദുഃഖങ്ങൾ പേറിക്കഴിയാൻ വിധിക്കപ്പെട്ട എവിടെയും എത്താതെ പോകുന്ന ജന്മങ്ങൾ എം.ടിയുടെ രചനാവൈഭവത്താൽ നമ്മെ അലോസരപ്പെടുത്തി. കടവത്തെത്തുമ്പോഴേക്കും അകന്നുപോകുന്ന തോണിക്കാരൻ, സ്റ്റാന്റിലെത്തുമ്പോഴേക്കും അകന്നുപോകുന്ന അവസാനത്തെ ബസ് എത്രയെത്ര ചെറുപ്പക്കാരുടെ കണ്ണുകളെയാണ് ഈ കഥകളൊക്കെയും ഒരു കാലം ഈറനണിയിച്ചത്.
'സേതൂന് എന്നും ഒരാളോട് മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളൂ സേതൂവിനോട് മാത്രം' എന്ന സുമിത്രയുടെ വാചകം അക്കാലത്തെ നിസ്സഹായരായ, തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ അകം പൊള്ളിക്കുന്നതായിരുന്നു. കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിൽ ഉണ്ടാകുന്ന മുറിപ്പാടുകൾ എം.ടിയോളം പകർത്തിയ ഒരെഴുത്തുകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ല.
മുസ്‌ലിംകൾ എഴുതുന്ന കഥകളിൽ മുസ്‌ലിം കഥാപാത്രങ്ങൾ ക്രൂരന്മാരായി ചിത്രീകരിക്കപ്പെടുമ്പോൾ താങ്കളുടെ എല്ലാ കഥകളിലും മുസ്‌ലിം കഥാപാത്രങ്ങൾ നന്മ നിറഞ്ഞവരാണല്ലൊ എന്ന ചോദ്യത്തിന് എം.ടി നൽകിയ മറുപടി 'ഞാൻ കണ്ട മുസ്‌ലിംകളെല്ലാം നന്മ നിറഞ്ഞവരായിരുന്നു' എന്നായിരുന്നു. ഒന്നാമനാകാനുള്ള കഴിവുണ്ടായിട്ടും രണ്ടാമനാകാൻ വിധിക്കപ്പെടുന്ന മനുഷ്യരുടെ ആത്മസംഘർഷങ്ങൾ, ഹൃദയവ്യഥകൾ എം.ടിയോളം പകർത്തിയ മറ്റൊരു എഴുത്തുകാരൻ നമുക്കില്ല. കാലത്തിലെ സേതു, രണ്ടാമൂഴത്തിലെ ഭീമൻ, വടക്കൻ വീരഗാഥയിലെ ചന്തു എല്ലാവരും യോഗ്യതയുണ്ടായിട്ടും അർഹതയുണ്ടായിട്ടും രണ്ടാമനാകാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ. ആത്മനിന്ദയിൽ ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു അവരൊക്കെയും. ജീവിതം അനന്തമായ കാത്തിരിപ്പാണെന്ന്, മഞ്ഞിൽ, വിമലയിലൂടെ എം.ടി പറഞ്ഞുവച്ചു.
തൊട്ടതെല്ലാം പൊന്നാക്കി എന്നതാണ് എം.ടിയുടെ ജന്മസാഫല്യം. ഇരുപത്തിരണ്ടാം വയസിൽ ആദ്യമെഴുതിയ നാലുകെട്ട് നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ്, ആദ്യം സംവിധാനം ചെയ്ത നിർമാല്യം സിനിമക്ക് ദേശീയ അവാർഡ്. പുറമെനിന്നു നോക്കുമ്പോൾ പരുക്കനായി തോന്നുന്ന എം.ടി അടുപ്പമുള്ളവർക്ക് എന്നും സ്‌നേഹത്തിന്റെ നീരുറവയായിരുന്നു. ധ്യാന സമാനമായി തീരുന്നു എം.ടിയുടെ നീണ്ടുപോകുന്ന മൗനങ്ങൾ. തനിയെ തപിക്കുന്ന കഥാപാത്രങ്ങളെ ആ നീണ്ട മൗനങ്ങളിലൂടെ എം.ടി ആവാഹിക്കുകയായിരുന്നു. ഓരോ സൃഷ്ടിയും നിസ്തുല ശോഭയോടെ പൂർത്തിയാക്കാൻ എം.ടിക്ക് കഴിഞ്ഞതും ഈ മന്ദ്ര മധുര മൗനത്താലായിരുന്നു. കഥകളിലെ, നോവലുകളിലെ ലാവണ്യാനുഭവം പോലെ തന്നെ ചരിത്രവും കൂടിയായിരുന്നു എം.ടി രചനകൾ. നായർ തറവാടുകളിലെ യാഥാസ്ഥിതികതയിൽ ഉള്ളം നീറി കഴിയാൻ വിധിക്കപ്പെട്ട യുവതി യുവാക്കളെ ആലഭാരങ്ങൾ ഇല്ലാതെ തന്നെ എം.ടി പകർത്തി. മരുമക്കത്തായവും ജന്മിത്വത്തിന്റെ തകർച്ചയും വിവരിക്കുന്ന ചരിത്രരേഖകളും കൂടിയാണ് എം.ടി രചനകൾ. ബഷീറിന്റെ രചനകളിലെന്നപോലെ ഓരോ എം.ടി കഥയിലും നോവലുകളിലും എം.ടിയുടെ ആന്തരിക വിലാപങ്ങൾ ഉണ്ട്. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ താണ്ടിയെത്തിയ ഏകാന്തപഥികന്റെ അധരങ്ങളിൽ ചിരി വിടരാൻ മടിച്ചുനിന്നതിൽ എന്തത്ഭുതം! നീല കരിമ്പനകളുടെ നിഴലിൽ മയങ്ങി ഒഴുകിയ നിളാ നദിയാണ് എം.ടിയിലെ കഥാകാരനെ കണ്ടെത്തിയത്. മണലെടുത്ത് വറ്റിവരണ്ട നിളയെക്കുറിച്ച് ആരോ ഒരാൾ എം.ടിയോട് സൂചിപ്പിച്ചപ്പോൾ എം.ടി പറഞ്ഞത് 'നിള എന്റെ നെഞ്ചിലൂടെയാണ് ഒഴുകുന്ന'തെന്നായിരുന്നു. നിള പോലെ ഒഴുകുന്നതാണ് എം.ടിയുടെ രചനകളും. മയൂഖമാലകൾ ചൊരിയുന്നതായിരുന്നു ആ ഭാഷാസൗന്ദര്യം. മലയാള ഭാഷയുടെ പൈതൃകമായി മാറിയ എം.ടി വാസുദേവൻ നായർ മോഹന സാന്നിധ്യമായി, നിലാ കുളിർക്കാറ്റായി ഇനിയും ഏറെക്കാലം നമുക്കൊപ്പം ഉണ്ടാവുക എന്നത് മലയാളിയുടെ പുണ്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."