ഇസ്‌റാഈൽ ഉൾപ്പെടെ എല്ലാ വിമാനങ്ങൾക്കും വ്യോമ പാത തുറന്ന് സഊദി അറേബ്യ, തീരുമാനം ബൈഡന്റെ സന്ദർശനത്തിന് തൊട്ട് മുമ്പ്
റിയാദ്: എല്ലാ വിമാനങ്ങൾക്കും തങ്ങളുടെ വ്യോമ പാത ഉപയോഗിക്കാമെന്ന് വ്യക്തമാക്കി സഊദി അറേബ്യ. അമേരിക്കൻ പ്രസിഡന്റിന്റെ സഊദി സന്ദശനത്തിനു മുന്നോടിയായാണ് സഊദി അറേബ്യയുടെ പ്രഖ്യാപനം. മധ്യേഷ്യൻ സന്ദർശനത്തിലുള്ള ബൈഡൻ ഇസ്‌റാഈൽ സന്ദർശനം കഴിഞ്ഞ് ഇന്ന് സഊദിയിലേക്ക് എത്തും. ഇസ്‌റാഈലിൽ നിന്ന് നേരിട്ടാണ് സഊദിയിലേക്ക് ബൈഡൻ എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രമെന്ന നിലയിൽ എല്ലാ വിമാനങ്ങൾക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകുന്നുവെന്നാണ് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
1944 ലെ ചിക്കാഗോ കൺവെൻഷനു കീഴിലുള്ള കരാറുകൾ നിറവേറ്റാനുള്ള രാജ്യത്തിന്റെ താൽപ്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് തീരുമാനമെന്ന് അതോറിറ്റി പ്രസ്‌താവനയിൽ വിശദീകരിച്ചു. അന്താരാഷ്‌ട്ര എയർ നാവിഗേഷനിൽ സിവിൽ വിമാനങ്ങൾക്ക് വിവേചനം കാണിക്കരുതെന്നും മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കാനും അന്താരാഷ്‌ട്ര എയർ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ പൂർത്തീകരിക്കാനും വ്യവസ്ഥ ചെയ്യുന്നതയായിരുന്നു 1944 ലെ ചിക്കാഗോ കൺവെൻഷൻ.
പുതിയ തീരുമാനത്തോടെ ഇസ്‌റാഈൽ വിമാനങ്ങൾക്കും സഊദി വ്യോമ പാത ഉപയോഗിക്കാനാകുമെന്നും മക്കയിലേക്കും മദീനയിലേക്കും ചാർട്ടേഡ് വിമാനം അനുവദിക്കുന്ന കാര്യം യുഎസ് പ്രസിഡണ്ടിന്റെ സന്ദർശനത്തിൽ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."