കായംകുളം താലൂക്ക് ആശുപത്രി ചികിത്സ തേടുന്നു
കായംകുളം: സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത് പേരിലൊതുങ്ങി. പദവി ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
കിടക്കകളുടെയും ജീവനക്കാരുടെയും എണ്ണം പഴയതു പോലെ തുടരുകയാണ്. ഏഴുവര്‍ഷം മുമ്പ് എല്‍.ഡി.എഫ്. സര്‍ക്കാരാണ് കായംകുളം ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. അന്ന് ഉണ്ടായിരുന്ന 125 കിടക്കകളാണ് ഇപ്പോഴുമുള്ളത്. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയു എണ്ണവും ഇതിനനുസരിച്ച് മാത്രം. 250 ഓളം രോഗികളാണ് ദിവസവും കിടത്തി ചികിത്സക്കുള്ളത്. കായംകുളം നഗരസഭയിലും ആറ് പഞ്ചായത്തുകളിലുമുള്ള കയര്‍ തൊഴിലാളികളും, മത്സ്യതൊഴിലാളികളുമായ സാധാരണക്കാരുടെ ആശ്രയമാണ് ആശുപത്രി. ദിവസവും 1500 ലധികം രോഗികളാണ് ഒ.പിയില്‍ എത്തുന്നത്. താലൂക്ക് ആശുപത്രിയില്‍ 250 കിടക്കകളാണ് അനുവദിച്ചിട്ടുള്ളത്. ജീവനക്കാരും സൗകര്യങ്ങളും ആനുപാതികമായി വര്‍ധിക്കേണ്ടതാണ്. താലൂക്ക് പദവി ആലങ്കാരികം മാത്രമായതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ കൊണ്ടു വരുന്ന രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിക്കുന്ന ഒരു കേന്ദ്രം മാത്രമായി കായംകുളം ആശുപത്രി മാറിയിരിക്കുകയാണ്.
ദേശീയ പാതക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിയിലേക്കാണ് അപകടങ്ങളില്‍പ്പെടുന്നവരെ പെട്ടെന്ന് എത്തിക്കുന്നത്. മെച്ചപ്പെട്ട ചികിത്സ അടിയന്തരമായി നല്‍കാന്‍ ഇവിടെ സൗകര്യങ്ങളുണ്ടെങ്കില്‍ പലരുടേയും ജീവന്‍ രക്ഷിക്കാനകും. വണ്ടാനം, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ എത്തിക്കുമ്പോഴേക്കും രോഗികളുടെ ജീവന്‍ അപകടത്തിലാകുകയും ചെയ്യുന്നു. ഇതിന് പരിഹാരമായാണ് കായംകുളം താലൂക്ക് ആശുപത്രിയില്‍ ട്രോമാ കെയര്‍ യൂനിറ്റ് അനുവദക്കുമെന്ന് പ്രഖ്യാപിച്ചത്.
പി.ജെ കുര്യന്‍ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കെട്ടിടം പണി കഴിപ്പിച്ചിരുന്നു. പക്ഷേ ട്രോമാ കെയര്‍ യൂനിറ്റ് ഉടന്‍ വരുമെന്ന് പ്രഖ്യാപനമല്ലാതെ ഒന്നും നടപ്പായില്ല. 24 മണിക്കൂറും ലബോറട്ടറിയും, ഫാര്‍മസി സേവനം തുടങ്ങിയവയും ജീവനക്കാടെ നിയമിക്കാത്തതിനാല്‍ നടപ്പായില്ല. കായംകുളം താലൂക്ക് ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥയക്ക് പരിഹാരം കാണുമെന്ന എല്‍.ഡി.എഫ് പ്രകടന പത്രികയിലാണ് ജനങ്ങളുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."