കാട് കാവല്‍
ടി.കെ ജോഷി
ഈ രക്ഷപ്പെടലില്‍ കാടിന്റെ കഥയുണ്ട്, സാഹോദര്യത്തിന്റെ ചേര്‍ത്തുപിടിക്കലുണ്ട്. അതിജീവനത്തിന്റെയും വേര്‍പാടിന്റെ പോരാട്ടങ്ങളും വേദനയുമുണ്ട്. സ്‌നേഹത്തിന്റെ ലാളനയുണ്ട്. അതിലേറെ ദൈവകാരുണ്യത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും പ്രതീക്ഷകളുണ്ട്.
അമ്മിഞ്ഞപ്പാല്‍ നുണഞ്ഞുകൊണ്ടിരിക്കവെയാണ് കൊച്ചു ക്രിസ്റ്റ്യന്‍ നെരിമാന്‍ ആമസോണ്‍ കാടിന്റെ മടിത്തട്ടിലേക്ക് വീഴുന്നത്. 11 മാസമാണ് പ്രായം. ആകാശത്തുനിന്ന് ഭൂമിയിലേക്ക് പതിച്ചത് അവന്‍ തനിച്ചല്ല, അവനുവേണ്ടി പാല്‍ ചുരത്തിക്കൊണ്ടിരുന്ന അമ്മ, നാലും ഒമ്പതും 13 ഉം വയസുള്ള മൂന്ന് സഹോദരിമാര്‍, ഗോത്രത്തലവന്‍, വിമാനം പറത്തിയ പൈലറ്റ്...
കൊളംബിയയിലെ ആമസോണാസ് പ്രവിശ്യയിലെ അരരാക്കുവരയില്‍നിന്ന് പറന്നുയര്‍ന്ന ചെറു വിമാനത്തിന്റെ ലക്ഷ്യം 350 കിലോമീറ്റര്‍ അകലെയുള്ള സാനോസെഡല്‍ എന്ന പട്ടണമായിരുന്നു. അവിടെയാണ് നമ്മുടെ കൊച്ചു ക്രിസ്റ്റ്യന്‍ നെരിമാന്റെ പിതാവ് മാനുവല്‍ റെണോക്കുള്ളത്. കുറച്ച് മാസങ്ങള്‍ക്കുമുമ്പ് അപ്രത്യക്ഷനായ മാനുവല്‍ റെണോക്കിനെ കാണാനും തിരിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാനുമാമായിരുന്നു സഹായിയെയും ഒപ്പം കൂട്ടിയുള്ള കുടുംബത്തിന്റെ ആ ആകാശയാത്ര.
മാനുവല്‍ റെണോക്കും ആ ചെറുവിമാനം നിലം തൊടുന്നതും കാത്തിരിക്കുകയായിരുന്നു. പ്രിയപ്പെട്ട ഭാര്യയും നാലു മക്കളും പറന്നെത്തുന്നതും കാത്ത്. എന്നാല്‍ ചരിത്രം മറ്റൊന്നായി. ലോകം ഇതിനുമുമ്പ് കേള്‍ക്കാത്ത ചരിത്രപ്പിറവി, അതിജീവനത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും ഇതിഹാസകഥയായി ലോകം വാഴ്ത്തിയേക്കാവന്ന ഒരു ആമസോണ്‍ റിയല്‍ സ്റ്റോറി.
2023 മെയ് 1
ആമസോണ്‍ മഴക്കാടിന്റെ പച്ചപ്പും മഞ്ഞും പുതഞ്ഞുകിടന്ന മേലാപ്പിലേക്ക് സെസ്‌ന 26 വിഭാഗത്തില്‍ പെടുന്ന ആ വിമാനം തകര്‍ന്നുവീണു. പച്ച മരത്തണലില്‍ ഭൂമിതൊട്ട ആ ഏഴുപേരില്‍ എത്ര പേരുടെ ഹൃദയങ്ങള്‍ സ്പന്ദിക്കുന്നുവെന്നറിയാന്‍ കഴിയാതെ കടന്നുപോയത് 15 ദിവസങ്ങളാണ്.
മെയ് 15
തകര്‍ന്നുകിടക്കുന്ന വിമാനം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്നു. സമീപം മുതിര്‍ന്ന മൂന്നുപേരുടെ മൃതദേഹങ്ങള്‍. അതില്‍ ഒരാള്‍ നാലു കുരുന്നുകളുടെയും മാതാവ് മദ്ഗലീന മക്കറ്റൈ (33), മറ്റുള്ളവര്‍ ഗോത്ര നേതാവ് ഹെര്‍മന്‍ മെന്‍ഡോസ, പൈലറ്റ് ഫെര്‍ണാണ്ടോ മര്‍സിയ മൊറാലിസ്.
4 കുഞ്ഞുസഹോദരങ്ങള്‍ എവിടെ?
പിന്നെ ലോകം തേടിയത് ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. എവിടെയാണ് 11 മാസം പ്രായമായ ക്രിസ്റ്റ്യന്‍ നെരിമാന്‍. അവന്റെ ചേച്ചിമാരായ ലെസ്ലി ജെക്കോബ (13), സൊലെയ്‌നി (9), നോറിയെല്‍ എന്നിവര്‍? കൊളംബിയന്‍ സൈന്യം ആമസോണ്‍ കാടുകള്‍ അരിച്ചുപൊറുക്കി. കാടിന്റ താളവും സൂക്ഷ്മ ചലനങ്ങളും അറിയുന്ന ഗോത്രവര്‍ഗക്കാര്‍ ഒപ്പം ചേര്‍ന്നു.
മെയ് 17
'നാലു കുട്ടികളും രക്ഷപ്പെട്ടു' കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ട്വീറ്റ് ചെയ്തു. കൊളംബിയ എന്ന കൊച്ചു രാജ്യം ഇതിനു മുമ്പൊന്നും ഒറ്റവരി ട്വീറ്റില്‍ ഇത്ര സന്തോഷിച്ചിട്ടുണ്ടാവില്ല. ലോകവും പങ്കുചേര്‍ന്നു ആ സന്തോഷത്തില്‍.
എന്നാല്‍ ലോകം അത്രമേല്‍ സന്തോഷിച്ച ആ ട്വീറ്റ് 24 മണിക്കൂറിനകം പ്രസിഡന്റ് തിരുത്തി. 'ക്ഷമിക്കുക, സ്ഥിരീകരിക്കാനായിട്ടില്ല, പഴയ ട്വീറ്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു'.
ആമസോണ്‍ കാട്ടില്‍ സംഭവിച്ചത്
പ്രസിഡന്റ് ഗുസ്താവോ പെട്രോ തന്റെ ട്വീറ്റ് തിരുത്തിയെങ്കിലും സൈന്യം തിരിച്ചറിഞ്ഞിരുന്നു, ആ കൊച്ചു കാല്‍പ്പാടുകള്‍. ആമസോണ്‍ വനത്തിന്റെ മണ്ണില്‍ പതിഞ്ഞിരിക്കുന്നു മൂന്നു കുട്ടികളുടെ കാൽപ്പാടുകള്‍. ദിക്കും ദിശയുമേതന്നറിയാതെ പറിച്ചു നടപ്പെട്ടതുപോലെ വന്‍ മരച്ചോട്ടിലും ചെറു അരുവിക്കരയിലും ആഴത്തില്‍ പതിയാത്ത കാൽപ്പാടുകള്‍. എല്ലാവരും അടുത്തെവിടെയോ ഉണ്ട്. രക്ഷാസംഘം ഉറപ്പിച്ചു, കൊച്ചു ക്രിസ്റ്റ്യന്‍ നെരിമാന്‍ തീര്‍ച്ചയായും ഉണ്ടാവും, ലെസ്ലിയുടെ ചുമലുകളില്‍.
ജൂണ്‍ 9
'കുട്ടികളെ ഞങ്ങള്‍ കണ്ടെത്തി, അവര്‍ ക്ഷീണിതരാണ്, പക്ഷേ അത്ഭുതം! അവര്‍ ജീവനോടെയുണ്ട്. നിര്‍ജലീകരണത്തിന്റെ അവശതയുണ്ട് , ചെറുപ്രാണികള്‍ കടിച്ച മുറിവുകളേ കാണാനുള്ളൂ'. കൊളംബിയന്‍ സൈന്യം റേഡിയോയിലൂടെ ഈ വാര്‍ത്ത അറിയിച്ചപ്പോള്‍ ലോകം കൈക്കൂപ്പി. 40 ദിവസത്തിനുശേഷം ദുരന്ത സ്ഥലത്തുനിന്ന് 5 കിലോമീറ്റര്‍ അകലെയായിരുന്നു കാടു കാത്ത ആ കണ്‍മണികളെ കണ്ടെത്തിയത്.
40 ദിവസം എങ്ങനെ കാട്ടില്‍?
കപ്പപ്പൊടിയും കാട്ടുപഴങ്ങളും ഭക്ഷിച്ചായിരുന്നു 40 നാള്‍ ആ നാല് കുരുന്നുകളും ആമസോണ്‍ വനത്തില്‍ കഴിഞ്ഞത്. 13 കാരിയായ ലെസ്ലിക്ക് കാടിനെക്കുറിച്ച് അറിയാമായിരുന്നു. തകര്‍ന്ന വിമാനത്തില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ കപ്പപ്പൊടി കുട്ടികള്‍ എടുത്തിരുന്നു. ഏതെല്ലാം പഴങ്ങള്‍ കഴിക്കാമെന്നുള്ള ധാരണയുണ്ടായിരുന്നു ലെസ്ലിക്ക്. ചെറുവീടൊരുക്കി കുട്ടികള്‍ക്ക് സംരക്ഷണം നല്‍കി. അതിനിടെ കൊച്ചു ക്രിസ്റ്റ്യന്റ ഒന്നാം പിറന്നാളും കടന്നുപോയി.
സൈന്യം കണ്ടെത്തുമ്പോള്‍ കുട്ടികള്‍ക്ക് രൂപമാറ്റം സംഭവിച്ച് തുടങ്ങിയിരുന്നു.
ആമസോണ്‍ കാടുകള്‍
അമേരിക്കയിലെ എട്ടു രാജ്യങ്ങളും ഫ്രാന്‍സിന്റെ കീഴിലുള്ള ഫ്രഞ്ച് ഗയാനയിലുമായി വ്യാപിച്ചുകിടക്കുന്ന 67 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ആമസോണ്‍ മഴക്കാടുകള്‍ക്ക്. ഇത് ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ ഇരട്ടി വരും. 30 ലക്ഷം ജീവജാലങ്ങള്‍, 39,000 കോടി മരങ്ങള്‍. വനത്തിനോട് ചേര്‍ന്നും വനത്തിനുള്ളിലുമായി ജീവിക്കുന്ന 350 ഓളം ഗോത്ര വിഭാഗത്തില്‍ പെട്ടവരാണ് ആമസോണ്‍ കാട്ടിലെ മനുഷ്യര്‍.
വിശ്വസിച്ചാലും, കാട്ടില്‍ വളര്‍ന്ന
കുരുന്നുകളുണ്ട്
2017 ഏപ്രില്‍. ഉത്തര്‍പ്രദേശിലെ കട്ടാര്‍നിയഗട്ട് വന്യജീവി സങ്കേതത്തില്‍ കുരങ്ങുകള്‍ക്കൊപ്പം കണ്ടെത്തിയ 'പെണ്‍മൗഗ്ലി' വാര്‍ത്തകളിലെ താരമായിരുന്നു. പതിവ് പട്രോളിങ്ങിനിടെ വനംവകുപ്പ് ജീവനക്കാരാണ് കുരങ്ങുകള്‍ക്കൊപ്പം 'കഴിഞ്ഞിരുന്ന' ഈ കുട്ടിയെ കണ്ടെത്തിയത്. മൃഗങ്ങളെപ്പോലെയാണ് ഈ കുട്ടി കഴിഞ്ഞിരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതരും സ്ഥിരീകരിച്ചതോടെ കുരങ്ങുകള്‍ എടുത്തുവളര്‍ത്തിയ പെണ്‍മൗഗ്ലിയായി ഈ കുട്ടിയെ ലോകം വാഴ്ത്തി. എന്നാല്‍ അധികം വൈകാതെ 'പെണ്‍മൗഗ്ലിയുടെ കഥയില്‍ ചില വഴിത്തിരുവുകളുണ്ടായി. ഉത്തര്‍പ്രദേശിലെ കമലാപൂര്‍ ഗ്രാമത്തില്‍നിന്ന് കാണാതായതാണ് ഈ കുട്ടി. കുട്ടിയെ കണ്ടെത്തിയ ബഹ്‌റെയ്ക്ക് ഉള്‍ക്കാട്ടില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെയാണ് അവളുടെ ഗ്രാമം. ഇവള്‍ എങ്ങനെ കൊടും കാട്ടിലെത്തി എന്നായി പൊലിസിന്റയും മാധ്യമങ്ങളുടെയും അന്വേഷണം. എങ്കിലും ഒരു ചോദ്യം ബാക്കിയാകുന്നു. കൊടുംകാട്ടില്‍ വന്യജീവികള്‍ താലോലിച്ചു വളര്‍ത്തിയ മനുഷ്യക്കുട്ടികള്‍ ഉണ്ടോ? ഉണ്ടെന്ന് ഇതു സംബന്ധിച്ചുള്ള ചില പഠനങ്ങളില്‍ പറയുന്നുണ്ട്.
മാതാപിതാക്കളോടു വഴക്കിട്ട് കൊടുംകാട്ടിലേക്ക് ഓടിപ്പോയതോ, കളിച്ചുകൊണ്ടിരിക്കെ കാട്ടില്‍ അകപ്പെട്ട് ദിവസങ്ങളോളം കാട്ടില്‍ കഴിയേണ്ടി വന്നവരോ അല്ല ഇവര്‍. വന്യമൃഗങ്ങള്‍ക്കൊപ്പം കാട്ടില്‍ വര്‍ഷങ്ങളോളം ജീവിച്ച മനുഷ്യക്കുട്ടികളാണ്.
റുസ്വാര്‍ഡ് കിപ്ലിങിന്റെ ജംഗിള്‍ ബുക്ക് എന്ന കഥാശ്രേണിയിലെ സാങ്കല്‍പ്പിക കഥാപാത്രമായ മൗഗ്ലിയെ പോലെ വര്‍ഷങ്ങളോളം മൃഗങ്ങളുടെ സുരക്ഷിതത്വവും സാന്ത്വനവും ലഭിച്ച് കാട്ടില്‍ താമസിച്ചവരുണ്ട്. ഇത്തരം കുട്ടികളെക്കുറിച്ച് പഠനം നടത്തിയ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജൂലിയ ബാറ്റണ്‍ മൃഗതുല്യരായി ജീവിച്ച കുട്ടികളെക്കുറിച്ച് പറയുന്നുണ്ട്.
1972ല്‍ ഇന്ത്യയിലെ ഒരു കൊടുംകാട്ടില്‍ നിന്ന് കണ്ടെത്തിയ ഷാംധിയോ എന്ന നാലുവയസുകാരനെക്കുറിച്ച് ജൂലിയ ബാറ്റണ്‍ തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ചെന്നായകൂട്ടത്തിനൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. കൂര്‍ത്തപല്ലുകളുണ്ടായിരുന്ന കുട്ടിക്ക് കോഴിയുടെ രക്തം കുടിക്കുന്നതായിരുന്നുവത്രെ ഇഷ്ടം. കാട്ടില്‍നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ച ഈ കുട്ടി 1985 ലാണ് മരിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.
കൊളംബിയയില്‍നിന്ന് കാണാതായ മറീന ചാപ് മാന്‍ എന്ന അഞ്ചു വയസുകാരി അഞ്ചു വര്‍ഷം കുരങ്ങുകളുടെ കൂടെ കാട്ടില്‍ കഴിഞ്ഞുവെന്നും പറയുന്നു. നാലുകാലിലായിരുന്നു കുട്ടിയുടെ നടത്തം. മരപ്പൊത്തിലായിരുന്നു ഉറക്കം. 1959ലാണ് വേട്ടക്കാര്‍ ഈ കുട്ടിയെ കണ്ടെത്തിയതെന്നും ജൂലിയ ബാറ്റണ്‍ പറയുന്നു. 1991ല്‍ ഉക്രൈനില്‍ ചെന്നായകളുടെ ഒപ്പം കണ്ടെത്തിയ ഓക്‌സാന മലായ എന്ന എട്ടുവയസുകാരി ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് അകന്നു ജീവിച്ച 15 ബാല്യ ജീവിതങ്ങളെക്കുറിച്ച് ജൂലിയ ബാറ്റണ്‍ 'ഫെറല്‍ ദി ചില്‍ഡ്രന്‍സ് റെയ്‌സ്ഡ് ബൈ വൂല്‍വ്‌സ്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."