ഇന്ത്യയില്‍ ഇനി കിയ കാര്‍ണിവല്‍ വാങ്ങാനാകില്ല; വില്‍പന അവസാനിപ്പിച്ച് കമ്പനി
ഇന്ത്യയില്‍ ഇനി കിയ കാര്‍ണിവല്‍ വാങ്ങാനാകില്ല; വില്‍പന അവസാനിപ്പിച്ച് കമ്പനി
കൊറിയന്‍ കാര്‍ നിര്‍മ്മാതാവായ കിയ ഇന്ത്യയില്‍ കാര്‍ണിവല്ലിന്റെ വില്‍പന അവസാനിപ്പിച്ചു. കാര്‍ണിവല്‍ മോഡലിനെ വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കുകയും രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുകയും ചെയ്തു. പുതിയ തലമുറ മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കാര്‍ണിവല്‍ എംപിവി (മള്‍ട്ടി പര്‍പസ് വെഹിക്കിള്‍)പിന്‍വലിക്കുന്നത്. ഇന്ത്യയില്‍ കിയയുടെ വരവ് അറിയിച്ച മോഡലായിരുന്നു കാര്‍ണിവല്‍. 2020 ഫെബ്രുവരിയിലെ ഓട്ടോ എക്‌സ്‌പോയിലാണ് മൂന്നാം തലമുറ കിയ കാര്‍ണിവല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
കാര്‍ണിവല്‍ നിര്‍ത്തലാക്കിയത് ചിലര്‍ക്ക് നിരാശയുണ്ടാക്കുമെങ്കിലും, ബ്രാന്‍ഡിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള പോര്‍ട്ട്‌ഫോളിയോയുമായി യോജിപ്പിക്കുന്ന പുതിയ തലമുറ മോഡലുകള്‍ അവതരിപ്പിക്കുന്നതിലാണ് കിയയുടെ ശ്രദ്ധ. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള പ്രീമിയം എംപിവി ഓഫര്‍ നിരവധി സവിശേഷതകളും സാങ്കേതികവിദ്യയും കാര്‍ണിവലില്‍ സംഗമിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇത് വളരെ ആകര്‍ഷകമായ ഓഫറായി മാറി, വന്‍ വില്‍പനയാണ് ഉണ്ടായത്. വര്‍ഷങ്ങളായി ടൊയോട്ട ഇന്നോവയെന്ന ഒരേയൊരു രാജാവ് അടക്കിവാണിരുന്ന എം.പി.വി (മള്‍ട്ടി പര്‍പസ് വെഹിക്കിള്‍) ശ്രേണിയിയെ വിറപ്പിച്ചാണ് കാര്‍ണിവല്‍ എന്ന എതിരാളിയുമായി കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ എത്തിയത്.
2020 ഫെബ്രുവരിയിലാണ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ വാഹനമായ കാര്‍ണിവല്‍ കമ്പനി വിപണിയിലെത്തിച്ചത്.ഏഴ്, എട്ട്, ഒമ്പത് എന്നിങ്ങനെ മൂന്ന് സീറ്റിങ് ഓപ്ഷനുകളിലാണ് വാഹനം വിപണിയിലുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ സി.ആര്‍.ഡി.ഐ ടര്‍ബോ ഡീസല്‍ എഞ്ചിന്‍, 440 എന്‍.എം ടോര്‍ക്കും 200 എച്ച്.പി കരുത്തും പകരുന്നു. വെളുപ്പ്, കറുപ്പ്, സില്‍വര്‍ നിറങ്ങളിലാണ് വാഹനം പുറത്തിറങ്ങിയത്. ആഡംബരവും സവിശേഷതകളുമാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ കാര്‍ണിവല്‍ പ്രിയങ്കമാവാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."